36 C
Thrissur
ചൊവ്വാഴ്‌ച, ഫെബ്രുവരി 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മകരജ്യോതി തൊഴുത് സ്വാമിമാര്‍, ജന്മസാഫല്യം; ശരണമന്ത്ര മുഖരിതമായി ശബരിമല

ശബരിമല: കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍ക്കു ജന്മസാഫല്യം. വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി കാതങ്ങള്‍ താണ്ടി അയ്യപ്പനെ കാണാന്‍ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളില്‍ ഒരേ സ്വരത്തില്‍ ഒറ്റപ്രാര്‍ഥന മാത്രം സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കര്‍പ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോള്‍, ശരണംവിളിയുടെ അലകളില്‍ ശബരിമല ഭക്തിയുടെ കൊടുമുടിയായി.
ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകള്‍ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണംവിളി അയ്യനുള്ള ആരതിയായി.
പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ തമ്പടിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പനു ചാര്‍ത്താന്‍ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തു തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.

റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസിടിച്ചു; വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം

ആലപ്പുഴ: കോമളപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടില്‍ സിയാദിന്റെ മകള്‍ ഷഫ്‌ന (15) ആണ് മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു ഷഫ്‌ന. സ്വകാര്യ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരിച്ചെന്നു പൊലീസ് പറഞ്ഞു.

കെ-റെയില്‍ പദ്ധതി സര്‍ക്കാര്‍ നീട്ടിവെച്ചുവെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍

കൊച്ചി: കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം നീട്ടിവച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ റെയില്‍വേയുടെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ വ്യക്തമാക്കിയതായി പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.
രാധാമോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ പതിനഞ്ച് അംഗ റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്ത തിരുവനന്തപുരം,മധുരൈ,രാമേശ്വരം എന്നിവിടങ്ങളിലെ യോഗത്തിലാണ് സില്‍വര്‍ലൈന്‍ സംബന്ധിച്ച് കൊടിക്കുന്നില്‍ ഉന്നയിച്ച ചോദ്യത്തിന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ മറുപടി നല്‍കിയത്.സ്റ്റേഷനുകള്‍ നവീകരിക്കുന്ന അമൃത് ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കും എന്നും അറിയിച്ചു.
തിരുവനന്തപുരം കാസറഗോഡ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് നിലവിലുള്ള ട്രാക്കിലൂടെ ഇന്നുള്ളതിലും കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കുവാനുള്ള പുതിയ ടെക്‌നോളജി നടപ്പിലാക്കാന്‍ സതേണ്‍ റെയില്‍വേ നടപടികള്‍ സ്വീകരിച്ചു എന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ചെങ്ങന്നൂര്‍ നിന്ന് പമ്പയിലേക്കുള്ള എലിവേറ്റഡ് റെയില്‍ പാതയുടെ നിര്‍മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍വേ നടത്താനുള്ള അനുമതി റെയില്‍വേ ബോര്‍ഡിന് ലഭിച്ചു
ഗുരുവായൂര്‍ തിരുനാവായ ലിങ്ക് റെയില്‍വേ ലൈന്‍ നിര്‍മാണവും,തലശ്ശേരി മൈസൂര്‍ നഞ്ചങ്കോട് റെയില്‍വേ ലൈന്‍ നിര്‍മാണത്തിലും മുന്‍ഗണന നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.പീക്ക് കോവിഡ് കാലത്ത് വെട്ടിക്കുറച്ച സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം,എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയി സ്ഥിരം ട്രെയിന്‍ ആയി ഓടിക്കണം എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.

 

മാര്‍ ഔഗിന്‍ കുരിയാക്കോസ് അഭിഷിക്തനായി

തൃശൂര്‍:മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.മാര്‍ത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേ വിശുദ്ധ മദ്ബഹായില്‍ കാഥോലിക്കോസ് പാതൃയര്‍ക്കീസ് മാറന്‍ മാര്‍ ആവ തൃതീയന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ ഔഗിന്‍ കൂരിയാക്കോസിനെ ഇന്ത്യയുടെയും ദക്ഷിണ ഗല്‍ഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്.ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയില്‍ ആദ്യമായാണ് മെത്രാപ്പോലീത്തന്‍ പട്ടാഭിഷേകം നടക്കുന്നത്. ഇപ്പോഴത്തെ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിട്ടാണ് മാര്‍ ഔഗിന്‍ കുരിയാക്കോസ് അഭിഷിക്തനായത്. മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ അപ്രേം അഥ്‌നിയേല്‍,മാര്‍ ഇമ്മാനുവേല്‍ യോസേഫ്,മാര്‍ പൗലോസ് ബെഞ്ചമിന്‍,മാര്‍ ബെന്യാമിന്‍ എല്ല്യ, ആര്‍ച്ച്ഡീക്കന്‍ വില്ല്യം തോമ പട്ടാഭിഷേകത്തില്‍ സഹകാര്‍മ്മികരായി. പി.എസ്. ശ്രീധരന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തു.മാര്‍ തോമ മാത്യൂസ് മൂന്നാമന്‍,കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,മന്ത്രിമാരായ കെ.രാജന്‍,കെ.രാധാകൃഷ്ണന്‍,മാര്‍ തോമ മെത്രാപ്പോലീത്താ,ടി.ജെ. സനീഷ് കുമാര്‍ എംഎല്‍എ,പി.ബാലചന്ദ്രന്‍ എംഎല്‍എ,സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്താ,മേയര്‍ എം.കെ. വര്‍ഗീസ്,ഏല്യാമ്മ റോയ്,ഫാ.കെ.ആര്‍. ഈനാശു,എ.എം. ആന്റണി,ഫാ. ജോസ് ജേക്കബ് വേങ്ങാശേരി,ജേക്കബ് ബേബി ഒലക്കേങ്കില്‍ സംസാരിച്ചു.

രക്തദാന ശീലം വളര്‍ത്തുന്നതില്‍ സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും പങ്ക്: അനില്‍ അക്കര

മുളംകുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള, വിവിധ ആശുപത്രികളില്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന രക്തം ലഭ്യമാക്കുന്നതിന്, സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുന്‍ എം.എല്‍.എ അനില്‍ അക്കര പറഞ്ഞു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കില്‍, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മൂന്നര പതിറ്റാണ്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനുമായ കെ.എന്‍ നാരായണന്റെ വിരമിക്കലിനോടനുബന്ധിച്ച് എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡണ്ട് രാജു പി.എഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് അവണൂര്‍, തോമസ് പി പുത്തിരി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ നാരായണന്‍,സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഗിരീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് മധു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഷീബു, ബ്രാഞ്ച് സെക്രട്ടറി ഷാജു വി.എ, ട്രഷറര്‍ ടി.എ അന്‍സാര്‍,വനിതാ ഫോറം കണ്‍വീനര്‍ പി.മീര,പി.ബിബിന്‍,സി.സേതുമാധവന്‍,കെ.ആര്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
എറണാകുളം ജില്ലയില്‍ നാലു ഭക്ഷണശാലകള്‍ പൂട്ടിച്ചു. 9 എണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
പരിശോധന കര്‍ശനമാകുന്നതിനിടയിലും കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചു. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ 7 വയസ്സുകാരനടക്കം 3 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

 

പരിസ്ഥിതി ലോലമേഖല: സമയപരിധി അവസാനിച്ചു; ലഭിച്ചത് 63,500 പരാതികള്‍

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച പരാതി വനം വകുപ്പിലും പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകളിലും അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതില്‍ 24,528 പരാതികള്‍ പരിഹരിച്ചു. 28,493 എണ്ണം കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ (കെഎസ്ആര്‍ഇസി) അസറ്റ് മാപ്പറില്‍ അപ്ലോഡ് ചെയ്തു.
പരിസ്ഥിതിലോല മേഖല വനം വകുപ്പു പുറത്തു വിട്ട ഭൂപടങ്ങളിന്‍മേല്‍ ഇതു വരെ ലഭിച്ച പരാതികളിന്മേല്‍ നേരിട്ടുള്ള സ്ഥലപരിശോധനയും, അസറ്റ് മാപ്പര്‍ മാപ്പിലൂടെ വിവരങ്ങള്‍ അപ്ഡലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി തുടരുമെന്നു വനം വകുപ്പ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച കേസ് 11ന് സുപ്രീംകോടതി പരിഗണിക്കും.
പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ വനംറവന്യുതദ്ദേശ വകുപ്പുകള്‍ നടത്തുന്ന പരിശോധന പല സ്ഥലങ്ങളിലും പൂര്‍ത്തിയായില്ല. പരിശോധനയ്ക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അസറ്റ് മാപ്പര്‍ ആപ് ലഭിച്ചത് വൈകിയാണ്. ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തരംതിരിച്ചു കൈമാറി വേഗത്തില്‍ സ്ഥലപരിശോധന നടത്താനായിരുന്നു കഴിഞ്ഞ മാസത്തെ യോഗത്തിലെ തീരുമാനം. എന്നാല്‍, ചൊവ്വാഴ്ചയാണ് അസറ്റ് മാപ്പര്‍ ആപ്പ് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കിയത്.

കലയുടെ സ്വര്‍ണക്കപ്പ് കോഴിക്കോടിന്; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

കോഴിക്കോട്: കൗമാര കലയുടെ ‘മൊഞ്ചത്തിക്കപ്പില്‍’ വീണ്ടും മുത്തമിട്ട് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് 61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയര്‍ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
സംസ്‌കൃത കലോത്സവത്തില്‍ കൊല്ലവും അറബിക് കലോത്സവത്തില്‍ പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ്. രണ്ടാം സ്ഥനത്ത് എത്തി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ഒന്നാമത് എത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീര്‍ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

 

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേര്‍ക്ക് ആക്രണം: യുവാവ് അറസ്റ്റില്‍

ആലപ്പുഴ:ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കും വാഹനത്തിനും നേരെ യുവാവിന്റെ ആക്രമണം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂര്‍ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീര്‍ത്ഥാടകസംഘം ചായകുടിക്കുന്നതിന് കളര്‍കോട് ജംഗ്ഷനില്‍ വാഹനം നിര്‍ത്തി. ഇതേ സമയം അര്‍ജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു.
തീര്‍ത്ഥാടക സംഘത്തിലെ കുട്ടികളില്‍ ചിലര്‍ യുവാവിന്റെ ബൈക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ടതോടെ അര്‍ജ്ജുന്‍ കുട്ടികളെ ബൈക്കില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീര്‍ത്ഥാടകരും യുവാവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈകോടാലിയുമായി തിരികെയെത്തി തീര്‍ത്ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീര്‍ത്ഥാത്ഥാടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത്പൊലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജ്ജുന്‍ അറസ്റ്റിലായത്.

പോള്‍ മുത്തൂറ്റ് വധം: ആറ് പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി. പ്രതികളെ വെറുതെവിട്ടതിനെതിരെ കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജാണ് സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ എല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019ലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.