മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പഞ്ചായത്ത് പൊതുകിണറുകളും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ പൂർത്തിയായി. സ്വകാര്യ കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡർ എല്ലാ വീടുകളിലും ആശാ പ്രവർത്തകർ ഇതിനകം എത്തിച്ചിട്ടുണ്ട്.
ശുചിത്വമിഷൻ വിഹിതമായ 1,60,000 രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1,60,000 രൂപയും നാഷണൽ ഹെൽത്ത് മിഷൻ വിഹിതമായ 1,60,000 രൂപയും കൂടി 4,80,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
റോഡരികിൽ മഴവെള്ളം ഒഴുകി പോകാൻ തടസമായ കാനകളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികളും നടക്കുന്നുണ്ട്. കോഴിത്തോട്ടിലെയും കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിലെയും ചണ്ടി നീക്കം ചെയ്യുന്നതിനും തീരുമാനമായി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കാനകൾ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ ചാവക്കാട് അസിസ്റ്റന്റ് എൻജിനീയർക്ക് നിർദ്ദേശം നൽകി. വർക്ക് ടെണ്ടർ നടപടി പൂർത്തീകരിച്ചതിനാൽ അടിയന്തരമായി പണികൾ ആരംഭിക്കാനും തീരുമാനമായി. അങ്കണവാടികൾ, സ്കൂളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഭീഷണിയുള്ള മരങ്ങളും ചില്ലകളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ചു നീക്കും.
കാലവർഷക്കെടുതിയിൽ സഹായമേകാൻ സന്നദ്ധപ്രവർത്തകരുടെ ടീം ഉൾപ്പെടെ പഞ്ചായത്തിൽ തയ്യാറാണ്. പൊതുസ്ഥലങ്ങളിൽ മരങ്ങൾ വീണാൽ മുറിച്ചു നീക്കുന്നതിനുള്ള കട്ടർ, വടം എന്നിവയും ഗ്രാമപഞ്ചായത്ത് കരുതിയിട്ടുണ്ട്.