27 C
Thrissur
തിങ്കളാഴ്‌ച, മെയ്‌ 6, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു

0

 

ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) തൃശൂര്‍ ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. റജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികള്‍, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിവുളളവര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതാത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താല്‍പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തൃശൂര്‍, അഴിക്കോട് ഫിഷറീസ് സ്റ്റേഷന്‍ കാര്യാലയത്തില്‍ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480-2996090

ആധുനിക സൗകര്യങ്ങളോടെ മികവിന്റെ പാതയില്‍ എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂള്‍

 

അടച്ചുപൂട്ടലില്‍ നിന്ന് കരകയറി എടക്കഴിയൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന എടക്കഴിയൂര്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം മെയ് 31ന് വൈകുന്നേരം 4 മണിക്ക് എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വ്വഹിക്കും.
125 വര്‍ഷത്തിലധികം ചരിത്ര പാരമ്പര്യമുള്ള എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂള്‍ ദേശീയപാതയ്ക്കരികില്‍ സ്വകാര്യഭൂമിയില്‍ ഓല ഷെഡിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഭൂവുടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ വിദ്യാലയം തകര്‍ച്ചയുടെ വക്കിലായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാലും പരിമിത പഠന സൗകര്യങ്ങളാലും വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞു.

2002ല്‍ അടച്ചുപൂട്ടല്‍ നേരിടുന്ന വിദ്യാലയങ്ങളുടെ പട്ടികയില്‍ എടക്കഴിയൂര്‍ സ്‌കൂളിനെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ എംഎല്‍എ, എംപി ഫണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവയുടെ സഹായത്തോടെ സ്വന്തമായി ഭൂമി കണ്ടെത്താനും ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. എന്നാല്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ”എല്ലാ വിദ്യാലയങ്ങളും മികവിലേയ്ക്ക്” എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ജി.എല്‍.പി. സ്‌കൂളിനെ നവീകരണത്തിനായി തിരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി 76,40,000 രൂപ വകയിരുത്തി.

54 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ വിദ്യാലയത്തിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തീകരിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, നിലവാരമുള്ള ശുചിമുറികള്‍, ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. ചാവക്കാട് സബ് ജില്ലയില്‍ എയര്‍കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയവും എടക്കഴിയൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂളാണ്.

മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ വിലയിരുത്തി കയ്പ്പമംഗലം മണ്ഡലത്തില്‍ യോഗം

 

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ് തടയിണ നിര്‍മ്മിക്കുക, ഹൈവേകളിലും പിഡബ്ല്യുഡി റോഡുകളിലും അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന
മരങ്ങള്‍, മരക്കൊമ്പുകള്‍ വെട്ടിമാറ്റുക, കുളങ്ങള്‍, തോടുകള്‍, കാനകള്‍ എന്നിവയുടെ ശുചീകരണം തുടങ്ങി പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.

മണ്ഡലത്തിലെ പഞ്ചായത്തുകളുടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സേവനം പ്രത്യേകമായി ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും ക്യാമ്പ് തുടങ്ങാനുമുള്ള സംവിധാനവും ഓരോ പഞ്ചായത്തുകളും ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്നും യോഗത്തില്‍ എംഎല്‍എ വ്യക്തമാക്കി. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍,
പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള ജാഗ്രതാ സമിതിയാണ് മണ്ഡലത്തില്‍ നിലവില്‍ ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ശക്തമായ മഴയിലും കാറ്റിലും കയ്പ്പമംഗലം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷി ഉള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ അറപ്പതോട് പൊട്ടിച്ചത്‌കൊണ്ട് തീരദേശത്തെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്.

യോഗത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, ബിന്ദു രാധാകൃഷ്ണന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ശോഭന രവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, എടത്തിരുത്തി വൈസ് പ്രസിഡന്റ് ദില്‍ഷ സുധീര്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ, പൊലീസ്, ഫയര്‍ഫോഴ്‌സ്, നാഷ്ണല്‍ഹൈവേ, പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

 

സംസ്ഥാന ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവര്‍ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മെയ് 23 മുതല്‍ 27 വരെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി നിരവധി ഗവേഷണങ്ങള്‍ നടത്തുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ വിവിധ ഗവേഷണ ലാബുകള്‍, സര്‍വ്വേ ഉപകരണങ്ങള്‍, റോഡ് സുരക്ഷാ സാമഗ്രികള്‍ എന്നിവയുടെ പ്രദര്‍ശനവും മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരവും ഓപ്പണ്‍ ഹൗസില്‍ ഒരുങ്ങും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.

വന്യമൃഗ സംഘര്‍ഷ ലഘൂകരണം; ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു

 

വന്യജീവികളുടെ ആവാസവ്യവസ്ഥ പുനസ്ഥാപനവും വ്യാപനവും മുന്‍നിര്‍ത്തി വന്യജീവികളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാനും അതുവഴി മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23 ഗ്രാമപഞ്ചായത്തും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, മേഖല ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളും വനംവകുപ്പ്, കൃഷിവകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കെ.എസ്.ഇ.ബി. വനസംരക്ഷണ സമിതികള്‍ തുടങ്ങിയ വിവിധ വികസന ഏജന്‍സികളും സംയുക്തമായാണ് വന്യമിത്ര എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.

പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്നതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ തയ്യാറാക്കി ഉടന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മുഖേന ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വനപ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും യഥാവിധി മാലിന്യ സംസ്‌കരണം നടത്താത്തതും, കാട്ടിലെ ഭക്ഷണ-കുടിവെള്ള ദൗര്‍ലഭ്യവും മറ്റുമാണ് അവ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് വരുന്നതിനും നാശനഷ്ടങ്ങള്‍ക്കിടവരുത്തുന്നതെന്നും യോഗം വിലയിരുത്തി.

വനാന്തരങ്ങളില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കല്‍, സൗരോര്‍ജ്ജ തൂക്കുവേലികള്‍, കിടങ്ങുകള്‍ ജൈവവേലികള്‍, നൂതന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സെന്‍സര്‍ അലറാം, സെന്‍സര്‍ ലൈറ്റിംഗ്, മുന്നറിയിപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വന്യമൃഗശല്യം ലഘൂകരിക്കാവുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. വന്യജീവികളുടെ വംശവര്‍ദ്ധനവ് നിയന്ത്രണമുള്‍പ്പെടെയുള്ള ദീര്‍ഘകാല, ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. കുതിരാന്‍ തുരങ്കം തുറന്നതിന്റെ പശ്ചാത്തലത്തില്‍ വാഴാനി പ്രദേശങ്ങളില്‍ ആനശല്യം കൂടുന്നതായും ഇക്കാര്യത്തില്‍ സത്വരനടപടിയുടെ ആവശ്യവും യോഗത്തില്‍ പരാമര്‍ശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗമായ കെ വി സജു, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ.എം എന്‍ സുധാകരന്‍, ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ എം ആര്‍ അനൂപ് കിഷോര്‍, കെ.എഫ്.ആര്‍.ഐ പ്രതിനിധി, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതിനിധി, വിവിധ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊടകരയില്‍ പെണ്‍തൊഴിലിടം ഒരുങ്ങുന്നു; ശിലാസ്ഥാപനം ഇന്ന് (മെയ് 21)

 

വനിതകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പെണ്‍തൊഴിലിടം (ഷീ വര്‍ക്ക് സ്‌പെയ്‌സ്) ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം, തൊഴിലുകളില്‍ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഷീ വര്‍ക്ക് സ്‌പെയ്‌സിന്റെ ശിലാസ്ഥാപനം ഇന്ന് (മെയ് 21) ഉച്ചയ്ക്ക് 2 മണിക്ക്
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതിനായി 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് പെണ്‍ തൊഴിലിടം.

വല്ലപ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒരേക്കര്‍ ഭൂമിയിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. 83,390 ചതുരശ്രടി തറ വിസ്തീര്‍ണ്ണത്തില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 10.35 കോടി രൂപ വിനിയോഗിച്ച് 32,260 ചതുരശ്രടിയും രണ്ടാംഘട്ടത്തില്‍ 18.60 കോടി രൂപയ്ക്ക് 47,130 ചതുരശ്രടിയും പൂര്‍ത്തിയാക്കും. 2023 മാര്‍ച്ച് മാസത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാകും.

തൃശൂര്‍ ജില്ലാപഞ്ചായത്ത് വിഹിതമായി 1,14,50,000/ രൂപയും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള അളഗപ്പനഗര്‍, കൊടകര, നെന്മണിക്കര, മറ്റത്തൂര്‍, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 27,70,000/ രൂപയും, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 53,50,953 രൂപയുമാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ ജില്ലാ ആസൂത്രണബോര്‍ഡിന്റെ ഇന്‍സെന്റീവ് തുകയായ രണ്ട് കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 2022-23 ബജറ്റ് വിഹിതമായി ഒരു കോടി രൂപയും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ഒരിടം നല്‍കുക, ആധുനിക രീതിയിലുള്ള വുമണ്‍ ഹെല്‍ത്ത് ക്ലബ്ബ്, ക്രഷ്, റസ്റ്റോറന്റ്, ഡോര്‍മെട്രി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, മറ്റ് തൊഴില്‍ പരിശീലന ഇടങ്ങള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍, ഫാര്‍മസി, ക്ലിനിക്ക്, എ ടി എം, സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കായുളള പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.

ചടങ്ങില്‍ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ബെന്നി ബഹന്നാന്‍ എം പി, എം എല്‍ എമാരായ കെ കെ രാമചന്ദ്രന്‍, ടി ജെ സനീഷ്‌കുമാര്‍ ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആന്റ് ഗ്രാമവികസന കമ്മീഷണര്‍ ഡി ബാലമുരളി, ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി അലക്‌സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഫീമെയിൽ വാർഡൻ ഒഴിവ്

0

 

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ  അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ഇ-മെയിൽ:deetsr.emp.ibr@kerala.gov.in

അളഗപ്പനഗറിൽ ആഴ്ച ചന്ത വീണ്ടും സജീവമാകുന്നു

0

 

അളഗപ്പനഗർ പഞ്ചായത്തിലെ പച്ചക്കറി ആഴ്ച ചന്ത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അളഗപ്പനഗർ കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത നീലിമ ക്ലസ്റ്ററിലെ  20 കർഷകരടങ്ങുന്ന സംഘടനയാണ് വിഷരഹിത പച്ചക്കറികൾ വിൽക്കുന്നത്. രാസവളങ്ങൾ ഉപയോഗിക്കാതെ വിളയിച്ചെടുത്തതാണ് ഓരോ പച്ചക്കറിയും എന്നതാണ് ചന്തയുടെ പ്രത്യേകത. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് തന്നെ നേരിട്ട് വാങ്ങിയാണ് വിൽപ്പന.

പഞ്ചായത്തിലെയും  പരിസരപ്രദേശങ്ങളിലെയും കർഷകരിൽ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് ചന്തയിൽ വിൽക്കുന്നത്. പഞ്ചായത്ത് മുറ്റത്ത് ഒരുക്കിയ ആഴ്ച ചന്തയിൽ കാച്ചിൽ, കപ്പ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും മുരിങ്ങക്ക, ഏത്തയ്ക്ക, തക്കാളി, മത്തൻ, കുമ്പളം തുടങ്ങി വിവിധ ഇനം പച്ചക്കറികളും ലഭ്യമാണ്. വിപണി വില അറിഞ്ഞാണ് ആഴ്ച ചന്തയിൽ വില നിശ്ചയിക്കുന്നത്. വിറ്റവില കർഷകന് തന്നെ സ്വന്തം.

മൂന്ന് വർഷമായി സജീവമായി നടത്തിയിരുന്ന ആഴ്ച ചന്ത കോവിഡ് സാഹചര്യത്തിലാണ് നിർത്തിവെച്ചത്.
ആഴ്ചചന്ത നിർത്തലാക്കിയത് സാധാരണക്കാരെ വലച്ചിരുന്നു. നാട്ടുകാരുടെ കൂടി പിന്തുണയോടെയാണ് ചന്ത വീണ്ടും സജീവമാകുന്നത്. എല്ലാ ചൊവാഴ്ചകളിലുമാണ് പച്ചക്കറി ചന്ത പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. വിഷം നിറഞ്ഞ പച്ചക്കറിയുടെ ഉപയോഗം കുറയ്ക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയും ചന്തയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 21)

 

എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം നല്‍കിയ 126 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 21). എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 8 മണിക്ക് നടക്കുന്ന പരേഡ് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിവാദനം ചെയ്യും. തുടര്‍ന്ന് മന്ത്രി ട്രെയിനികളുടെ സല്യൂട്ട് സ്വീകരിച്ച് പാസിംഗ് ഔട്ട് പരേഡ് പരിശോധിക്കും.

എട്ടാമത് ബാച്ചിലെ 126 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25-ാം ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിംഗ് ഔട്ട് പരേഡാണ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ 2021 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 126 വനിത ട്രെയിനികളുടെ അടിസ്ഥാന പരിശീലനം ഉദ്യോഗാര്‍ത്ഥികളുടെ മാതൃജില്ലയിലെ സൗകര്യപ്രദമായ എക്‌സൈസ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ ഇന്‍ഡോര്‍ ക്ലാസുകളായാണ് ആരംഭിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ 18 മുതല്‍ എക്‌സൈസ് അക്കാദമിയില്‍ കായിക പരിശീലനവും ആരംഭിച്ചു. 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം ഇതിനോടകം ഇവര്‍ പൂര്‍ത്തിയാക്കി. 7 സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനികളുടെ പരിശീലനം 2021 സെപ്റ്റംബര്‍ ഒന്ന് മുതല്‍ തന്നെ എക്‌സൈസ് അക്കാദമിയില്‍ ആരംഭിച്ചിരുന്നു.

പരിശീലനം പൂര്‍ത്തിയാക്കുന്ന 126 വനിത ട്രെയിനികളില്‍ ഭൂരിഭാഗം പേരും എം.ടെക്, എം എസ് സി നെറ്റ്, എം ബി എ, ബിരുദാനന്തര ബിരുദം ബിഎഡ്, ബിഫാം, എം എച്ച് ആര്‍ എം, എം -ഡി എം എല്‍ ടി എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. 180 പ്രവൃത്തിദിവസം നീണ്ടുനിന്ന ഇവരുടെ അടിസ്ഥാന പരിശീലനത്തില്‍ ആംസ് ഡ്രില്‍, ഡില്‍ വിത്തൗട്ട് ആംസ്, ഫയറിംഗ് പ്രാക്ടീസ്, ഫയര്‍ ഫൈറ്റിംഗ് എന്നിങ്ങനെയുളള ഔട്ട് ഡോര്‍ പരിശീലനത്തിനുപുറമെ കമ്പ്യൂട്ടര്‍ പരിശീലനവും എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്കാരി ആക്ട്, എന്‍ഡിപിഎസ് ആക്ട്, കോട്പ, പ്രൊഹിബിഷന്‍ ആക്ട് തുടങ്ങിയ വിവിധ നിയമങ്ങളിലുള്ള പരിശീലനവും കരസ്ഥമാക്കിയിട്ടുണ്ട്.

‘മധുമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബാദുഷ മുഖ്യ കഥാപാത്രത്തെ
അവതരിപ്പിക്കുന്ന ആഘോഷ് വൈഷ്ണവം ചിത്രം ‘മധുമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും ഗരം മസാലയുടെയും ബാനറിൽ സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആഘോഷ് വൈഷ്ണവം സംവിധാനവും നിർമാണവും വഹിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കലാസംവിധാന രംഗത്തെ പ്രമുഖ വ്യക്തിയായ മനോജ് ഗ്രീൻവുഡ്സ് ആണ് മറ്റൊരു നിർമാതാവും ചിത്രത്തിൻ്റെ കലാസംവിധായകനും. പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആഘോഷ് വൈഷ്ണവം തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ആഘോഷിൻ്റെ കഥക്ക്  പ്രശസ്ത മാധ്യമ പ്രവർത്തകൻ സജിൽ ശ്രീധർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് ജോസി ആലപ്പുഴ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. അഞ്ജന ഉദയകുമാർ ആണ് ചിത്രത്തിൻ്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് സംവിധായകൻ: മിഥുൻ സുരേഷ്, മേക്ക് അപ്പ്: അനിൽ നേമം, കളറിസ്റ്റ്: ബിലാൽ റഷീദ്, സ്റ്റിൽസ്: ജിതീഷ് കടക്കൽ, അസിസ്റ്റൻ്റ് കാമറാമാൻ: കൃഷ്ണകുമാർ, ഡിസൈൻ: അജയ് ദാസ്, വാർത്താപ്രചരണം: പി ശിവപ്രസാദ്.