തിരുവനന്തപുരം: പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ (കെ.എസ്. പ്രേംകുമാര്‍ 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയില്‍ വരുന്നതിനു മുന്‍പു നാടകത്തില്‍ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടി.
തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജില്‍നിന്ന് ബിരുദം നേടി. ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസില്‍വച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.
ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമന്‍ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകന്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.
അഭിനയിച്ച പ്രധാന സിനിമകളില്‍ ചിലത്: ഗുരു, കഥാനായകന്‍, ദി കാര്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാന്‍, പട്ടാഭിഷേകം, കല്യാണരാമന്‍, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോന്‍, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹര്‍ നഗര്‍, ശിക്കാര്‍, മായാമോഹിനി, ആക്ഷന്‍ ഹീറോ ബിജു, ലീല, വരത്തന്‍, തൊട്ടപ്പന്‍