36 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കട്ടപ്പനയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ ചത്ത നിലയില്‍

കട്ടപ്പന: നിര്‍മലാസിറ്റിക്കു സമീപം ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇടയത്തുംപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചിലരുടെ ഉദ്ദേശ്യം വേറെ; അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്: മുഖ്യമന്ത്രി

കണ്ണൂര്‍: ബഫര്‍സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് നല്ല ഉദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് അന്തിമ രേഖയല്ല, ഒഴിവായിപ്പോയ കാര്യം കണ്ടെത്തും.
വിദഗ്ധ സമിതി കുറ്റമറ്റ രീതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. എല്ലാവരുടെയും പങ്കാളിത്തത്തോടെ ആയിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക. ചിലരുടെ ഉദ്ദേശ്യം വേറെയാണെന്നും അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ താല്‍പര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
”ഓരോ പ്രദേശത്തെയും പ്രത്യേകത മനസ്സിലാക്കാന്‍ വിദഗ്ദ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആര്‍ക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങള്‍ പൂര്‍ണമായി കണ്ടെത്തും. ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാനാകണം.
കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികള്‍ നടന്നു വരികയാണ്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കും.” മുഖ്യമന്ത്രി പറഞ്ഞു.

 

ശബരിമലയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; കര്‍മപദ്ധതിയുമായി പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ പൊലീസിന്റെ പുതിയ കര്‍മപദ്ധതി പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കും. നടപ്പന്തല്‍ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് 90,000ല്‍ കൂടാന്‍ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റില്‍ 60ല്‍ കുറയാന്‍ പാടില്ലനും കര്‍മപദ്ധതി പറയുന്നു. എന്നാല്‍ തിങ്കളാഴ്ച 1,00,000ന് മുകളില്‍ ആളുകളാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

 

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി: ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.ജെ.ജോസഫ്

തൃശൂര്‍: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരായി കര്‍ഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ പറഞ്ഞു.കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വ സംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരസംഭരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡണ്ട് സി.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ.ജോയ് എബ്രഹാം,അഡ്വ.തോമസ് ഉണ്ണിയാടന്‍,അഡ്വ.കെ.ഫ്രാന്‍സിസ്,അഡ്വ.ജോണി നെല്ലൂര്‍,എം.പി.പോളി,മിനി മോഹന്‍ദാസ്,ഡോ.ദിനേശ് കര്‍ത്താ,ഇടിച്ചന്‍ തരകന്‍,ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍,തോമസ് ആന്റണി,സി.ജെ വിന്‍സെന്റ്,ഡി.പത്മകുമാര്‍,കെ.വി കണ്ണന്‍,സി.ടി.പോള്‍,പ്രസാദ് പുലിക്കോട്ടില്‍ സംസാരിച്ചു.

ബഫര്‍സോണ്‍: സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേല; താല്‍പര്യം തിരിച്ചറിയണമെന്ന് സിപിഎം

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേലയെന്ന് സിപിഎം. ഉപഗ്രഹ സഹായത്തോടെ തയാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതില്‍ വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നു വ്യക്തമാക്കിയിട്ടും സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേലയുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പര്യം തിരിച്ചറിയണം. പരിസ്ഥിതിയും ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തില്‍ നിന്ന 3 കുട്ടികളുടെ ദേഹത്തേയ്ക്ക് പാഞ്ഞുകയറി

ന്യൂഡല്‍ഹി: നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഫുട്പാത്തിലൂടെ നടന്ന മൂന്നു കുട്ടികള്‍ക്ക് പരുക്ക്. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗിലെ ലീലാവതി സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പത്ത്, നാല്, ആറ് എന്നിങ്ങനെ വയസ്സുള്ള മൂന്നു കുട്ടികളുടെ ദേഹത്തേയ്ക്കാണ് കാര്‍ പാഞ്ഞുകയറിയത്. ആറു വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കാര്‍ ഡ്രൈവറായ പ്രതാപ് നഗര്‍ സ്വദേശി ഗജേന്ദറിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിയന്ത്രണം വിട്ടുവന്ന കാര്‍ ഫുട്പാത്തിലൂടെ കയറിയിറങ്ങി അവിടെ നിന്നിരുന്ന കുട്ടികളെ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടന്‍ തന്നെ സമീപത്തുനിന്നവര്‍ കുട്ടികളുടെ അടുത്തേയ്ക്ക് ഓടിയെത്തുന്നുണ്ട്. ചിലര്‍ കാറിനു സമീപമെത്തി ഡ്രൈവറെ മര്‍ദിക്കുന്നതും കാണാം.
നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ചിലര്‍ ആരോപിച്ചു. രോഷാകുലരായ നാട്ടുകാര്‍ കാര്‍ തല്ലിതകര്‍ത്തു.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യത്തിന് വില കൂട്ടി

തിരുവനന്തപുരം:മദ്യത്തിന്റെ വില്‍പന നികുതിയില്‍ നാലു ശതമാനം വര്‍ധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ സംസ്ഥാനത്ത് മദ്യ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്റെ വിവിധ ബ്രാന്റുകള്‍ക്ക് പലരീതിയിലാണ് വില വര്‍ധന. ടേണ്‍ ഓവര്‍ ടാക്‌സ് വേണ്ടെന്ന് വച്ചപ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില്‍പന നികുതി കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്. മദ്യത്തിന്റെ വില ജനുവരി ഒന്നു മുതല്‍ കൂട്ടുന്നതിനും ടേണ്‍ ഓവര്‍ നികുതി ഒഴിവാക്കുന്നതിനും നിയമ പ്രാബല്യം കിട്ടുന്നതിനാണ് ബില്‍ കൊണ്ടുവന്നത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്പിരിറ്റിനു വില വര്‍ധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു ഡിസ്റ്റിലറികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്പിരിറ്റ് വില ലിറ്ററിന് 55 രൂപയില്‍നിന്ന് 75 രൂപയ്ക്കു മുകളിലേക്ക് ഉയര്‍ന്നിരുന്നു. ചെറുകിട മദ്യ ഉല്‍പാദകരെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും മദ്യത്തിന്റെ വില കൂട്ടിയിരുന്നു. അന്ന് ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിച്ചത്. നേരത്തേ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴും മദ്യവില ഉയര്‍ന്നിരുന്നു

 

ട്രാംവേ മ്യൂസിയം; ഭൂമിയുടെ രേഖകള്‍ കൈമാറി

ചാലക്കുടി: ട്രാംവേ മ്യൂസിയം സജീകരിയ്ക്കുന്നതിനായി അനുമതി ലഭിച്ച ഭൂമി സംബന്ധമായ രേഖകള്‍ ചാലക്കുടി എം എല്‍ എ സനീഷ്‌കുമാര്‍ ജോസഫിന്റെ സാനിധ്യത്തില്‍ തഹസില്‍ദാര്‍ ഇ.എന്‍.രാജു പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍എഞ്ചിനിയര്‍ എസ്. ഭൂപേഷിന് കൈമാറി.
ഭൂമിസംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം സജ്ജീകരണം എത്രയും വേഗം ആരംഭിയ്ക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്.ചാലക്കുടി വില്ലേജില്‍ ഉള്‍പ്പെട്ട റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്പത് സെന്റ് സ്ഥലത്ത് പുരാവസ്തു വകുപ്പിന് ഉപയോഗാനുമതി നല്‍കി കൈമാറുവാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു.
ഒരു കോടി നാല്പത്തിരണ്ട് ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം സജ്ജീകരിയ്ക്കുന്നത്.ആദ്യഘട്ടത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരിയോടെ ആരംഭിയ്ക്കുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിര്‍ദിഷ്ട സ്ഥലം കൈമാറുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ തിരുവന്തപുരത്ത് ചേര്‍ന്ന റെവന്യൂ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പടെ എം എല്‍ എ വിഷയം അവതരിപ്പിച്ചിരുന്നു.നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് , വൈസ് ചെയര്‍പേഴ്സണ്‍ ആലിസ് ഷിബു, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീദേവി സി., സൂസമ്മ ആന്റണി,ബിന്ദു ശശികുമാര്‍,ശിവാനന്ദന്‍ എ.എസ്.ഗീത പി.എസ്. പങ്കെടുത്തു.

 

ബഫര്‍ സോണ്‍;ആശങ്ക പരിഹരിക്കാന്‍ സത്വര നടപടി വേണമെന്നു കെസിബിസി

കൊച്ചി: ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 23 വരെ നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസിബിസി നേരത്തെ ആവശ്യപ്പെട്ടിരുന്നതുപോലെ ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്. അവിടെയെല്ലാം ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്‌സിനേയും ചുമതലപ്പെടുത്തേണ്ടതുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ വസ്തുതാപരിശോധന പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നേരിട്ട് നടത്തുന്നതിനായി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി ഒരു അഞ്ചംഗ വിദഗ്ധ സമിതിയെയും സെപ്റ്റംബറില്‍ നിയോഗിച്ചു.ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ട് എത്തി വസ്തു പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്നു കരുതാനാവില്ല. അതിനാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയാറാക്കണമെന്നും കര്‍ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ആക്രണം, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തെത്തുടര്‍ന്നു ബ്ലേഡ് ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 2 പേര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.പ്രതി ആലപ്പുഴ ആറാട്ടുപുഴ തകിടിയില്‍ ഹരീഷ് കുമാറിനെ (36) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.പനമുക്ക് വിളക്കത്തറ അനില്‍ (40), ഒളരി അമ്പാടിക്കുളം ആറാട്ടുപുഴയില്‍ മുരളി (45) എന്നിവര്‍ക്കാണു മാരകമായി മുറിവേറ്റത്. ഹരീഷിനൊപ്പമുണ്ടായിരുന്ന നടത്തറ പോലൂക്കരയില്‍ നിതിനും (36) പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 2.15ന് ശക്തന്‍ സ്റ്റാന്‍ഡിലെ ശുചിമുറിക്കു സമീപത്തായിരുന്നു സംഭവം.അനില്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കെ മുരളി അടുത്തെത്തി തര്‍ക്കത്തിലേര്‍പ്പെട്ടു.ഹരീഷ് കുമാറും നിതിനും തര്‍ക്കം കണ്ട് ഇടപെടാനെത്തി.തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ ഹരീഷ് തന്റെ കൈവശമുണ്ടായിരുന്ന പേപ്പര്‍ കട്ടിങ് ബ്ലേഡ് ഉപയോഗിച്ചു മുരളിയെയും അനിലിനെയും ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.
നിതിനും മുറിവേറ്റു.പരുക്കേറ്റ മുരളിയെയും അനിലിനെയും ജനറല്‍ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹരീഷിനെയും നിതിനെയും ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.