വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി സ്മിത ക്ലാസുകൾ എടുത്തു.
ഉൽപ്പാദന സേവനമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്സിഡിയും ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി ) , 40 ശതമാനം വരെ ഗ്രാൻഡ്/ സബ്സിഡി ലഭിക്കുന്ന മാർജിൻ മണി ഗ്രാൻഡ് ടു നാനോ യൂണിറ്റ്, ഉൽപ്പാദന രംഗത്ത് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി (ഇഎസ്എസ്), 10 ലക്ഷത്തിൽ താഴെ മുടക്കുമുതൽ ഉള്ള സംരംഭങ്ങൾക്ക് 6 ശതമാനം മുതൽ 8 ശതമാനം വരെ താങ്ങ് പലിശ ലഭിക്കുന്ന നാനോ യൂണിറ്റുകൾക്കുള്ള പലിശയിളവ് പദ്ധതി, ഭക്ഷ്യസംസ്ക്കരണ മേഖലയിലുള്ള സംരംഭങ്ങൾക്കായുള്ള പിഎംഎഫ്എംഇ എന്നീ പദ്ധതികളെ കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ വിശദീകരിച്ചു.
വടക്കാഞ്ചേരി സൊസൈറ്റി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭയുടെ സംരംഭക മേഖലയെ കുറിച്ച് ചെയർമാൻ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല മോഹൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.