കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ് തടയിണ നിര്‍മ്മിക്കുക, ഹൈവേകളിലും പിഡബ്ല്യുഡി റോഡുകളിലും അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന
മരങ്ങള്‍, മരക്കൊമ്പുകള്‍ വെട്ടിമാറ്റുക, കുളങ്ങള്‍, തോടുകള്‍, കാനകള്‍ എന്നിവയുടെ ശുചീകരണം തുടങ്ങി പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
മണ്ഡലത്തിലെ പഞ്ചായത്തുകളുടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സേവനം പ്രത്യേകമായി ഉറപ്പുവരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും ക്യാമ്പ് തുടങ്ങാനുമുള്ള സംവിധാനവും ഓരോ പഞ്ചായത്തുകളും ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്നും യോഗത്തില്‍ എംഎല്‍എ വ്യക്തമാക്കി. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍,
പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള ജാഗ്രതാ സമിതിയാണ് മണ്ഡലത്തില്‍ നിലവില്‍ ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ശക്തമായ മഴയിലും കാറ്റിലും കയ്പ്പമംഗലം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷി ഉള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ അറപ്പതോട് പൊട്ടിച്ചത്‌കൊണ്ട് തീരദേശത്തെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്.
യോഗത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, ബിന്ദു രാധാകൃഷ്ണന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ശോഭന രവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, എടത്തിരുത്തി വൈസ് പ്രസിഡന്റ് ദില്‍ഷ സുധീര്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ, പൊലീസ്, ഫയര്‍ഫോഴ്‌സ്, നാഷ്ണല്‍ഹൈവേ, പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.