തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വയറിളക്കം, വയറുവേദന, ചര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ അടത്തുളള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് ചികിത്സ തേടി എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളേജ് ഹോസ്റ്റലും മെസ്സുകളും സന്ദര്‍ശിക്കുകയും ലക്ഷണങ്ങള്‍ ഉളള വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയും രോഗവ്യാപനം തടയുവാനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രോഗ ലക്ഷണമുളള രണ്ട് വിദ്യാര്‍ത്ഥികളുടെ മലം പരിശോധിച്ചതില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് ഷിഗല്ല അണുബാധ സ്ഥിരീകരിച്ചു.
ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (Shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്.
മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലായാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെ- ന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതളളപ്പെടാം.
രണ്ട് മുതല്‍ ഏഴ്ദിവസം വരെ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.
څശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ چ
പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം, എന്നിവ ഉണ്ടായാല്‍
ഉടന്‍ വൈദ്യ സഹായം തേടണം.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തി ശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്ക്കരിക്കുക.
രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
ഭക്ഷണ പദാര്‍തഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ച ശല്യം ഒഴിവാക്കുക
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയും വെടിപ്പും ഉളളതായിരിക്കണം.
ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുളള കുട്ടികളെ മറ്റുളളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക.
വയറിളക്കമുളള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക.
കക്കൂസും കുളുമുറിയും അണുനശീകരണം നടത്തുക
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക
രോഗിയുമായി നേരിട്ടുളള സമ്പര്‍ക്കം ഒഴിവാക്കുക
പഴങ്ങളും, പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ ഒ.ആര്‍.എസ് ലായിനി, ഉപ്പിട്ട് കഞ്ഞിവെളളം കരിക്കിന്‍വെളളം എന്നിവ കഴിക്കുക
കുടവെളള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
ഷിഗല്ല പോലുളള വയറിളക്ക രോഗ ലക്ഷണങ്ങളോടു കൂടിയ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. അവരെ ഹോസ്റ്റലില്‍ തന്നെ ശുചിമുറികളോടു കൂടിയ മുറികളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനുവേണ്ടിയുളള മറ്റു കര്‍ശന നിര്‍ദ്ദേശങ്ങളും കോളേജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),
26.05.2022