വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന മെയ് 31ന് നടത്തുന്ന കൂടിക്കാഴ്ച ജില്ലയില്‍ കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി രാജ്യ വ്യാപകമായി നടക്കുന്ന ആശയ വിനിമയത്തില്‍ ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തും.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഫലങ്ങള്‍ നേരിട്ടറിയാനും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനുമാണ് ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍, അര്‍ബന്‍), ജല്‍ ജീവന്‍ മിഷന്‍-അമൃത്, പ്രധാന്‍ മന്ത്രി സ്വനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാന്‍ മന്ത്രി മുദ്ര യോജന എന്നീ 13 പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി സംവദിക്കുക.
31ന് രാവിലെ 10.15 മുതല്‍ 10.50 വരെ നടക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനൊന്നാം ഗഡു ഗുണഭോക്താക്കള്‍ക്ക് കൈമാറും. അതിനു ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും സംവദിക്കുക. ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കു പുറമെ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍-നഗരസഭ അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങള്‍, ജില്ലയിലെ പ്രമുഖ വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.