34 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തിരുവമ്പാടിയില്‍ ഇന്ന് സ്വര്‍ഗ്ഗവാതില്‍ ഏകാദശി, ഭക്തിസാന്ദ്രമായി പഞ്ചരത്‌ന കീര്‍ത്തനാലാപനം

തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടപദി. 6.45 മുതല്‍ ജ്ഞാനപ്പാന, നാരായണീയ പാരായണം, 8.30ന് അഞ്ചാനപ്പുറത്ത് ഉഷശീവേലി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. ഉച്ചയ്ക്ക് 1.30ന് ഓട്ടന്‍തുള്ളല്‍, വൈകീട്ട് 4ന് അക്ഷരശ്ലോകസദസ്സ്, അഞ്ച് ഭക്തിപ്രഭാഷണം, വൈകീട്ട് ആറിന് പഞ്ചവാദ്യം, ദീപാരാധന, വൈകീട്ട് ഏഴിന് തിരുവാതിരക്കളി, രാത്രി ഒന്‍പതിന് ഏകാദശി വിളക്കാചാരം, വിശേഷാല്‍ തായമ്പക തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം, 11.30ന് ഭഗവതിയുടെ കളംപാട്ട് എന്നിവ ഉണ്ടായിരിക്കും. പുലര്‍ച്ചെ പന്ത്രണ്ടിന് തൃപ്പുകയ്ക്ക് ശേഷം നടയടക്കും. ഏകാദശി സംഗീതോത്സവം ഇന്നലെ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സമാപിച്ചു. ചേപ്പാട് എ. ഇ വാമനന്‍ നമ്പൂതിരി, നീലാമ്പാള്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ വായ്പ്പാട്ടിലും സുധമാരാര്‍ വയലിനിലും, കെ എം എസ് മണി, സനോജ് പൂങ്ങാട്, നവീന്‍ മുല്ലമംഗലം തുടങ്ങിയവര്‍ മൃദംഗത്തിലും, വീണയില്‍ പത്മ എസ് തമ്പുരാനും നേതൃത്വം നല്‍കി. സംഗീത വിദ്യാര്‍ത്ഥികളും ആസ്വാദകരും ആലാപനത്തില്‍ ഒപ്പം ചേര്‍ന്നു.

 

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു; പൊതുദര്‍ശനം തിങ്കളാഴ്ച

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.30നായിരിക്കും സംസ്‌കാരം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി.
1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു ‘ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്’ സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.
കൗമാരത്തില്‍ത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചതിനെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു. സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി.

 

ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ മലയാളികള്‍ കുടിച്ചത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം:ഖത്തറില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം ആഘോഷിക്കാന്‍ മലയാളികള്‍ കുടിച്ചത് 50 കോടിയോളം രൂപയുടെ മദ്യം.ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് അനുസരിച്ച് ഫൈനല്‍ നടന്ന കഴിഞ്ഞ ഞായറാഴ്ച 49.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സാധാരണ ഞായറാഴ്ചകളില്‍ 30 കോടിയാണ് ശരാശരി വില്‍പന. ഞായറാഴ്ച 20 കോടിയോളം രൂപയുടെ അധിക മദ്യം വിറ്റു. ഒരു സാധാരണ ദിവസം ഇത്രയും തുകയ്ക്ക് മദ്യം വില്‍ക്കുന്നത് അപൂര്‍വമാണ്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബര്‍ 31 ദിവസങ്ങളിലാണ് റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്നത്.

ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളണമെന്ന് ചെന്നിത്തല

കോഴിക്കോട്:ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഉപഗ്രഹ സര്‍വേ അബദ്ധ പ്രഖ്യാപനമായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം.സീറോ ബഫര്‍ സോണിലേക്ക് നീങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വകുപ്പ് മന്ത്രിക്ക് പോലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ട് കുറ്റമറ്റതാണെന്ന് മന്ത്രിയും സമ്മതിച്ചിട്ടില്ല. ഉപഗ്രഹ സര്‍വേയാണോ നേരിട്ടുള്ള സര്‍വേയാണോ സുപ്രീം കോടതിയില്‍ സര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.യുഡിഎഫ് അന്നും ഇന്നും കര്‍ഷകര്‍ക്കൊപ്പം തന്നെയാണ്.റിപ്പോര്‍ട്ട് തള്ളിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് യുഡിഎഫ് കടക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് സി.കെ.ശ്രീധരന്‍ ഏറ്റെടുത്തത് പ്രതിഷേധാര്‍ഹമാണ്.പാര്‍ട്ടി മാറിയതിന്റെ പേരില്‍ പെരിയ കൊലപാതകികളെ രക്ഷിക്കുന്നത് വഞ്ചനയാണെന്നും സി.കെ ശ്രീധരന്‍ വക്കാലത്തില്‍നിന്നു പിന്‍മാറണമെന്നു പഴയ സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.കോഴിക്കോട് ഡിസിസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍,കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്,എന്‍.സുബ്രമണ്യന്‍,അഡ്വ.ഐ.മൂസ,ആദം മുല്‍സി സംബന്ധിച്ചു.

 

ടിക്കറ്റ് നിരക്ക് വര്‍ദ്ധന: ബെന്നി ബഹനാന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി:ക്രിസ്മസ് -പുതുവത്സരം മുന്നില്‍കണ്ട് വിമാന കമ്പനികളും, ബസ് ഓപ്പറേറ്റര്‍മാരും ടിക്കറ്റ് നിരക്ക് കുത്തുന്ന വര്‍ധിപ്പിച്ചിരിക്കുന്നത് കാരണം നാടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളും, പുറമേ ജോലിചെയ്യുന്ന ആളുകളും.ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാനയാത്ര നിരക്ക് ഇരുപതിനായിരത്തിനും മുകളിലാണ്.
ഫെസ്റ്റിവല്‍ സീസണ്‍ ആയതുകൊണ്ട് തന്നെ ട്രെയിന്‍ ടിക്കറ്റുകളും ലഭിക്കാനില്ല.ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള ബസ് യാത്ര നിരക്ക് 6000 രൂപയോടടുത്തെത്തി.സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

 

നാളെ കുചേലദിനം: ഗുരുവായൂരിലും തിരുവമ്പാടിയിലും പ്രധാനം

തൃശൂര്‍: ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ(മുപ്പെട്ടു ബുധന്‍)നാളെ കുചേലദിനം ആചരിക്കുന്നു.സതീര്‍ഥ്യനായ കൃഷ്ണനെ കാണാന്‍ അവില്‍പ്പൊതിയുമായി കുചേലന്‍ എത്തിയെന്ന സങ്കല്‍പ്പത്തിലാണ് കുചേലദിനം.അതില്‍ നിന്നും അവില്‍ കഴിച്ചതോടെ കുചേലന്റെ ദാരിദ്ര്യം അകന്നുവത്രേ.ഇന്ന് ക്ഷേത്രങ്ങളില്‍ അവില്‍ നിവേദ്യം വിശേഷമാണ്.കുഴച്ച അവിലാണ് കുചേല ദിനത്തിലെ വിശേഷാല്‍ വഴിപാട്. അത് പ്രസാദമായി സ്വീകരരിച്ച് ഭക്ഷിക്കാം.അവില്‍നിവേദ്യം ഭക്തര്‍ക്ക് ശീട്ടാക്കുകയുമാകാം.തൃശൂരില്‍ തിരുവമ്പാടിയിലും ഗുരുവായൂരും വിശേഷമാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങളുടെ അവില്‍ നിവേദ്യം നടക്കും.രണ്ടരലക്ഷം രൂപയുടെ അവില്‍ വഴിപാട് ഇതിനകം ശീട്ടാക്കി ക്കഴിഞ്ഞു.3,32,640 രൂപയുടെ അവില്‍ നിവേദ്യം തയ്യാറാക്കാനാണ് ദേവസ്വം തീരുമാനം.ശീട്ടിന് മിനിമം 21 രൂപയാണ്.പരമാവധി 63 രൂപയുടെ ശീട്ടാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
നാളികേരം,ശര്‍ക്കര,നെയ്യ്,ചുക്ക്,ജീരകം എന്നിവയാല്‍ കുഴച്ച അവില്‍ പന്തീരടി പൂജയ്ക്കും അത്താഴപ്പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കും.ഇതിനുപുറമെ ഭക്തര്‍ കൊണ്ടുവരുന്ന അവില്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും.കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ രാവിലെ മുതല്‍ ആലപിക്കും.രാത്രി കുചേലവൃത്തം കഥകളിയും അരങ്ങേറും.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വഴിപാട് യൂണിറ്റ് ഒന്നിന് 100 രൂപയാണ് നിരക്ക്.

ഐഎസ്ആര്‍ഒ; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാം പിന്‍മാറി.ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഡിസംബര്‍ 22ന് പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു. പ്രത്യേക സിറ്റിങ് നടത്തി കേസ് കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ കേസ് വിളിച്ചപ്പോള്‍ ജഡ്ജി പിന്‍മാറുകയാണെന്നു അറിയിക്കുയായിരുന്നു.
ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡിജിപിയുമായ സിബി മാത്യുസ്, ഏഴാം പ്രതിയും മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍.ബി ശ്രീകുമാര്‍, 11-ാം പ്രതി പി.എസ് ജയപ്രകാശ്, 17-ാം പ്രതിയും മുന്‍ ഐ.ബി ഉദ്യോഗസ്ഥനുമായ വി കെ മൈനിക് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.

കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്?യുവിന്റെ കരുത്തനായ നേതാവായിരുന്നു പ്രതാപചന്ദ്രന്‍. തുടര്‍ന്ന് കെഎസ്?യു ജില്ലാ പ്രസിഡന്റായി. ഇതിനിടെ രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനത്തിനു പോയി. മടങ്ങിയെത്തിയ പ്രതാപചന്ദ്രന്‍ പിന്നീട് പാര്‍ട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു.തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ച് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി അറിയിച്ചു.

 

ടൈറ്റാനിയം തട്ടിപ്പ്: ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ ഓഫീസില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തി.കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഈ ഓഫീസ് മുറിയില്‍ എത്തിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ശശികുമാരന്‍ തമ്പി ഇന്റര്‍വ്യൂ ചെയ്തിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റകളും ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ഇത് പരിശോധിച്ച ശേഷമാണ് കൂടുതല്‍ പരിശോധനക്കായി അന്വേഷണ സംഘമെത്തിയത്. ശശികുമാരന്‍ തമ്പി അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്. അതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍ ഉണ്ടെന്നതിന് തെളിവുകളും പുറത്ത് വന്നു. അമരവിള എല്‍പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ ഷംനാദും ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍നിന്നും 12 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. പൂജപ്പുര പൊലീസ് കേസെടുത്തു.
അതേസമയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കസ്റ്റഡിയില്‍ വിട്ടത്. ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഗോളടിച്ച് മെസ്സിയും ഡി മരിയയും, ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ കളിപഠിപ്പിച്ച് അര്‍ജന്റീന

ദോഹ: കളിച്ചും കളിപ്പിച്ചും മെസ്സി… ഫൈനലിലെ തുറുപ്പുചീട്ടായി എയ്ഞ്ജല്‍ ഡി മരിയ… 2022 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. നായകന്‍ ലയണല്‍ മെസ്സിയും എയ്ഞ്ജല്‍ ഡി മരിയയുമാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി ഗോള്‍വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
21ാം മിനിറ്റില്‍ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പര്‍ താരം ലയണല്‍ മെസ്സി. 23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം ആര്‍ത്തുലച്ചു. മെസ്സിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയാണിത്.ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തില്‍ അമിതമായി ശ്രദ്ധചെലുത്താന്‍ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി.
ഇത്തവണ സൂപ്പര്‍താരം ഏയ്ഞ്ജല്‍ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലില്‍ ആദ്യ ഇലവനില്‍ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താന്‍ ഫൈനലുകളില്‍ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോള്‍വല തുളച്ചപ്പോള്‍ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.
മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാര്‍ക്കസ് തുറാം, റന്‍ഡല്‍ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനായി ഫ്രാന്‍സ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അര്‍ജന്റീന പ്രതിരോധം വിഫലമാക്കി.