തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും.ഇന്‍ഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്‍ഡ്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീതപരിപാടികല്‍ അവതരിപ്പിക്കും. ഇന്‍ഡീ സംഗീതത്തിന്റെ രാജ്യാന്തര ജിഹ്വയായ ലേസീ ഇന്‍ഡീ മാഗസീനിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡീ മൂസിക് ഫെസ്റ്റിവല്‍ (ഐഐഎംഎഫ്) സംഘടിപ്പിക്കുന്നത്.
മ്യൂസിക് ബാന്‍ഡുകള്‍ സ്വന്തമായി ഗാനങ്ങള്‍ രചിച്ചു സംഗീതം പകര്‍ന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇന്‍ഡീ മ്യൂസിക്.എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതല്‍ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെ ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാങ്ങാം. ബുക്കിങ് നവംബര്‍ 6-ന് അവസാനിക്കും.
റോക് സംഗീതേതിഹാസം എറിക് ക്ലാപ്റ്റണിന്റെ അനന്തരവന്‍ യുകെയിലെ വിഖ്യാതനായ വില്‍ ജോണ്‍സ്, അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകന്‍ സാമി ഷോഫി, മറ്റൊരു ബ്രിട്ടിഷ് ബാന്‍ഡായ റെയ്ന്‍, മലേഷ്യയില്‍നിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയില്‍നിന്ന് ആന്‍സ്ലോം, സിംഗപ്പൂരില്‍നിന്നു രുദ്ര, ഇറ്റലിയില്‍നിന്ന് റോക് ഫ്‌ലവേഴ്‌സ് എന്നീ ബാന്‍ഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്‌ക്കാരങ്ങള്‍ നേടിയ, സ്വന്തം രാജ്യങ്ങളില്‍ ഏറെ ആസ്വാദകരുള്ള ഗായകരാണിവര്‍.
മുംബൈയിലെ ഷെറീസ്,ആര്‍ക്ലിഫ്, വെന്‍ ചായ് മെറ്റ് ടോസ്റ്റ്,ഹരീഷ് ശിവരാമകൃഷ്ണന്റെ അഗം,സ്‌ക്രീന്‍ 6,സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ്,ഊരാളി,ജോബ് കുര്യന്‍,കെയോസ്,ലേസീ ജേ,ചന്ദന രാജേഷ്,താമരശേരി ചുരം,ഇന്നര്‍ സാങ്റ്റം,ദേവന്‍ ഏകാംബരം എന്നിവയാണ് പങ്കെടുക്കുന്ന ഇന്‍ഡ്യന്‍ ബാന്‍ഡുകള്‍. ആകെ 21 ബാന്‍ഡ്.ലോകത്തെ പ്രമുഖ ഗായകരെ പരിചയപ്പെടാനും അവര്‍ക്കൊപ്പം വാദ്യോപകരണങ്ങള്‍ വായിക്കാനും അതുവഴി ആഗോളതലത്തിലേക്ക് ഉയരാനും ഇന്‍ഡ്യയിലെ കലാകാരര്‍ക്ക് അവസരം ഒരുക്കുന്നതുകൂടിയാണു മേള. ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ ശ്രീപ്രസാദ്, ലേസീ ഇന്‍ഡീ മാഗസീന്‍ എഡിറ്ററും ഗായകനുമായ ജേ, സതീഷ് കുമാര്‍, മനോജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോല്‍സവം കോവളത്ത്
- Advertisement -