സിംല: ഹിമാചലിലെ തണുത്തുറഞ്ഞ ഭൂമികയില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് ചൂടേറെ. തുടര്‍ഭരണം, മോദി മാജിക്ക്, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കളത്തിലിറങ്ങിയെങ്കിലും മുപ്പതില്‍ താഴെ സീറ്റുകളിലേക്ക് ബിജെപി എടുത്തെറിയപ്പെടുകയായിരുന്നു. സര്‍വ്വ സന്നാഹവും ഒരുക്കിയിട്ടും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സ്വന്തം തട്ടകത്തിലാണ് ബിജെപിക്ക് അടിതെറ്റിയതെന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാ എംപിയാണ് ജെ.പി നദ്ദ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ആഘാതം വലുതാണ്. മോദിയുടെ ഇമേജില്‍ തുടര്‍ഭരണം സാധ്യമാക്കാം എന്ന മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെയും സംഘത്തിന്റെയും സ്വപ്നവും ഫലവത്തായില്ല. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ആഭ്യന്തര കലഹത്തിന് വഴിതുറക്കും.മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഡല്‍ഹി വഴി പഞ്ചാബ് കടന്ന എഎപി ഹിമാചലിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ആപ്പ് ചോര്‍ത്തുമെന്നും അതുവഴി ഭരണവിരുദ്ധ വികാരം മറികടക്കാമെന്നും മോദിയും ജെ.പി നദ്ദയും കണക്കുകൂട്ടിയിരുന്നു. ആകെയുള്ള 68 സീറ്റുകളില്‍ മണ്ഡി ജില്ലയിലെ ധരാങ്ങിലൊഴികെ 67 സീറ്റുകളിലും എഎപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.അരവിന്ദ് കേജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും കീഴിലാണ് എഎപി മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഗുജറാത്തിലേതു പോലെ കോണ്‍ഗ്രസ് വോട്ടുബാങ്കിലേക്ക് വലിയ തോതില്‍ കടന്നു കയറാന്‍ അവര്‍ക്ക് സാധിച്ചില്ല.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസ് ബിജെപിയുടെ പണാധിപത്യത്തെയും ഹിന്ദുത്വ വര്‍ഗീയതയെയും കശക്കി എറിഞ്ഞത്. 2021ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍ കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്സഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. അന്ന് ഇത്തരമൊരു വലിയ തിരിച്ചടി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ന്യൂ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്), ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒപിഎസ്) എന്നിവ വലിയ പ്രചാരണ വിഷയമായി. രണ്ടരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുള്ള സംസ്ഥാനമാണ് ഹിമാചല്‍. രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്.പ്രിയങ്കാഗാന്ധിയാണ് പ്രചാരണത്തില്‍ താരത്തിളക്കമായ് മാറിയത്. പ്രിയങ്കയ്ക്കൊപ്പം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളും പ്രചാരണത്തില്‍ സജീവമായ് പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ചിരുന്നു.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ സമിതി ചെയര്‍മാന്‍ സുഖ്വിന്ദര്‍ സുഖു തുടങ്ങിയവര്‍ ഒറ്റക്കെട്ടായാണ് പ്രചാരണം നയിച്ചത്. തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇവയെല്ലാം ബിജെപിക്ക് പ്രഹരമായ് മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചു. വിമത സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ടുകള്‍ ചില സീറ്റിലെങ്കിലും കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിച്ചിട്ടുണ്ട്.
ഹിമാചലില്‍ എഎപിയെ പോലെ കളത്തിന് പുറത്തായ രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎമ്മും.
2017ല്‍ സിപിഎമ്മിലെ രാകേഷ് സിംഘയായിരുന്നു ഠിയോഗ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. എന്നാല്‍ ഇക്കുറി അദ്ദേഹം കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടു ദയനീയമായ് പരാജയപ്പെട്ട്, നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നേരിട്ട് ഏറ്റുമുട്ടിയാല്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന രാഷ്ട്രീയ സന്ദേശമാണ് ഹിമാചല്‍ രാജ്യത്തിന് നല്‍കുന്നത്.
അടിതെറ്റിയത് ജെപി നദ്ദയുടെ തട്ടകത്തില്‍ ഹിമമുടിയില്‍ ത്രിവര്‍ണപ്പെയ്ത്ത്; കൂമ്പുവാടി താമര
- Advertisement -