26 C
Thrissur
വ്യാഴാഴ്‌ച, മെയ്‌ 16, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മത്സ്യത്തൊഴിലാളി മേഖലയില്‍ തിരിച്ചടിയെന്ന് സിഐടിയു സമ്മേളനത്തില്‍ വിമര്‍ശനം

കോഴിക്കോട്:കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ആഴക്കടല്‍ മത്സ്യബന്ധന കരാറും വിഴിഞ്ഞം തുറമുഖത്തെ സമരവും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘടനയ്ക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് സിഐടിയു 15ാമത് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സിഐടിയു ഭാരവാഹി കൂടിയായ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ ഇരുത്തിയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ആലപ്പുഴയില്‍ നിന്നുള്ള അംഗം വിമര്‍ശനം ഉന്നയിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് നിലനിന്ന സംശയങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറോ മുന്നണി സംവിധാനമോ മുന്‍കൈ എടുത്തില്ലെന്നും അംഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും.
മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ടാഗോര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്തു.ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പങ്കജാക്ഷന്‍ സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ഖജാന്‍ജി പി.നന്ദകുമാര്‍ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു.604 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ.ഹേമലത, വൈസ് പ്രസിഡന്റ് എ.കെ പത്മനാഭന്‍, സെക്രട്ടറി ആര്‍ കരുമലയന്‍ എന്നിവരും സംബന്ധിക്കുന്നു. സമ്മേളനം 19ന് സമാപിക്കും.

വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലെത്തിയ സംഭവം: കേസ് അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്:യോഗ്യതയില്ലാതെ പ്ലസ്ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന പരാതിയില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്.വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും നാലുദിവസം ക്ലാസില്‍ കയറിയത് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ മാനഹാനി ഭയന്നാണെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.അറ്റന്‍ഡന്‍സ് രജിസ്റ്ററും പ്രവേശനപ്പട്ടികയും പരിശോധിച്ചപ്പോഴാണ് അധ്യാപകര്‍ക്ക് ക്ലാസില്‍ ഒരാള്‍ അധികമുള്ള വിവരം മനസിലായത്.തുടര്‍ന്ന് കോളജ് അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.
നീറ്റ് പരീക്ഷ എഴുതിയതിനു ശേഷം ഗോവയിലേക്ക് ടൂര്‍ പോയിരുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.അവിടുന്നാണ് നീറ്റ് പരീക്ഷാഫലം പരിശോധിച്ചത്. ഫലം നോക്കിയപ്പോള്‍ ഉയര്‍ന്ന റാങ്കുണ്ടെന്നു കരുതുകയും അത് വീട്ടുകാരെയും മറ്റും വിളിച്ചറിയിക്കുകയുമുണ്ടായി.ഉടനെ നാട്ടില്‍ വിദ്യാര്‍ഥിനിയെ അനുമോദിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.എന്നാല്‍ പിന്നീടാണ് ഫലം പരിശോധിച്ചതില്‍ പിഴവുണ്ടായെന്നും തനിക്ക് പതിനായിരത്തില്‍ താഴെയാണ് റാങ്കെന്നും മനസ്സിലായതെന്ന് വിശദീകരിച്ചു.
തുടര്‍ന്ന് മാനഹാനി ഭയന്നാണ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ കയറി നാലുദിവസത്തോളം ക്ലാസില്‍ ഇരുന്ന് ഫോട്ടോ എടുത്ത് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മറ്റും അയച്ചതെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി.പെണ്‍കുട്ടി എത്തിപ്പെട്ട മാനസികാവസ്ഥയും അവരുടെ ക്ഷമാപണത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

എസ്.എന്‍.എ ഔഷധശാല നൂറാം വാര്‍ഷികാഘോഷ സമാപനവും ശതാബ്ദികെട്ടിടം തറക്കല്ലിടലും

തൃശൂര്‍:എസ്.എന്‍.എ ഔഷധശാലയുടെ നൂറാം വാര്‍ഷികാഘോഷം സമാപനസമ്മേളനവും ശതാബ്ദികെട്ടിടത്തിന്റെ തറക്കല്ലിടലും തൃശൂര്‍ എസ്.എന്‍.എ ഔഷധശാല അങ്കണത്തില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പിടിഎന്‍ വാസുദേവന്‍ മൂസ്സ് പത്രസമ്മേളനത്തില്‍ അറിയിച്ചു.16ന് ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ശതാബ്ദികെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിക്കും. 40000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള പാക്കിംഗ് യൂണിറ്റടക്കം ഉണ്ടായിരിക്കും മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.എയുടെ നൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം പി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിക്കും. 15ന് വൈകീട്ട് നാലിന് പൊതുജനാരോഗ്യ രംഗത്തെ ആയുര്‍വ്വേദം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച ഉദ്ഘാടനം ചെയ്യും. 17ന് തൃശൂരിന്റെ ആയുര്‍വ്വേദപ്പെരുമ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. 1920ല്‍ തൈക്കാട്ട് ഉണ്ണി മൂസ്സ് ആണ് എസ്.എന്‍.എ ഔഷധശാല സ്ഥാപിച്ചത്. കിഴക്കുംപാട്ടുകരയിലും അരിമ്പൂരിലുമായി രണ്ട് ഫാക്ടറികളാണ് ഔഷധശാലയ്ക്കുള്ളത്. 465 മരുന്നുകളാണ് ഉത്പാദിക്കുന്നത്. തൃശൂര്‍ കോട്ടപ്പുറത്ത് എന്‍ എ ബി എച്ച് അക്രഡിറ്റേഷനോടെ ആശുപത്രിയുംപ്രവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണാമൂര്‍ത്തി സംഗീതനൃത്തോത്സവം 18ന് ആരംഭിക്കും

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനം സംഘടിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതനൃത്തോത്സവം ഈ മാസം 18ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.2020ലെ നാദപുരസ്‌കാരം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയ്ക്കും 2021ലെ പുരസ്‌കാരം നഞ്ചിയമ്മയ്ക്കും 2022ലെ പുരസ്‌കാരം ശിവമണിക്കും സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് ഓരോ പുരസ്‌കാരവും. 50,000 രൂപയും ശില്പവും അടങ്ങുന്ന ദേവസ്ഥാനം നാട്യമയൂരി പുരസ്‌കാരം മേതില്‍ ദേവികയ്ക്ക് സമ്മാനിക്കും.
ടി.എസ് രാധാകൃഷ്ണനെ ആസ്ഥാന വിദ്വാന്‍ പദവി നല്‍കി ആദരിക്കും. 25ന് വൈകീട്ട് 6.30ന് ദേവസ്ഥാനം ഗരുഢസന്നിധിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.ചടങ്ങ് ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാര്‍ മുഖ്യാതിഥി ആയിരിക്കും. സംവിധായകന്‍ സത്യന്‍ അന്തിക്കാട് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ടി.എസ് രാധാകൃഷ്ണന്‍, അഡ്വ കെ.വി പ്രവീണ്‍, കെ.ജി ഹരിദാസ്, പൂര്‍ണ്ണത്രയേശ ജയപ്രകാശ ശര്‍മ്മ, കെ.ആര്‍ മധു എന്നിവര്‍ പങ്കെടുത്തു.

 

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ വകുപ്പുതല അന്വേഷണം പ്രഹസനമായി

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച ഗുരുതര അനാസ്ഥക്ക് പിന്നാലെ വകുപ്പ് തല അന്വേഷണത്തിലും തിരിമറി നടത്തി ആരോഗ്യവകുപ്പ്.പരാതിക്കാരിയായ ഹര്‍ഷിനയില്‍ നിന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.ഇതിനിടെ ശാരീരിക പ്രശ്നങ്ങള്‍ വന്നതോടെ പരാതിക്കാരിയായ ഹര്‍ഷിന കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
അന്വേഷണത്തില്‍ നടപടി ആകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും പോകില്ലെന്നും ആശുപത്രിയില്‍ തന്നെ സമരം ചെയ്യുമെന്നും ഹര്‍ഷിന അറിയിച്ചതോടെ അധികൃതര്‍ വെട്ടിലായി.തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ് ഇടപെട്ട് പുതിയ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെ യുവതി സമരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും വ്യക്തവരുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ഹര്‍ഷിനയെ അറിയിച്ചു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയതെങ്ങനെയെന്ന് കണ്ടെത്താനാണ് ആരോഗ്യമന്ത്രി ആദ്യം ഉന്നതതല സംഘത്തെ നിയോഗിച്ചത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറകറേറ്റ് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ട് മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതോടെയാണ് ഹര്‍ഷിന പ്രതിഷേധവുമായി രംഗത്തെത്തിയത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്.ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം മൂത്രസഞ്ചിയില്‍ തറച്ചു നില്‍ക്കുകയായിരുന്നു.അഞ്ച് വര്‍ഷത്തെ ദുരിതത്തിനൊടുവില്‍ സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.

 

മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത് ഭരണകക്ഷി സംഘടനകള്‍: വി.ഡി സതീശന്‍

തൃശൂര്‍: 23 വര്‍ഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘര്‍ഷത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പുറത്ത് നിന്നുള്ള ആരും കാമ്പസിലേക്ക് വരരുതെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിച്ച് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ കാമ്പസില്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മുന്‍ എസ്.എഫ്.ഐക്കാരായ മയക്ക് മരുന്ന് സംഘവുമായാണ് സംഘര്‍ഷം ഉണ്ടായതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് തന്നെ വാര്‍ത്താ ചാനലിനോട് പറഞ്ഞിട്ടുണ്ട്.
മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പുറത്താക്കിയതും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എസ്.യുക്കാരെ എസ്.എഫ്.ഐ ക്രൂരമായാണ് മര്‍ദ്ദിച്ചത്.
നേരത്തെ എസ്.എഫ്.ഐയില്‍ ഉണ്ടായിരുന്നവരുടെയും ഇപ്പോള്‍ ഉള്ളവരുടെയും ഒരു സംഘമാണ് മയക്ക് മരുന്ന് ഉപയോഗിക്കുന്നത്. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐ മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. തിരുവനന്തപുരത്ത് അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റും കൊച്ചിയില്‍ അറസ്റ്റിലായത് സിഐടിയു ഏരിയാ കമ്മിറ്റി അംഗവുമാണ്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്ന ആളാണ്. പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതുള്‍പ്പെടെ നാല്‍പ്പത്തി നാലോളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. അങ്ങനെയുള്ള ആളാണ് കേരളം മുഴുവന്‍ നടന്ന് കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഭരണകക്ഷി സംഘടനകളാണ് മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന സിപിഎം അഭിപ്രായം സ്വാഗതം ചെയ്യുന്നു: വി.ഡി.സതീശന്‍

തൃശൂര്‍: മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം സിപിഎം തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്നു പറഞ്ഞത് പിണറായി വിജയനാണ്. ഇപ്പോഴത്തെ തിരുത്ത ല്‍ അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെതുടര്‍ന്നാണോ എന്നു അറിയില്ല. യു.ഡി.എഫില്‍ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കില്‍ അതങ്ങ് വാങ്ങി വച്ചാല്‍ മതി. ആ പരിപ്പ് ഇവിടെ വേവില്ല.ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണ്.
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉള്‍പ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യു.ഡി.എഫിനുണ്ടായത്.
സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നതെന്നും അദ്ദേഹം തൃശ്ശൂര്‍ ഡി.സി.സിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരവ് കാണിക്കേണ്ടത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി; വി.ഡി.സതീശന്‍

തൃശൂര്‍: കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയുമായ സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരം കാണിക്കേണ്ടത് ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചുകൊണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ അസാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളത്.
ജില്ലയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലെ സ്‌നേഹസമ്പന്നനായ കാരണവായിരുന്നു.സഹകരണ ഖാദി മേഖലയിലെ അധിപനായി മാറാന്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു.ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും തന്റെതായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സി.എന്‍.ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സി.എന്‍ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.”സഹകരണ മേഖലയിലെ പ്രസക്തി- പ്രതിസന്ധി-പ്രതീക്ഷ” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറില്‍ എംവിആര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
തേറമ്പില്‍ രാമകൃഷ്ണന്‍,ടി.എന്‍ പ്രതാപന്‍ എംപി,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ്,ഒ.അബ്ദുറഹിമാന്‍കുട്ടി,ജോസഫ് ചാലിശ്ശേരി,അഡ്വ.ജോസഫ് ടാജറ്റ്,സുനില്‍ അന്തിക്കാട്,കെ.ബി ശശികുമാര്‍,ഐ.പി പോള്‍,സി.ഒ ജേക്കബ്,ഡോ.നിജി ജസ്റ്റിന്‍,പി.ഗോപാലന്‍,കെ.എഫ് ഡൊമിനിക്,ടി.കെ.പൊറിഞ്ചു,ടി.എം നാസര്‍,ടി.എം കൃഷ്ണന്‍,ജെയ്ജു സെബാസ്റ്റ്യന്‍,ജോമോന്‍ വലിയവീട്ടില്‍,സി.എ ഗോപപ്രതാപന്‍,സനോജ് കാട്ടൂക്കാരന്‍,ടി.വി ചന്ദ്രന്‍, ജെയ്‌സന്‍ പുളിയേലക്കല്‍ പ്രസംഗിച്ചു.
നേരെത്തെ സിഎന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിലും,ഡിസിസിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.സ്മൃതി മണ്ഡപത്തില്‍ സി.എന്റെ പത്‌നി തങ്കമണി ടീച്ചറാണ് അനുസ്മരണദീപം തെളിയിച്ചത്.

ഇരട്ടിവിളവിന് മാതൃകാ നിലങ്ങളൊരുങ്ങും: തൃശൂരില്‍ 1050 മാതൃക കൃഷിയിടങ്ങള്‍

തൃശൂര്‍: നൂറ് മേനിവിളവിന് മാതൃകാ നിലങ്ങള്‍ സജ്ജമാക്കാന്‍ കൃഷിവകുപ്പ്.കര്‍ഷകന്റെ വിയര്‍പ്പിന് ഇരട്ടി മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃകാ കൃഷിയിടങ്ങള്‍ ഒരുങ്ങുന്നത്. ജില്ലയിലെ 1050 കൃഷിസ്ഥലങ്ങളാണ് മാതൃകാ കൃഷിയിടമാക്കി വികസിപ്പിക്കുന്നത്.
കൃഷിയിടത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരു കൃഷിഭവന് കീഴില്‍ 10 മാതൃകാ കൃഷിയിടങ്ങളുണ്ടാകും. വിത്ത് സംഭരണം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് വിദഗ്‌ധോപദേശങ്ങളും സാങ്കേതിക സഹായവും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൃഷിഭവന് കീഴില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളുടെ സംഭരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. ഒരു പഞ്ചായത്തില്‍ ഒരു ഫാം സ്‌കൂള്‍ രൂപീകരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. പഞ്ചായത്തിലെ ഒരു കൃഷിയിടം കേന്ദ്രീകരിച്ച് മാസത്തില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് കൃഷിരീതികള്‍ സംബന്ധിച്ച് വിശകലനം നടത്തുകയാണ് ഫാം സ്‌കൂളിലൂടെ ഉദ്ദേശിക്കുന്നത്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കണം: ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പ്രോജക്റ്റിന്റെ രണ്ടാംഘട്ടത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.ആലുവ മുതല്‍ തൃപ്പൂണിത്തറ വരെയുള്ള ഒന്നാംഘട്ടത്തിന്റെയും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെയും വിശദപഠന റിപ്പോര്‍ട്ട് 2011 തന്നെ തത്വത്തില്‍ അംഗീകാരം ലഭിച്ചതാണ്.ഇതിലെ ഒന്നാംഘട്ട നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും ഫ്രഞ്ച് കമ്പനിയായ എഎഫ്ഡിയുടെയും പങ്കാളിത്തത്തോടെയായിരുന്നു പൂര്‍ത്തിയാക്കിയത്.ഫ്രഞ്ച് ഏജന്‍സിയായ എഎഫ്ഡി ഒന്നാം ഘട്ടത്തില്‍ 2170 കോടി രൂപ വായ്പ നല്‍കിയിരുന്നു.ഇതേ ഫ്രഞ്ച് ഏജന്‍സി എഎഫ്ഡി ഇപ്പോള്‍ വായ്പ നല്‍കുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.