യു ഡി എഫ് അംഗം സോണിയ ഗിരി വനിതാ സംവരണ നഗരസഭയായ ഇരിങ്ങാലക്കുട നഗരസഭയിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട 27-ാം വാർഡ് ചേലൂർക്കാവിൽ നിന്ന് വിജയിച്ചാണ് സോണിയ ഗിരി നഗരസഭയിൽ എത്തിയത്. എൽ ഡി എഫ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി അഡ്വ. കെ ആർ വിജയയായിരുന്നു എതിർ സ്ഥാനാർത്ഥി. സോണിയഗിരിയ്ക്ക് 17 വോട്ടും
കെ ആർ വിജയയ്ക്ക് 16 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോണിയ ഗിരി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലെ 41 വാർഡുകളിൽ മത്സരിച്ചു ജയിച്ച എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (എൽ എ) ബി ജയശ്രീ സോണിയ ഗിരിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് പുതിയ ചെയർപേഴ്സൺ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അനുമോദന യോഗത്തിൽ നഗരസഭാ സെക്രട്ടറി കെ എസ് അരുൺ, വരണാധികാരി ബി ജയശ്രീ തുടങ്ങിയവർ പുതിയ ചെയർപേഴ്സണിന് പൂച്ചെണ്ട് നൽകി. ചടങ്ങിൽ നഗരസഭാ സെക്രട്ടറിയ്ക്കൊപ്പം പുതിയ ഭരണസമിതി അംഗങ്ങൾ, റവന്യൂ സൂപ്രണ്ട് തങ്കമണി, ആരോഗ്യ വിഭാഗം സൂപ്പർവൈസര്‍ പി ആര്‍ സ്റ്റാന്‍ലി എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നൽകി.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സണായി സോണിയ ഗിരി ചുമതലയേറ്റു
- Advertisement -