31 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുന്നു: മന്ത്രി എം വി  ഗോവിന്ദന്‍ മാസ്റ്റര്‍

രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുന്നു: മന്ത്രി എം വി  ഗോവിന്ദന്‍ മാസ്റ്റര്‍

*ലാലൂരിലെ മാലിന്യം ബയോമൈനിംഗ് വഴി സംസ്ക്കരണം ആരംഭിച്ചു

രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി  ഗോവിന്ദന്‍ മാസ്റ്റര്‍. ലാലൂർ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണെന്നും മാലിന്യം പൂർണമായി നീക്കം ചെയ്യുന്നതോടെ തൃശൂർ നഗരത്തിലെ ഏറ്റവും മൂല്യമുള്ള പ്രദേശമായി ഇവിടം മാറുമെന്നും മന്ത്രി പറഞ്ഞു. ലാലൂർ ബയോ മൈനിംഗ് സംസ്ക്കരണ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനമാണിതെന്നും ഈ മാതൃക സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കുന്നതിന് ഈ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും  മന്ത്രി പറഞ്ഞു. തൃശൂർ കോർപ്പറേഷന്റെ പദ്ധതി ലോകത്തിന് തന്നെ മാതൃകയാകാൻ പോവുന്നതാണ്. ചുരുങ്ങിയ കാലത്തിനകത്ത് ലാലൂര്‍ 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന മണ്ണിന്‍റെ സ്വഭാവഘടനയിലേയ്ക്ക് മാറുമെന്നതാണ്  പദ്ധതിയുടെ പ്രത്യേകത. മാസങ്ങൾ കൊണ്ട് നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. വ്യക്തി ശുചിത്വത്തിനൊപ്പം സാമൂഹിക ശുചിത്വത്തിനും പ്രാധാന്യം നൽകണം. ശുചിത്വ സമൂഹത്തിന്റെ ഭാഗമാകാതെ കേരളത്തിന്റെ വളർച്ച സാധ്യമല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.

അസംഘടിതരായ മനുഷ്യരുടെ ജീവിതം ഗുണമേൻമയുള്ളതാക്കുകയാണ് കേരളത്തിന്റെ വികസന നയം. നിരന്തരമായ നവീകരണത്തിലൂടെ മാത്രമേ സർവതല സ്പർശിയായ വികസനം സാധ്യമാകൂ. അതിനു വേണ്ട പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2016ലെ സോളിഡ് വേസ്റ്റ് നിയമപ്രകാരം 5 കോടി രൂപ ചെലവു ചെയ്ത ബയോമൈനിംഗ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് മുന്‍കൈ എടുത്ത മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ മേയര്‍മാരായിരുന്ന അജിത ജയരാജന്‍, അജിത വിജയന്‍ തുടങ്ങിയവരെ മന്ത്രി ആദരിച്ചു.

മേയർ എം കെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പി കെ ഷാജന്‍, ലാലി ജെയിംസ്, ഷീബ ബാബു, സാറാമ്മ റോബ്സണ്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

- Advertisement -
Exit mobile version