കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയ്നിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല എകോപന സമിതി യോഗം ചേർന്നു. കുട്ടികളിൽ സമയബന്ധിതമായി രോഗം കണ്ടെത്തി ചികിത്സ തുടങ്ങേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം സമൂഹത്തിൽ അംഗവൈകല്യം ബാധിച്ച കുട്ടികളുടെ എണ്ണം വർദ്ധിക്കുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എത്രയും വേഗം നടത്താൻ യോഗത്തിൽ കലക്ടർ ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് ഉടൻ തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ 40 വർഷമായി ഫലപ്രദമായ ചികിത്സ ഈ അസുഖത്തിന് ഉണ്ടെങ്കിലും ഇതിനെ കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങളിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബാലമിത്ര ക്യാമ്പയിന്റെ പ്രചാരണം മികച്ച രീതിയിൽ നടത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് പുറമെ ഫീൽഡ് തല പ്രവർത്തനങ്ങളും ഉർജ്ജിതമാക്കണമെന്നും ആദിവാസി, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ പ്രചാരണത്തിന് പ്രത്യേക പരിഗണന നൽകണമെന്നും കലക്ടർ പറഞ്ഞു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ശരിയായ രീതിയിൽ കുഷ്ഠരോഗ പരിശോധന നടത്താൻ സാധിക്കാത്തത് കുട്ടികളിലെ രോഗബാധ കണ്ടെത്തുന്നതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ ടി പ്രേമകുമാർ അറിയിച്ചു
കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് , സംസ്ഥാനത്തെ എല്ലാ കുട്ടികളെയും രോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം പ്രാരംഭത്തിലെ കണ്ടുപിടിച്ചു ഭേദമാക്കുകയും ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പരിപാടി ആണ് ബാലമിത്ര ക്യാമ്പയ്ൻ. ആദ്യഘട്ടത്തിൽ അങ്കണവാടി കുട്ടികളിലാണ് രോഗ നിർണ്ണയ പരിപാടി നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ അങ്കണവാടി പ്രവർത്തകരിലൂടെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുഷ്ഠരോഗത്തെ കുറിച്ച് അവബോധം നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. കുഷ്ഠരോഗം സംശയിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ച് മെഡിക്കൽ ഓഫീസർമാരുടെ തുടർപരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ വിവിധ ഔഷധ ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും അംഗവൈകല്യം സംഭവിക്കുന്നതു തടയുകയും ചെയ്യുന്നു. അടുത്ത ഘട്ടത്തിൽ സ്കൂൾ അധ്യാപകർക്കു പരിശീലനം നൽകി സ്കൂൾ കുട്ടികളിലെയും കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ നൽകും.
ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി പ്രേമകുമാർ, ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ നസീബ്ദീൻ എസ് ആരോഗ്യ വകുപ്പ് , വനിത ശിശു വികസന വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് , സാമൂഹ്യ നീതി വകുപ്പ് , പഞ്ചായത്ത് വകുപ്പ് , നെഹ്രു യുവ കേന്ദ്ര , പട്ടിക ജാതി / പട്ടിക വർഗ്ഗ വികസന വകുപ്പ് , തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.