446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി
പോലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകള്‍ ആര്‍ക്കും പിന്നിലല്ലെന്നും ഏത് ചുമതലയും നിര്‍വഹിക്കാന്‍ അവര്‍ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് വനിതാ പോലിസ് ബറ്റാലിയന്റെ പാസ്സിംഗ് ഔട്ട് പരേഡ് സമൂഹത്തിന് നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളില്‍ ഏറ്റവും പ്രധാനമാണ് പോലിസ് സേനയിലെ വനിതാ സാന്നിധ്യം. അത് സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉയര്‍ന്ന പ്രഫഷനല്‍ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയന്‍. ഇത് പോലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കേരള പോലിസ് കാഴ്ചവയ്ക്കുന്നത്. പോലിസിന്റെ ഈ യശസ്സ് കൂടുതല്‍ ഉയര്‍ത്താന്‍ പുതുതായി സേനയുടെ ഭാഗമാകുന്ന ഓരോരുത്തരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സേനയാണ് കേരള പോലിസ്. ഏതൊരു ആപല്‍ഘട്ടത്തിലും ജനങ്ങളുടെ ഉറ്റസഹായിയായി എത്തുന്ന സേനയായി പോലിസ് മാറിക്കഴിഞ്ഞു. ഇതിനപവാദമായി കാണുന്ന ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ലാതെ സര്‍വീസിലുടനീളം സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കേരള പോലീസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരേഡ് കമാന്റര്‍ പി ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്പനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പോലീസിന്റെ ഭാഗമായി.
ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി വൈ അനില്‍കാന്ത്, മേയര്‍ എം കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ട്രെയിനിംഗ് എഡിജിപിയും പോലീസ് അക്കാദമി ഡയറക്ടറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ, ട്രെയിനിംഗ് ഐജി കെ പി ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ കെ അജി, പി എ മുഹമ്മദ് ആരിഫ്, എല്‍ സോളമന്‍, നജീബ് എസ്, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊല്ലം കരിക്കോട് കൃഷ്ണാജ്ഞനം വീട്ടില്‍ എ വര്‍ഷ (മികച്ച ഇന്‍ഡോര്‍), വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടില്‍ പി ജെ ദിവ്യ (മികച്ച ഔട്ട്‌ഡോര്‍), വൈക്കം ആലവേലില്‍ വീട്ടില്‍ കെ എസ് ഗീതു (മികച്ച ഷൂട്ടര്‍), പാറശ്ശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള വീട്ടില്‍ എസ് ഐശ്വര്യ (മികച്ച ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
പരിശീലന കാലയളവില്‍ പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധ പരിശീലനം, ഫയറിംഗ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തി പ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എഞ്ചിനീയറിംഗ്, കമാണ്ടോ ട്രെയിനിംഗ്, ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍, വിവിഐപി സെക്യൂരിറ്റി, ജംഗ്ള്‍ ട്രെയിനിംഗ്, ഫയര്‍ ഫൈറ്റിംഗ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, ഭീകര വിരുദ്ധ പരിശീലനം, ദേശീയ ദുരന്ത നിവാരണ സേനാ പരിശീലനം എന്നിവ പൂര്‍ത്തിയാക്കി. ഭരണഘടന, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, അബ്കാരി ആക്ട്, എന്‍ഡിപിഎസ് ആക്ട്, വിവരാവകാശ നിയമം, ജെന്‍ഡര്‍ ഇക്വാളിറ്റി, മനുഷ്യാവകാശ സംരക്ഷണം, ഭരണനിര്‍വ്വഹണം, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം, സൈബര്‍ നിയമം, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങിയ തിയറി വിഷയങ്ങളിലും ഇവര്‍ക്ക് പരിശീലനം ലഭിച്ചു. ഇതോടൊപ്പം നീന്തല്‍, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍ എന്നീ പരിശീലനങ്ങളും കൊച്ചി നേവല്‍ ബേസിലും കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്തുമായി കോസ്റ്റല്‍ സെക്യൂരിറ്റിയില്‍ പ്രായോഗിക പരിശീലനവും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിസിന്‍ പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം- 109, കൊല്ലം- 75, പത്തനംതിട്ട- 7, കോട്ടയം- 13, ഇടുക്കി- 10, ആലപ്പുഴ- 30, എറണാകുളം- 21, തൃശൂര്‍- 22, കണ്ണൂര്‍- 33, പാലക്കാട്- 49, മലപ്പുറം- 21, കോഴിക്കോട്- 41, കാസര്‍ഗോഡ്- 5, വയനാട്- 10 എന്നിങ്ങനെ വിവിധ ജില്ലയില്‍ നിന്നുള്ളവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
പെണ്‍കരുത്ത് വിളിച്ചോതി വനിതാ ബറ്റാലിയന്‍; 120 പേര്‍ക്ക് പിജി, 184 പേര്‍ക്ക് ബിരുദം
പരിശീലനം പൂര്‍ത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ച് വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും പ്രൊഫഷനല്‍ മികവിലും ഏറെ മുന്നില്‍. പുറത്തിറങ്ങിയ 446 പേരില്‍ 120 പേര്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും 184 പേര്‍ ബിരുദവും ഉള്ളവരാണ്. എംസിഎ (രണ്ട്), എംബിഎ (ആറ്), എംടെക് (ആറ്), ബിടെക് (57), ബിഎഡ് (47) എന്നിങ്ങനെ പ്രൊഫഷനല്‍ ബിരുദ ധാരികളും കൂട്ടത്തിലുണ്ട്. 19 പേര്‍ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് രാജിവെച്ച് സേനയിലെത്തിയവരാണ്.
30 വയസ്സിനു താഴെ പ്രായമുള്ളവരാണ് കൂടുതല്‍ പേരും. 25 വയസ്സിനു താഴയുള്ളവര്‍ 23 പേരുണ്ട്. 277 പേര്‍ വിവാഹിതരാണ്. പരിശീലന കാലയളവില്‍ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയതിന് ബെസ്റ്റ് ആള്‍ റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട എസ് ഐശ്വര്യ കമ്പ്യൂട്ടര്‍ സയന്‍സ്- സിസ്റ്റം എഞ്ചിനീയറിംഗില്‍ എംടെക് ഒന്നാം റാങ്കുകാരിയാണ്. എംജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഫിലോസഫിയില്‍ രണ്ടാം റാങ്ക് നേടിയ വല്ലാര്‍പാടം കടുമുണ്ടി പറമ്പില്‍ വീട്ടില്‍ കെ സി ആതിര, എംകോം ഫിനാന്‍സില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാലാം റാങ്ക് നേടിയ എറണാകുളം കുമ്പളങ്ങി കടവിപറമ്പില്‍ വീട്ടില്‍ കെ എസ് നീനു സ്റ്റെന്‍ സ്ലാവൂസ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാലാം റാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി പാറച്ചാലില്‍ വീട്ടില്‍ കൃഷ്ണ സഹദേവന്‍ തുടങ്ങിയവരും പോലീസ് സേനയുടെ ഭാഗമായി.
കോഴിക്കോട് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്ട് റെസല്യൂഷന്‍ സെന്റര്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച എംസിഎ ബിരുദധാരി പേരാമ്പ്ര സ്വദേശി നൗഷിജ, വനിതാ വോളിബോള്‍ ദേശീയ ചാമ്പ്യനും കേരള ടീമംഗവുമായിരുന്ന വയനാട് നായ്‌ക്കെട്ടി സ്വദേശി സ്വദേശി വി എ അശ്വതി, ദേശീയ ജൂനിയര്‍ അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ താമരശ്ശേരി സ്വദേശി വി സി സ്വാതി, ഹോക്കി താരം പാലക്കാട് മണ്ണംപാടം സ്വദേശി എസ് നീതു, രണ്ടുതവണ ഇന്റര്‍ കോളേജിയറ്റ് ക്വിസ് ചാമ്പ്യനായ കെ ശബ്‌ന, പ്രസംഗ രംഗത്ത് കഴിവ് തെളിയിച്ച ആലപ്പുഴ കലവൂര്‍ സ്വദേശി എസ് പി ആരതി, കഥകളി-കൂടിയാട്ടം കലാകാരി കൊയിലാണ്ടി സ്വദേശി കെ നീതി, എക്കണോമിക്‌സില്‍ എംഫില്‍ നേടിയ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിമി മോഹന്‍ദാസ് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്.