കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ മേഖലയില്‍ നിന്നുള്ള ദയ ആശുപത്രി എന്നിവടങ്ങളില്‍ 25 പേര്‍ക്കുവീതമാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ 10 മുതല്‍ 12 വരെയാണ് വാക്സിന്‍ ഡ്രൈ റണ്‍ നടന്നത്.
വാക്സിന്‍ സ്വീകരിക്കാന്‍ ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. വാക്സിന്‍ എത്തുന്ന മുറയ്ക്ക് ജില്ലയിലെ സര്‍ക്കാര്‍, സ്വാകാര്യ ആശുപത്രികളില്‍ നിന്നും വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പ്രതിദിനം നൂറുപേര്‍ക്ക് വീതം വാക്സിന്‍ നല്‍കാന്‍ കഴിയുന്ന ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഇതിനായി സജ്ജീകരിക്കുമെന്ന് ഡി.എം.ഒ ഡോ കെ ജെ റീന പറഞ്ഞു.
നാലുപേര്‍ വീതമുള്ള ജില്ലാതല സംഘമാണ് മൂന്നിടങ്ങളിലും വാക്സിന്‍ ഡ്രൈ റണ്ണിന് നേതൃത്വം നല്‍കിയത്. കോ-വിന്‍ സോഫ്റ്റ്വെയറില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവരാണ് അതാത് ഇടങ്ങളില്‍ വാക്സിന്‍ ഡ്രൈ റണ്ണിനായി എത്തിയത്. മുന്‍ നിശ്ചയപ്രകാരമുള്ള സമയത്ത് വാക്സിന്‍ സ്വീകരിക്കേണ്ട വ്യക്തി ആദ്യം ഒന്നാം വാക്സിനേഷന്‍ ഓഫീസറുടെ അരികില്‍ എത്തുകയും പേരു വിവരങ്ങള്‍ പരിശോധിച്ചശേഷം ആദ്യത്തെ വാക്സിനേഷന്‍ ഓഫീസര്‍ സാനിറ്റൈസര്‍ നല്‍കി നടപടികള്‍ തുടങ്ങുകയുമായിരുന്നു.
രണ്ടാം വാക്‌സിനേഷന്‍ ഓഫീസര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ മൊബൈലില്‍ വന്ന സന്ദേശവുമായി ഒത്തു നോക്കി. തുടര്‍ന്നാണ് വാക്സിന്‍ നല്‍കിയത്. 30 മിനിറ്റ് നിരീക്ഷണത്തിന് ശേഷമാണ് അടുത്തയാള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.