30 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പി.വി അന്‍വറിന് തിരിച്ചടി: കക്കാടംപൊയിലിലെ നാല് തടയണകളും പൊളിച്ച് നീക്കണം

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്:കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്ന വിധം നിര്‍മ്മിച്ച നാലു തടയണകളും ഉടന്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടിയായി. തടയണകള്‍ പി വി ആര്‍ നാച്വറല്‍ റിസോര്‍ട്ട് അധികൃതര്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകള്‍ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരില്‍ നിന്നും ഈടാക്കണമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവില്‍ വ്യക്തമാക്കി.
തടയണകള്‍ പൊളിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ തടയണ ഉള്‍പ്പെടുന്ന സ്ഥലം എംഎല്‍എ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തുകയായിരുന്നു. തുടര്‍ന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകള്‍ പൊളിച്ചുനീക്കിയാല്‍ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താല്‍ക്കലിക സ്റ്റേ നേടുകയായിരുന്നു. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്.തടയണകള്‍ പൊളിക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്റെ കോടതി അലക്ഷ്യ ഹര്‍ജിയും ഒന്നിച്ചു പരിഗണിച്ചാണ് തടയണകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് 2018 ജില്ലാ കളക്ടര്‍ക്ക് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയുണ്ടാകാതായതോടെ മുരുകേഷ് നരേന്ദ്രന്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കുകയായിരുന്നു. ഇതോടെ മന്ത്രി കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകള്‍ നിര്‍മ്മിച്ചതെന്നു കാണിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ജില്ലാ കളക്ടര്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്നതോടെ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020 ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു.
തടയണകള്‍ പൊളിക്കുന്നതിന് തടയിടാന്‍ പി.വി അന്‍വര്‍ റിസോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി.തടയണകള്‍ പൊളിച്ചാല്‍ അവക്ക് മുകളിലൂടെ നിര്‍മ്മിച്ച റോഡ് തകരുമെന്നും തനിക്കും സമീപവാസികള്‍ക്കും വഴി നഷ്ടപ്പെടുമെന്നും കാണിച്ച് ഷഫീഖ് ആലുങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. തടയണകള്‍ പൊളിക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു.ടി.വി രാജനുവേണ്ടി അഡ്വ.സി.എം മുഹമ്മദ് ഇഖ്ബാല്‍, ജിജുവിനു വേണ്ടി അഡ്വ. പിയൂസ് എ കൊറ്റം എന്നിവര്‍ ഹാജരായി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഭാഗികമായി പൊളിച്ചു മാറ്റി വെള്ളം തുറന്നുവിട്ടിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -