സംസ്ഥാനത്തെതന്നെ ആദ്യ അഗ്രോ പാര്‍ക്കായ ബനാന ഹണി പാര്‍ക്കിന്റെ നിര്‍മ്മാണം കണ്ണാറയിലെ മോഡല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍ ആരംഭിച്ചിരുന്നു. കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തുകയാണ് അഗ്രോ പാര്‍ക്കിന്റെ ലക്ഷ്യം. കാര്‍ഷിക വിളകളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് അഗ്രോ പാര്‍ക്കുകളില്‍ ആദ്യത്തേതാണ് കണ്ണാറയിലേത്. അഞ്ച് ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
55,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ബനാന പാര്‍ക്കിനും, 16.220 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ഹണി പാര്‍ക്കിനുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അഗ്രോ പാര്‍ക്കിന്റെ വരവോടെ കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ വളരെ എളുപ്പം പരിശീലനം നേടാൻ സാധിക്കും. ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക ഉപദേശവും സംരംഭകത്വ പരിശീലനവും വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് നല്‍കും. 150 മെട്രിക് ടണ്‍ നേന്ത്രപഴവും ഒരു ടണ്‍ തേനും സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റും. 150 ലേറെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ബനാന- ഹണി പാര്‍ക്ക് മുഖേന വിപണിയില്‍ എത്തിക്കാന്‍ സാധിക്കും.
വാഴപ്പഴത്തില്‍ നിന്ന് തേന്‍ പ്രിസര്‍വ്, പഴം വരട്ടി, കാന്‍ഡി, ജാം, ജെല്ലി, ഹല്‍വ, പഴം അച്ചാര്‍, ലഡു, ഐസ്‌ക്രീം തുടങ്ങിയ 23 ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുക. പാനീയങ്ങളായി പഴം ജ്യൂസ്, ജ്യൂസ് സിറപ്പ്, വാഴപ്പഴം നെക്ടര്‍,വാഴപ്പഴം ജ്യൂസ് പൗഡര്‍, ജ്യൂസ് സോഡ, ജ്യൂസ് സ്‌ക്വാഷ് തുടങ്ങി 11 വിഭവങ്ങളും നിര്‍മ്മിക്കും.പച്ചക്കായയില്‍ നിന്ന് ന്യൂഡില്‍സ്, ബണ്‍, റൊട്ടി, മാക്രോണ്‍,ബ്രഡ്, ബിസ്‌കറ്റ്,മുറുക്ക്, പൊക്കുവട തുടങ്ങി നാല്‍പതോളം വിഭവങ്ങളും നിര്‍മ്മിക്കും.വാഴ നാരുകൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും.