ഹോം ബ്ലോഗ്

മിന്നല്‍ ഹര്‍ത്താല്‍: വയനാട്ടില്‍ 14 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുവഹകള്‍ കണ്ടുകെട്ടി

മാനന്തവാടി:ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎഫ് ഐ മുന്‍ നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വയനാട്ടില്‍ 14 പേരുടെ സ്വത്തുവഹകളാണ് കണ്ടുകെട്ടിയത്. ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ 5 കോടി രൂപയുടെ നാശനഷ്ടം പിഎഫ്ഐ നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം അളവ് ഉള്‍പ്പെടെ സ്ഥാപന ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയാരംഭിച്ചത്.
ജില്ലയില്‍ 14 പേരുടെ സ്ഥലങ്ങളാണ് അളന്ന് തിട്ടപ്പെടുത്തിയത്. എടവക വില്ലേജില്‍ 3ഉം, മാനന്തവാടി-2 വെള്ളമുണ്ട-1, പൊരുന്നനൂര്‍-2, അഞ്ചുകുന്ന്-2, നല്ലൂര്‍നാട്-1. മുട്ടില്‍സൗത്ത്-1, നെന്‍മെനി-1, കുപ്പാടിത്തറ-1 എന്നിവിടങ്ങളിലായിരുന്നു നടപടികള്‍. ജില്ലാ കലക്ടര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ലാന്റ് റവന്യു കമ്മീഷണര്‍ക്കും, ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും കൈമാറും. തുടര്‍ന്ന് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മാനന്തവാടിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എന്‍ സിന്ധു, വില്ലേജ് ഓഫിസര്‍ നൈനേഷ് ജോസഫ്,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് യു.കെ സരിത,വില്ലേജ് അസിസ്റ്റന്റ് എ.കെ രാജന്‍, തിരുനെല്ലി എസ്‌ഐ കെ.ജി ജോഷി,എഎസ്‌ഐ കെ മോഹന്‍ ദാസ് നേതൃത്വത്തിലായിരുന്നു നടപടികള്‍.

വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം ഒടുവില്‍ മക്കളെത്തി സംസ്‌കരിച്ചു.മക്കളെ കാണിക്കില്ലെന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷും കുടുംബവും പറഞ്ഞിരുന്നു.പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നായിരുന്നു ആദ്യമെടുത്ത നിലപാട്. കേണപേക്ഷിച്ചിട്ടും ഭര്‍ത്താവ് സന്തോഷിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞിരുന്നു.പിന്നീടവര്‍ പൊലീസിനു പരാതി നല്‍കിയതിനു പിന്നാലെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനമുണ്ടായത്.
ആശയുടെ മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചു.ഭര്‍തൃവീട്ടിലെ പീഡനംമൂലം ആശ വിഷക്കായ കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം, മൃതദേഹം കാണിച്ചശേഷം കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണയായത്.തുടര്‍ന്നാണ് കുട്ടികളെ എത്തിച്ചത്.മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങി.നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല.തുടര്‍ന്നാണ് ആശയുടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്തിയത്.
പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയെ, ഈ മാസം 12നാണ് ഭര്‍തൃഗൃഹത്തില്‍ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കള്‍.12 വര്‍ഷമായി സന്തോഷും ആശയും തമ്മില്‍ വിവാഹിതരായിട്ട്.

 

കേരളത്തിലേക്ക് പുതിയ അതിഥിയായി സെഡ്ജ് വാബ്ലെര്‍

തൃശൂര്‍:കേരളത്തില്‍നിന്ന് കണ്ടെത്തിയ പക്ഷികളിലേക്ക് ഒരു പക്ഷികൂടി.ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെര്‍ എന്ന പക്ഷിയെ കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് പ്രദേശമായ ഏഴോമില്‍നിന്നുമാണ് കണ്ടെത്തിയത്.പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും ഗവേഷകവിദ്യാര്‍ത്ഥിയായ സച്ചിന്‍ചന്ദ്രനുമാണ് പതിവു പക്ഷിനിരീക്ഷണത്തിനിടയില്‍ ഇതിനെ കണ്ടെത്തിയത്.
ഇടത്തരം വലിപ്പമുള്ള ഈ വാബ്ലെര്‍, വയലിലെ കുറ്റിച്ചെടികളും പുല്ലുകളും നിറഞ്ഞ നിലത്തോട് ചേര്‍ന്ന് ഇരതേടുന്നതിനിടയിലാണ് ശ്രദ്ധയില്‍പ്പെട്ടത്. സ്ട്രീക്കുകളുള്ള ബ്രൗണ്‍ പുറവും ചിറകും നിറമില്ലാത്ത മങ്ങിയ വയര്‍ഭാഗവും എടുത്തു നില്‍ക്കുന്ന വെള്ളകലര്‍ന്ന കണ്‍പുരികവും ഇരുണ്ട നെറ്റിത്തടവുമാണ് മറ്റുള്ള വാബ്ലേസില്‍നിന്നും വ്യത്യസ്ഥമായി തിരിച്ചറിയാന്‍ സഹായിക്കുന്നത്. പ്രകൃതി നിരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന ഇബേഡിലും ഐനാചുറലിസ്റ്റിലും ഇവ അപ്ലോഡ് ചെയ്തിട്ടുണ്ട്.
യൂറോപ്പിലും പടിഞ്ഞാറന്‍ മധ്യ ഏഷ്യയിലെ തണുപ്പുള്ള പ്രദേശങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. പ്രജനനത്തിനുശേഷമുള്ള ആഹാരം കഴിഞ്ഞാലുടന്‍ തന്നെ ഇവ ആഗസ്ത്, സെപ്തംബര്‍ മാസത്തോടെ തെക്കന്‍ യൂറോപ്പിലേക്കും തുടര്‍ന്ന് സഹാറ മരുഭൂമി കടന്ന് ഇവ ആഫ്രിക്കയിലേക്കും മഞ്ഞുകാലദേശാടകരായി സഞ്ചരിക്കുന്നു. സെഡ്ജ് വാബ്ലെര്‍ പ്രധാനമായും പ്രാണികളെയാണ് ഭക്ഷിക്കുന്നത്.
ഇന്ത്യയില്‍ ഇവയുടെ സാന്നിദ്ധ്യം ഒരു തവണയെ രേഖപ്പെടുത്തിയിട്ടുള്ളു. ആറുവര്‍ഷം നീണ്ടുനിന്ന സതാംപ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ലഡാക്ക് എക്സ്പെഡിഷനില്‍ ഒരുതവണ ഈ ഇനം പക്ഷിയെ വലയില്‍ കുടുങ്ങി കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് ദക്ഷിണ ഏഷ്യയിലെ ഫീല്‍ഡില്‍നിന്ന് നിരീക്ഷിക്കുന്ന ആദ്യ റിപ്പോര്‍ട്ടാണ് കണ്ണൂരിലെ ഏഴോമില്‍നിന്ന് രേഖപ്പെടുത്തിയത്.
സെഡ്ജ് എന്നാല്‍ സൈപ്പറേസിയെ കുടുംബത്തില്‍പ്പെടുന്ന പുല്‍വര്‍ഗ്ഗ ചെടികളോട് സാദൃശ്യമുള്ള ചെടികളാണ്.കൈപ്പാട് കൃഷിക്ക് പ്രസിദ്ധമായ ഏഴോമിലെ വയലുകള്‍ ദേശാടകരായെത്തുന്ന പക്ഷികള്‍ക്ക് പറുദീസയാണ്. പോട്ടപ്പുല്ലെന്നും മുത്തങ്ങയെന്നും വിളിക്കുന്ന സെഡ്ജ് എന്ന് തന്നെപറയാവുന്ന പുല്‍ക്കൂട്ടത്തിനിന്നാണ് ഈ വാബ്ലെറിനെ കണ്ടെത്തിയിറ്റിക്കുന്നത്.

 

5 ജി തട്ടിപ്പുമായി സൈബര്‍ കള്ളന്‍മാര്‍ വിലസുന്നു

തൃശൂര്‍: 5 ജി തട്ടിപ്പുമായി സൈബര്‍ കള്ളന്‍മാര്‍. 4ജിയില്‍ നിന്നും 5 ജിയിലേയ്ക്ക് അപ് ഗ്രേഡ് ചെയ്യാമെന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ പോലീസ്.ഫോണ്‍ ഹാക്ക് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈലിലേയ്ക്ക് ക്രിമിനലുകള്‍ കണക്ഷന്‍ 4ജിയില്‍ നിന്നും 5 ജിയിലേയ്ക്ക് മാറ്റാമെന്ന വാഗ്ദാനവുമായി ലിങ്ക് അയക്കുന്നത്.ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഒരു മാല്‍വെയറായി പ്രവര്‍ത്തിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ബാങ്ക് എക്കൌണ്ട്, വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയ സ്വകാര്യവും സുരക്ഷിതവുമായ എല്ലാ വിവരങ്ങളും സൈബര്‍ ക്രിമിനലുകളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടേക്കാം. ഇതുപയോഗിച്ച് നിങ്ങളെ അപമാനിക്കുക മാത്രമല്ല, ഭീഷണിപ്പെടുത്തി, പണം ആവശ്യപ്പെടുകയും ചെയ്യും. ചില അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കി, ടെലികോം കമ്പനിയില്‍ നിന്ന് എന്ന വ്യാജേന അവര്‍ നിങ്ങളെ വിളിക്കുകയും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്‌തേക്കാം ഇതിനെതിരെ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സിറ്റി പോലീസ് സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്
5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം എന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങളോടും, ഫോണ്‍ കോളുകളോടും വളരെ സൂക്ഷിച്ചു മാത്രം പ്രതികരിക്കുക. കഴിയുമെങ്കില്‍ നിങ്ങളുടെ ടെലികോം ഓപ്പറേറ്ററുടെ അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ നേരിട്ടുചെന്ന് സേവനം ആവശ്യപ്പെടുക. അനാവശ്യ ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യരുത്. വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുക.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സി.വി.വി, ഓ.ടി.പി., ബാങ്ക് എക്കൌണ്ട് തുടങ്ങിയവ ഒരു അവസരത്തിലും ആരുമായും പങ്കിടരുത്.
അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വിദൂര നിയന്ത്രണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതുവഴി നിങ്ങളുടെ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം സൈബര്‍ കള്ളന്‍മാരിലേക്ക് എത്തിച്ചേര്‍ന്നേക്കാം.
എളുപത്തില്‍ കണ്ടുപിടിക്കാവുന്നതും, കള്ളന്‍മാര്‍ക്ക് ഊഹിച്ചെടുക്കാവുന്നതുമായ പാസ് വേഡുകള്‍ മാറ്റുക. ടു ഫാക്ടര്‍ ഒതന്റിഫിക്കേഷനിലൂടെ നിങ്ങളുടെ എക്കൌണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക.

സിപിഐയുടെ വിവേകം സിപിഎമ്മിനുണ്ടാകുമോയെന്ന് വി.ടി.ബല്‍റാം

തൃശൂര്‍: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ വൈകി വന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സിപിഎമ്മിന്റെ നിഷേധാത്മക നിലപാട് തുടരുന്നത് സംഘ് പരിവാറിനെ സഹായിക്കാനാണെന്നും കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അധ്യക്ഷനായിരുന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമ’ങ്ങള്‍ നടത്തും. എഐസിസി നിര്‍ദ്ദേശിച്ച ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 20 വരെ ഭവന സന്ദര്‍ശനങ്ങളും, ലഘുലേഖാ വിതരണവും നടത്തും.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ഒരു മാസക്കാലത്ത് മണ്ഡലം തലത്തില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. കെപിസിസി പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനായുള്ള 138 ചാലഞ്ച് ജില്ലയില്‍ വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. മെയ് ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമര പരിപാടിയിലേക്ക് ജില്ലയില്‍ നിന്ന് 10,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലയില്‍ നടത്തും.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍,എ.എ ഷുക്കൂര്‍,അഡ്വ.അബ്ദുള്‍ മുത്തലീഫ്,സി.ചന്ദ്രന്‍,ദീപ്തി മേരി വര്‍ഗ്ഗീസ്,അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍,പത്മജ വേണുഗോപാല്‍,എം.പി വിന്‍സെന്റ്,ജോസഫ് ചാലിശ്ശേരി,കെ.കെ.കൊച്ചുമുഹമ്മദ്,സി.ഒ.ജേക്കബ്,ഐ.പി.പോള്‍,സുനില്‍ അന്തിക്കാട്,രാജേന്ദ്രന്‍ അരങ്ങത്ത്,കെ.ബി.ശശികുമാര്‍,സി.സി.ശ്രീകുമാര്‍,ജോണ്‍ ഡാനിയേല്‍,ഡോ.നിജി ജസ്റ്റിന്‍,സി.എസ് ശ്രീനിവാസന്‍,എ.പ്രസാദ് പ്രസംഗിച്ചു.

ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്സിനും മക്കള്‍ക്കും നാടിന്റെ യാത്രാമൊഴി

വൈക്കം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്സ് അഞ്ജു, മക്കളായ ജീവ, ജാന്‍വി എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.ഇന്നലെ രാവിലെ ഒന്‍പതോടെ എമറൈറ്റ് വിമാനത്തില്‍ നെടുമ്പാശേരി വിമാനതാവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ അഞ്ജുവിന്റെ പിതാവ് അശോകന്‍, സി.കെ ആശാ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി.തുടര്‍ന്ന് മൂന്ന് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ 10.30 ഓടെ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചു. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ കുടുംബവീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു പൊതുദര്‍ശനം.
അഞ്ജുവിനെയും മക്കളേയും അവസാനമൊരുനോക്കു കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ദിവസങ്ങളോളം ഇത്തിപ്പുഴയിലെ വീട്ടില്‍ കളിച്ചു നടന്ന സ്നേഹനിധികളായ പിഞ്ചോമനകളുടെയും പ്രിയപ്പെട്ട അഞ്ജുവിന്റേയും ചേതനയറ്റ ശരീരങ്ങള്‍ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ നാടിന്റെയാകെ ദു:ഖം അണപ്പൊട്ടി. മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിച്ച അഞ്ജുവിന്റെ സഹപ്രവര്‍ത്തകന്‍ മനോജ് മാത്യൂ, യു.കെ യിലെ മലയാളി സമാജം ഭാരവാഹിയായ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അഞ്ജുവിന്റെ അരികില്‍ ഇരു വശത്തുമായിട്ടാണ് പൊന്നോമനകള്‍ക്കും ചിതയൊരുക്കിയത്. അശോകന്റെ അനുജന്മാരുടെ മക്കളായ ഉണ്ണി, മനു, ശരത്ത്, സുമിത്ത്, ജിത്തു എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തിയത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഉച്ചയ്ക്ക് ഒന്നോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.
മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സി.കെ ആശ എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍,തൃതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
യു.കെ കെറ്ററിങ്ങില്‍ ഭര്‍ത്താവും മക്കളുമൊത്ത് താമസിച്ചിരുന്ന നഴ്സായ അഞ്ജുവിനേയും മക്കളേയും ഡിസംബര്‍ 15ന് രാത്രിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലവേലില്‍ സാജു (52) യുകെയില്‍ പൊലീസ് കസ്റ്റഡിയിലാണ്.

 

ലക്ഷ്യം സമഗ്രവികസനം, ചാലക്കുടിയ്ക്ക് ചിറക് വിരിയുന്നു

ചാലക്കുടി:നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ചിറക്.’ സ്വപ്‌ന പദ്ധതിക്ക് തുടക്കം.പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നാളെ രാവിലെ 10.30 ന് കൊരട്ടി എം.എ.എം.എച്ച്.എസ്. സ്‌കൂളില്‍ നടത്തും.സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘടാനം ചെയ്യും.ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ മുഖ്യഅതിഥിയാകും.
നിയോജകമണ്ഡലത്തിലെ വിദ്യഭ്യാസം,സ്ത്രീശാക്തീകരണം,യുവജനക്ഷേമം,കലാകായികം,ആരോഗ്യം,സാമൂഹിക സംസ്‌ക്കാരികം,തൊഴില്‍ സമഗ്രമേഖലകളിലുമുള്ള വികാസനോന്മുഖമായ ഇടപെടലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മ വി.സി.എ.എന്‍ യുടെ സഹായത്തോടെയാണ് പദ്ധതി.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക്ക് കരിയര്‍ വളര്‍ച്ച ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന ആദ്യ കര്‍മ്മ പരിപാടിയാണ് കരിയര്‍ സി.എ.പി
ഇന്ത്യലെ കേന്ദ്ര സര്‍വ്വകലാശാലകള്‍,മറ്റു പ്രധാന സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന നടപടികളെക്കുറിച്ചും,മെഡിക്കല്‍,എഞ്ചിനിയറിങ്ങ്,കോമേഴ്സ് ആന്റ് മാനേജ്മെന്റ്,ഹ്യൂമാനിറ്റീസ്,സയന്‍സ് തുടങ്ങിയ മേഖലകളിലെ വിദ്യഭ്യാസസാധ്യതകളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായകരമാകും.ചിറക് പദ്ധതിയിലെ സ്ത്രീശക്തീകരണ പരിപാടിയുടെ ഭാഗമായി നിറ്റാജലാറ്റിന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തുന്ന മെന്‍സ്ട്രുല്‍ കപ്പുകളുടെ വിതരണം ‘കപ്പ് ഓഫ് കെയര്‍’ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജില്‍ വച്ച് നടത്തുന്നു.ലാല്‍ജോസ് ഉദ്ഘാടനം ചെയ്യും.ചാലക്കുടി നിയോജകമണ്ഡലത്തില്‍ നാലായിരം മെന്‍സ്ട്രുല്‍ കപ്പുകള്‍ വിതരണം ചെയ്യും.

മകരജ്യോതി തൊഴുത് സ്വാമിമാര്‍, ജന്മസാഫല്യം; ശരണമന്ത്ര മുഖരിതമായി ശബരിമല

ശബരിമല: കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍ക്കു ജന്മസാഫല്യം. വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി കാതങ്ങള്‍ താണ്ടി അയ്യപ്പനെ കാണാന്‍ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളില്‍ ഒരേ സ്വരത്തില്‍ ഒറ്റപ്രാര്‍ഥന മാത്രം സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കര്‍പ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോള്‍, ശരണംവിളിയുടെ അലകളില്‍ ശബരിമല ഭക്തിയുടെ കൊടുമുടിയായി.
ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകള്‍ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണംവിളി അയ്യനുള്ള ആരതിയായി.
പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ തമ്പടിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പനു ചാര്‍ത്താന്‍ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തു തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.

റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസിടിച്ചു; വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം

ആലപ്പുഴ: കോമളപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടില്‍ സിയാദിന്റെ മകള്‍ ഷഫ്‌ന (15) ആണ് മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു ഷഫ്‌ന. സ്വകാര്യ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരിച്ചെന്നു പൊലീസ് പറഞ്ഞു.

കെ-റെയില്‍ പദ്ധതി സര്‍ക്കാര്‍ നീട്ടിവെച്ചുവെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍

കൊച്ചി: കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം നീട്ടിവച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ റെയില്‍വേയുടെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ വ്യക്തമാക്കിയതായി പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.
രാധാമോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ പതിനഞ്ച് അംഗ റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്ത തിരുവനന്തപുരം,മധുരൈ,രാമേശ്വരം എന്നിവിടങ്ങളിലെ യോഗത്തിലാണ് സില്‍വര്‍ലൈന്‍ സംബന്ധിച്ച് കൊടിക്കുന്നില്‍ ഉന്നയിച്ച ചോദ്യത്തിന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ മറുപടി നല്‍കിയത്.സ്റ്റേഷനുകള്‍ നവീകരിക്കുന്ന അമൃത് ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കും എന്നും അറിയിച്ചു.
തിരുവനന്തപുരം കാസറഗോഡ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് നിലവിലുള്ള ട്രാക്കിലൂടെ ഇന്നുള്ളതിലും കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കുവാനുള്ള പുതിയ ടെക്‌നോളജി നടപ്പിലാക്കാന്‍ സതേണ്‍ റെയില്‍വേ നടപടികള്‍ സ്വീകരിച്ചു എന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ചെങ്ങന്നൂര്‍ നിന്ന് പമ്പയിലേക്കുള്ള എലിവേറ്റഡ് റെയില്‍ പാതയുടെ നിര്‍മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍വേ നടത്താനുള്ള അനുമതി റെയില്‍വേ ബോര്‍ഡിന് ലഭിച്ചു
ഗുരുവായൂര്‍ തിരുനാവായ ലിങ്ക് റെയില്‍വേ ലൈന്‍ നിര്‍മാണവും,തലശ്ശേരി മൈസൂര്‍ നഞ്ചങ്കോട് റെയില്‍വേ ലൈന്‍ നിര്‍മാണത്തിലും മുന്‍ഗണന നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.പീക്ക് കോവിഡ് കാലത്ത് വെട്ടിക്കുറച്ച സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം,എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയി സ്ഥിരം ട്രെയിന്‍ ആയി ഓടിക്കണം എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.