26 C
Thrissur
വ്യാഴാഴ്‌ച, മെയ്‌ 9, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഡിജിപി പറഞ്ഞിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം; നടപടിക്ക് മടിക്കില്ല: ഹൈക്കോടതി

കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിക്ക് മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണം. ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നും കോടതി നിരീക്ഷിച്ചു.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു. നടപടി റിപ്പോര്‍ട്ട് വീണ്ടും നല്‍കണമെന്നും നിര്‍ദേശിച്ചു. നിയമം അനുശാസിക്കുന്ന സാഹചര്യത്തില്‍ അല്ലാതെ ബലപ്രയോഗം പാടില്ലെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണം. കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ടു വ്യക്തികളെ സ്റ്റേഷനുകളില്‍ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കുമായിരിക്കും. ഇത്തരം കേസുകളില്‍ കേരള പൊലീസ് ആക്ടില്‍ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

 

- Advertisement -
Exit mobile version