29 C
Thrissur
തിങ്കളാഴ്‌ച, മെയ്‌ 6, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും തദ്ദേശീയമായി വികസിപ്പിച്ച കപ്പൽവേധ മിസൈലിന്റെ ആദ്യ പരീക്ഷണം ഒഡീഷ തീരത്ത് വിജയകരമായി നടത്തി

ന്യൂ ഡൽഹി: മെയ് 18, 2022 
 

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) ഇന്ത്യൻ നാവികസേനയും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കപ്പൽവേധ മിസൈലിന്റെ ആദ്യ പരീക്ഷണം ഒരു നാവിക ഹെലികോപ്റ്ററിൽ നിന്ന് 2022 മെയ് 18 ന് ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) നിന്ന് വിജയകരമായി നടത്തി. ദൗത്യം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റി. ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി വിക്ഷേപിച്ച ആദ്യത്തെ കപ്പൽവേധ മിസൈൽ സംവിധാനമാണിത്.

തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്റർ ലോഞ്ചർ ഉൾപ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകൾ മിസൈൽ വിക്ഷേപണത്തിനായി ഉപയോഗിച്ചു. അത്യാധുനിക നാവിഗേഷൻ സംവിധാനവും സംയോജിത ഏവിയോണിക്‌സും മിസൈൽ ഗൈഡൻസ് സംവിധാനത്തിൽ  ഉൾപ്പെടുന്നു. ഡിആർഡിഒയിലെയും ഇന്ത്യൻ നാവികസേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

പരീക്ഷണ വിക്ഷേപണം നടത്തിയ ഡിആർഡിഒയെയും ഇന്ത്യൻ നാവിക സേനയെയും ബന്ധപ്പെട്ട ടീമുകളെയും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

പ്രതിരോധ വകുപ്പിലെ പെൻഷൻകാർ 2022 മെയ് 25-നകം വാർഷിക തിരിച്ചറിയൽ പൂർത്തിയാക്കണം

ന്യൂ ഡൽഹി: മെയ് 18, 2022
 
പ്രതിമാസ പെൻഷന്റെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിന്,ഇനിയും വാർഷിക ഐഡന്റിഫിക്കേഷൻ/ലൈഫ് സർട്ടിഫിക്കേഷൻ പൂർത്തിയാക്കാത്ത പ്രതിരോധ വകുപ്പിലെ പെൻഷൻകാർ, 2022 മെയ് 25-നകം അത് പൂർത്തിയാക്കി സമർപ്പിക്കാൻ രാജ്യ രക്ഷ മന്ത്രാലയം ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.
 
2022 മെയ് 17 വരെ ലഭിച്ച ഡാറ്റ പരിശോധിച്ചപ്പോൾ, 2021 നവംബറോടെ സ്പർശ് സംവിധാനത്തിലേക്ക് മാറിയ 43,774 പെൻഷൻകാർ ഓൺലൈനായോ അവരുടെ ബാങ്കുകൾ വഴിയോ വാർഷിക ഐഡന്റിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു.
 
കൂടാതെ, പഴയ പെൻഷൻ സമ്പ്രദായത്തിൽ തുടരുന്ന പെൻഷൻകാരിൽ (2016-ന് മുമ്പ് വിരമിച്ചവർ) ഏകദേശം 1.2 ലക്ഷം  പേർ ലഭ്യമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വാർഷിക തിരിച്ചറിയൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് അറിയിക്കുന്നു.
 
വാർഷിക ഐഡന്റിഫിക്കേഷൻ/ലൈഫ് സർട്ടിഫിക്കേഷൻ ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ ചെയ്യാവുന്നതാണ്:
 
 1.      ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ ജീവൻ പ്രമാൺ ഓൺലൈൻ/ജീവൻ പ്രമാൺ ഫേസ് ആപ്പ് വഴി
 
 2.      വാർഷിക ഐഡന്റിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് പെൻഷൻകാർക്ക് പൊതു സേവന കേന്ദ്രങ്ങളും (CSC) സന്ദർശിക്കാവുന്നതാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള CSC ഇവിടെ കണ്ടെത്തുക: https://findmycsc.nic.in/
 
3.    പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റിന്റെ പുതുക്കലിനായി അടുത്തുള്ള DPDO- സന്ദർശിക്കാവുന്നതാണ്. പരമ്പരാഗതരീതിയിലുള്ള പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കേഷൻ അതത് ബാങ്കുകൾ വഴി അപ്ഡേറ്റ് ചെയ്യുന്നത് തുടരാം.
 
 വാർഷിക ഐഡന്റിഫിക്കേഷൻ/ലൈഫ് സർട്ടിഫിക്കേഷൻ പ്രക്രിയ പ്രതിമാസ പെൻഷന്റെ തുടർച്ചയായതും സമയബന്ധിതവുമായ വിതരണത്തിന്  നിയമപരമായ ആവശ്യകതയാണ്.  എന്നിരുന്നാലും,  വാർഷിക തിരിച്ചറിയൽ വിശദാംശങ്ങൾ മാസാവസാനത്തോടെ അതത് ബാങ്കുകൾക്ക് പരിശോധിക്കാൻ കഴിയാത്ത 58,275 പെൻഷൻകാർക്ക് (സ്പർശിലെ 4.47 ലക്ഷം മൈഗ്രേറ്റഡ് പെൻഷൻകാരിൽ) 2022 ഏപ്രിലിലെ പ്രതിമാസ പെൻഷൻ  പ്രത്യേക ഒറ്റത്തവണ എഴുതിത്തള്ളൽ വഴി നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് ഭാരതീയപുരാവസ്തു വകുപ്പ് കൊച്ചിയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കൊച്ചി, മെയ്‌ 18,2022

കൊച്ചിയിലെ മട്ടാഞ്ചേരി പാലസ് മ്യൂസിയത്തിൽ ഭാരതീയപുരാവസ്തു വകുപ്പ്  തൃശൂർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ  അന്തർദേശീയ  സംഗ്രഹാലയദിന ആഘോഷങ്ങൾ നടന്നു.പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരവും ‘ഇന്ത്യൻ മ്യൂസിയങ്ങളും സ്വാതന്ത്ര്യസമരവും’ എന്ന വിഷയം ആസ്പദമാക്കി ചിത്രപ്രദർശനവും സംഘടിപ്പിച്ചു. “മ്യൂസിയങ്ങളുടെ ശക്തി’ എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. 

 ശ്രീ.കെ.ജെ.ലൂക്ക്,ഡെപ്യൂട്ടി സുപ്പീരിന്റെണ്ടിങ്    ആർക്കിയോളോജിക്കൽ എഞ്ചിനീയർ, ഭാരതീയപുരാവസ്തുവകുപ്പ് അധ്യക്ഷനായ ചടങ്ങിൽ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ മുൻ ഡയറക്ടറും ഇന്ത്യൻ മ്യൂസിയത്തിന്റെ (കൊൽക്കത്ത) മുൻ ഡയറക്ടറുമായ ഡോ. ബി.വേണുഗോപാൽ  ഉദ്ഘാടനവും ‘മ്യൂസിയങ്ങളുടെ ശക്തി ‘എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണവും നടത്തി.

സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രം കേരള പൊലീസ് അക്കാദമിയിൽ

കേരള പൊലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെയും ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നേഴ്സറിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായും ജനോപകാരപ്രദമായും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതിയും; സമാധാന ബോധവും, സാങ്കേതിക മേന്മയിലെ ക്രൈം വളർച്ച; പരിഹാരം, ദുരന്ത നിവാരണത്തിലെ ശാസ്ത്രീയ ഇടപെടലുകൾ, രഹസ്യാന്വേഷണ പദ്ധതികളിലെ നേട്ടങ്ങൾ, ക്രൈം ഡാറ്റാ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫൊറൻസിക്, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പോലീംസിംങ് മുന്നേറ്റങ്ങൾ, ലഹരിവ്യാപനത്തിൽ പൊലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സോഷ്യൽ മീഡിയ ക്രൈം അവലോകനം എന്നിവയെല്ലാം ബന്ധപ്പെട്ട് ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും ഗവേഷണ കേന്ദ്രത്തിൽ സാധ്യമാകും. കേരളത്തിലും പുറത്തുമുള്ള സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവശേഖരണം, ഗവേഷണ സഹായം എന്നിവയും പൊലീസ് ഗവേഷണ കേന്ദ്രം ഒരുക്കും. ജനനന്മയ്ക്കും പൊലീസ് വികസനത്തിനുമുതകും വിധം ആധുനിക ടെക്നോളജിയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചെലവഴിച്ച് കോസ്റ്റ്ഫോർഡ് നേതൃത്വത്തിൽ പണി കഴിപ്പിച്ച 2000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ഗവേഷണ കേന്ദ്രം. ശാസ്ത്രീയ കായിക പരിശീലനത്തിന് കേരളപൊലീസ് അക്കാദമിയിൽ നൂതന സംവിധാനം ഒരുക്കുന്നതാണ് ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നേഴ്സറി . ഒരേ സമയത്ത് കൂടുതൽ പേരെ പരിശീലിപ്പിക്കാനും, കായികക്ഷമതാ ഗ്രാഫ് പടിപടിയായി ഉയർത്താനും കഴിയുന്ന പി.ടി.നേഴ്സറി സംവിധാനം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.

ഹിൽ ട്രാക്ക്, ബാറ്റിൽ റോപ്പ്, ബെൽ റണ്ണിംഗ്, ബോക്സ് ടൈപ്പ് പുൾ അപ്പ്, ചെയിൻ അപ്പ് ബാർ, ഹോപ്പ് അപ്പ് ക്രഞ്ചർ സ്റ്റാൻഡ്, സർക്യൂട്ട് ട്രെയിനിംഗ് ഏരിയ, ബോക്സ് ടൈപ്പ് ബീം ബാലൻസ്, ബോക്സ് ടൈപ്പ് വാൾ ബാർ, പുഷ് അപ്പ് ഏന്റ് സിറ്റ് അപ്പ് സ്റ്റാൻഡ്, സീരിസ് ഓഫ് പാരലൽ ബാർ, ഷട്ടിൽ റൺ സോൺ, റോപ്പ് ഗാലോസ് ബോക്സ് തുടങ്ങി പന്ത്രണ്ടിന ട്രെയിനിംഗ് സ്റ്റേഷനുകളാണ് പൊലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ളത്. ആത്മവിശ്വാസവും കരുത്തും പരിശീലനാർത്ഥികൾക്ക് പൊലീസ് പകരുന്ന ആധുനിക വിദ്യകൾ പരിശീലിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇവ.

ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി ഷൈക് ദർവേഫ് സാഹിബ്, ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ, അഡിഷ്ണൽ എഐജി ആർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ പൊലീസ് അക്കാദമിയിലെ തിങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിർമ്മാണ ചുമതല വഹിച്ച കോസ്റ്റ്ഫോർഡ് അസി.എൻജിനിയർ സ്കന്തകുമാറിന് ഉപഹാരം നൽകി ആദരിച്ചു. ഐ.ജി ട്രെയിനിംഗ് കെ പി ഫിലിപ്പ്, കേരള പൊലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടർമാരായ പി എ മുഹമ്മദ് ആരിഫ്, കെ കെ അജി, എൽ സോളമൻ, എസ് നജീബ് തുടങ്ങിയവർ പങ്കെടുത്തു.

യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി

 

വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂർ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യപനം സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

കേരളത്തിന്‍റെ പൂരനഗരിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്. പഠന നഗരമെന്ന നിലയില്‍ തൃശൂർ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതുഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുന്ന ആഗോള പദ്ധതിയിലേയ്ക്കാണ് തൃശൂരിനെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് ആസ്ഥാന മായ ഗ്ലോബല്‍ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ്(ജി.ഡി.സി.എ.) എന്ന അന്താരാഷ്ട്ര പ്രസ്ഥാനം ലോകത്താകെയുള്ള 20 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലേയ്ക്ക് ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകനഗരമാണ് തൃശൂര്‍. സ്ട്രീറ്റ്സ് ഫോര്‍ കിഡ്സ് ലീഡര്‍ഷിപ്പ് ആക്സിലറേറ്റര്‍ എന്ന പേരിലുള്ള പദ്ധതി തൃശൂര്‍ കോര്‍പ്പറേഷനും കിലയും തൃശൂര്‍ എൻജിനീയറിംഗ് കോളേജിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗും ചേര്‍ന്നാണ് നടപ്പാക്കുക. ഈ മാസം 25-ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പദ്ധതിരേഖയുടെ മികവു കണക്കാക്കി അന്താരാഷ്ട്ര സഹായധനവും ലഭിക്കും. ആഗോളതലത്തില്‍ ലഭിച്ച 90 അപേക്ഷകളില്‍ നിന്നാണ് തൃശൂര്‍ ഉള്‍പ്പെടെയുള്ള 20 നഗരങ്ങളെ തിരഞ്ഞെടുത്തത്.

കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗോള ലക്ഷ്യം നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. എട്ടുവയസ്സുവരെ ശരിയായ അനുഭവം ലഭിക്കുമ്പോള്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുങ്ങുമെന്നാണ് ശാസ്ത്രീയ സങ്കല്‍പ്പം. ഇതിനായി വീട്ടില്‍ നിന്നുമാത്രമല്ല, വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലുമൊക്കെ കുട്ടികള്‍ക്ക് പിന്തുണ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. കുട്ടിക്കാലത്തെ അനുഭവങ്ങളെ ശരിയായ ദിശയില്‍ വാര്‍ത്തെടുക്കാന്‍ പ്രാദേശികമായും അന്തരീക്ഷ മുണ്ടാക്കുക എന്നതാണ് ഈ പദ്ധതി നടപ്പിലാക്കുന്നതുവഴി കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. തേക്കിന്‍കാട് മൈതാനം പോലെ നഗരത്തിലെ രണ്ടോ മൂന്നോ പൊതുഇടങ്ങള്‍ പദ്ധതിയ്ക്കായി തിരഞ്ഞെടുക്കും. കളിക്കാന്‍ മാത്രമല്ല വിജ്ഞാനം, വ്യക്തിത്വ വികാസം, സര്‍ഗ്ഗശേഷി, യുക്തിബോധം, ശാരീരിക ക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ കൂടി കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന തരത്തില്‍ ഈ സ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, സുരക്ഷയുറപ്പാക്കാന്‍ റോഡുകളും തെരുവുകളും പുനര്‍രൂപകല്‍പന ചെയ്യുക എന്നിവ നടപ്പിലാക്കുമെന്നും ആഗോളഭൂപടത്തില്‍ തൃശൂർ ഇടംപിടിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മേയര്‍ എം.കെ.വര്‍ഗ്ഗീസ് പ്രഖ്യാപന ചടങ്ങില്‍ അറിയിച്ചു.

കുടുംബശ്രീയുടെ  കലാജാഥയ്ക്ക് സമാപനം

0

ഒരു ദിവസം 5 സ്ഥലങ്ങൾ; കുടുംബശ്രീയുടെ  കലാജാഥയ്ക്ക് സമാപനം

സംസ്ഥാന സർക്കാരിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ  പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരുമടക്കം 120ലധികം പേർ  പങ്കെടുത്തു.

മുല്ലശ്ശേരിയിൽ  പ്രസിഡൻ്റ്   ശ്രീദേവി ജയരാജൻ കലാജാഥ  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ,
സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ  നിരവധി പേർ കലാജാഥയുടെ ഭാഗമായി.
തൃശൂർ കോർപറേഷനിൽ എത്തിയ കലാജാഥയ്ക്ക്  കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നടത്തറയിൽ നിരവധി ആളുകൾ കലാജാഥയ്ക്ക് പ്രോത്സാഹനവുമായി എത്തി.  സമാപന സ്ഥലമായ  ഒല്ലൂരിലും രംഗശ്രീ  ടീമിൻ്റെ  നാടകവും നൃത്തവും  പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.

ജില്ലയില്‍ 20 സ്ഥലങ്ങളിലായി സംഘടിപ്പിച്ചു വന്ന കലാജാഥ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ത അവതരണം കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം 5 സ്ഥലങ്ങളിലായി കലാജാഥ സംഘടിപ്പിച്ചത്.

ലോക ഹൈപ്പർടെൻഷൻ ദിനാചരണം – ഐ എം എ തൃശ്ശൂർ

0

ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തോടനുബന്ധിച്ച് ഐ എം എ തൃശ്ശൂരിൻ്റെ നേതൃത്വത്തിൽ (17-05-2022) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് സൗജന്യ ബ്ലഡ് പ്രഷർ &   ബ്ലഡ് ഷുഗർ പരിശോധന നടത്തി. തൃശൂർ റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ശ്രീ. ശശി V V ഉദ്ഘാടനം ചെയ്തു. ഐ എം എ തൃശ്ശൂർ ശാഖ പ്രസിഡൻ്റ് ഡോ ജോയ് മഞ്ഞില, സെക്രട്ടറി ഡോ ജോസഫ് ജോർജ്, ട്രഷറർ ഡോ ബേബി തോമസ്, ഡോ ജെയിൻ ചിമ്മൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ 300 ഓളം പേർ പരിശോധന നടത്തി.

പുതിയ കോഴ്സുകളുമായി ആകാശ്+ബൈജൂസ്

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായ ആകാശ്+ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജണല്‍ എന്‍ജിനീയറിങ് കോലജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും (കീം) താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്സുകള്‍ അവതരിപ്പിച്ചു. ഇംഗ്ലീഷിലാണ് കോഴ്സുകള്‍. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ കോഴ്സുകള്‍ ആരംഭിക്കും.
സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിങ് തല്‍പരരായ വിദ്യാര്‍ത്ഥികളിലേക്ക് കൂടി എത്താനുള്ള ആകാശ്+ബൈജൂസ് കാഴ്ചപ്പാടിലാണ് പുതിയ കീം കോഴ്സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിഹാരം നല്‍കുന്നതാണ് കോഴ്സ്. പതിനൊന്നാം ക്ലാസുകാര്‍ക്കായി പ്രത്യേക ബാച്ചുകള്‍ ഉണ്ടാകും. ഇംഗ്ലീഷിലായിരിക്കും പഠിപ്പിക്കുക.
കേരളത്തിലെ 6000 അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പത്ത്, 12 ക്ലാസുകളിലായി ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2021ല്‍ 1,83,823 പേര്‍ കീമിന് ഇരുന്നു.
പുതിയ സംരംഭത്തിന്റെ ചില സവിശേഷതകള്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബാച്ച്,  കീം, ജെഇഇ സിലബസ് കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി തയ്യാറാക്കും, ഫിസിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ് കൂടി ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള പഠന സാമഗ്രികള്‍ നല്‍കും.  ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാ ടെസ്റ്റ് പേപ്പറുകളാല്‍ സജീവമായിരിക്കും വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനത്തോടെ പ്രാദേശികവും മുഖ്യാധാരാ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിടവ് കുറയുമെന്നും സംയോജിത കോഴ്സിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയും അവരെ കീമിനും ജെഇഇ മെയിന്‍സിനും അഡ്വാന്‍സിനുമായി ഒരുക്കുകയാണ് ലക്ഷ്യമെന്നും തങ്ങളുടെ പരിശീലനം നേടിയ നിലവാരമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഇതിനായി സഹായിക്കുമെന്നും ആകാശ്+ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

സംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറം ജില്ലയ്ക്ക്

0

 

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തില്‍ വിജയം മലപ്പുറം ജില്ലയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്. മത്സരത്തിൽ ടോസ് നേടിയ പാലക്കാട് ടീം മലപ്പുറം ജില്ലയെ ബാറ്റിങിനയച്ച് 37/6 എന്ന സ്കോറിൽ തളച്ചുവെങ്കിലും മലപ്പുറം ജില്ലയുടെ ബോളിങിൽ പാലക്കാട് ജില്ലയ്ക്ക് 7 ഓവറിൽ 38 റൺസ് എന്ന വിജയലക്ഷ്യം കാണാതെ 33 റൺസിൽ ഓൾ ഔട്ടായി ടൂർണ്ണമെന്റിൽ രണ്ടാം സ്ഥാനം നേടിയെടുക്കാനാണ് സാധിച്ചത്.

സംസ്ഥാന റെവന്യൂ കായികോത്സവം ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ മലപ്പുറം ടീം അംഗങ്ങൾക്കൊപ്പം എഡിഎം റെജി പി ജോസഫ്, തഹസിൽദാർ ജയശ്രീ ടി, സ്പോർട്സ് ഓഫീസർ സൈമൺ എം വി എന്നിവർ
സംസ്ഥാന റെവന്യൂ കായികോത്സവം ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ മലപ്പുറം ടീം അംഗങ്ങൾക്കൊപ്പം എഡിഎം റെജി പി ജോസഫ്, തഹസിൽദാർ ജയശ്രീ ടി, സ്പോർട്സ് ഓഫീസർ സൈമൺ എം വി എന്നിവർ

കൊല്ലം ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തിയ 14 ടീമുകളും ഒരു ഹെഡ് കോട്ടേഴ്‌സ് ടീമും അടങ്ങുന്ന 15 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ബിമല്‍ പി മഹേഷ്, സഞ്ജയ് ശ്രീകുമാര്‍, അഖില്‍ പി, അതുല്‍ ബാബു എന്നിവരാണ് നിയന്ത്രിച്ചത്. വിജയിച്ച ടീം അംഗങ്ങള്‍ക്കുള്ള സമ്മാനവിതരണം എഡിഎം റെജി പി ജോസഫ് നിര്‍വഹിച്ചു. തഹസില്‍ദാര്‍ ടി ജയശ്രീ, സ്‌പോര്‍ട്‌സ് ഓഫീസര്‍ സൈമണ്‍ എം വി എന്നിവര്‍ പങ്കെടുത്തു.

അവധിക്കാല ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു

0

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 10 നും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി അവധിക്കാല ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു.
പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും, പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. കായിക മേഖലയില്‍ കരുത്തുറ്റ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക പരിപാടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനും പഞ്ചായത്ത്തല ടീം രൂപീകരിക്കുന്നതിതിന്റെയും ഭാഗമായാണ് അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് തുടര്‍പരിശീലനം നല്‍കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് അക്കാദമി ആരംഭിക്കും.

പനങ്ങാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എ നൌഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എ അയൂബ്, സെക്രട്ടറി ഇന്‍ ചാര്‍ജ് എ രതി പഞ്ചായത്ത് അംഗങ്ങളായ ടി എസ് ശീതള്‍, സജിത പ്രദീപ്, പരിശീലകരായ റഷീദ് മാസ്‌ററര്‍, പി ആര്‍ സൈജു മാസ്റ്റര്‍, എം.ഇ.എസ് അസ്മാബികോളേജ് കായികാധ്യാപകന്‍ ബിന്ദില്‍ മാസ്റ്റര്‍, പനങ്ങാട് ഹൈസ്‌കൂള്‍ മാനേജര്‍ ലോലിത ടീച്ചര്‍, വെമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് കാട്ടകത്ത്, കെ ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.