23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും തെളിവെടുപ്പ് നടത്തി

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം:പാറശാല ഷാരോണ്‍ കൊലകേസില്‍ രണ്ട് പ്രതികളെ കന്യാകുമാരി ജില്ലയിലെ രാമവര്‍മ്മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം പൂവാറിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കഷായത്തിലാണ് ഗ്രീഷ്മ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്.
ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച് ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ പാറശാലയിലെ ഒരു കഷായക്കടയില്‍നിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞത്. കളിയിക്കാവിളയില്‍നിന്ന് അമ്മാവന്‍ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയില്‍ ശേഖരിച്ചു കഷായത്തില്‍ കലര്‍ത്തി ഷാരോണിന് നല്‍കുകയായിരുന്നു. ഷാരോണ്‍ അവശനിലയിലായതോടെ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. ഷാരോണ്‍ മരിച്ചത് വിഷം കലര്‍ന്ന കഷായം കുടിച്ചാണെന്ന വാര്‍ത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരന്‍ കീടനാശിനികള്‍ പരിശോധിച്ചു.
ഒരു കീടനാശിനിക്കുപ്പിയില്‍ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അമ്മയുടെ നിര്‍ദേശപ്രകാരം അമ്മാവന്‍ കുപ്പി കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്നതോടെയാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനു മുമ്പ് ആയുര്‍വേദ ഡോക്ടറില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. താന്‍ കഷായം നല്‍കിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.അതിനിടയില്‍ പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കുട്ടം തടിച്ച് കൂടിയിരുന്നു. പ്രതികളെ എത്തിച്ചതോടെ പ്രകോപിതരായി ജനക്കൂട്ടം വളഞ്ഞതോടെ തമിഴ്നാട് പോലീസാണ് പ്രതിരോധം തീര്‍ത്തത്.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -