തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്?യുവിന്റെ കരുത്തനായ നേതാവായിരുന്നു പ്രതാപചന്ദ്രന്‍. തുടര്‍ന്ന് കെഎസ്?യു ജില്ലാ പ്രസിഡന്റായി. ഇതിനിടെ രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനത്തിനു പോയി. മടങ്ങിയെത്തിയ പ്രതാപചന്ദ്രന്‍ പിന്നീട് പാര്‍ട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു.തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതാപചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ച് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി അറിയിച്ചു.