26 C
Thrissur
വ്യാഴാഴ്‌ച, ജൂലൈ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കൊടകരയില്‍ പെണ്‍തൊഴിലിടം ഒരുങ്ങുന്നു; ശിലാസ്ഥാപനം ഇന്ന് (മെയ് 21)

വായിരിച്ചിരിക്കേണ്ടവ

 

വനിതകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പെണ്‍തൊഴിലിടം (ഷീ വര്‍ക്ക് സ്‌പെയ്‌സ്) ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം, തൊഴിലുകളില്‍ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഷീ വര്‍ക്ക് സ്‌പെയ്‌സിന്റെ ശിലാസ്ഥാപനം ഇന്ന് (മെയ് 21) ഉച്ചയ്ക്ക് 2 മണിക്ക്
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതിനായി 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് പെണ്‍ തൊഴിലിടം.

വല്ലപ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒരേക്കര്‍ ഭൂമിയിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. 83,390 ചതുരശ്രടി തറ വിസ്തീര്‍ണ്ണത്തില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 10.35 കോടി രൂപ വിനിയോഗിച്ച് 32,260 ചതുരശ്രടിയും രണ്ടാംഘട്ടത്തില്‍ 18.60 കോടി രൂപയ്ക്ക് 47,130 ചതുരശ്രടിയും പൂര്‍ത്തിയാക്കും. 2023 മാര്‍ച്ച് മാസത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാകും.

തൃശൂര്‍ ജില്ലാപഞ്ചായത്ത് വിഹിതമായി 1,14,50,000/ രൂപയും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള അളഗപ്പനഗര്‍, കൊടകര, നെന്മണിക്കര, മറ്റത്തൂര്‍, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 27,70,000/ രൂപയും, ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 53,50,953 രൂപയുമാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ ജില്ലാ ആസൂത്രണബോര്‍ഡിന്റെ ഇന്‍സെന്റീവ് തുകയായ രണ്ട് കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 2022-23 ബജറ്റ് വിഹിതമായി ഒരു കോടി രൂപയും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ഒരിടം നല്‍കുക, ആധുനിക രീതിയിലുള്ള വുമണ്‍ ഹെല്‍ത്ത് ക്ലബ്ബ്, ക്രഷ്, റസ്റ്റോറന്റ്, ഡോര്‍മെട്രി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, മറ്റ് തൊഴില്‍ പരിശീലന ഇടങ്ങള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍, ഫാര്‍മസി, ക്ലിനിക്ക്, എ ടി എം, സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കായുളള പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.

ചടങ്ങില്‍ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ബെന്നി ബഹന്നാന്‍ എം പി, എം എല്‍ എമാരായ കെ കെ രാമചന്ദ്രന്‍, ടി ജെ സനീഷ്‌കുമാര്‍ ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആന്റ് ഗ്രാമവികസന കമ്മീഷണര്‍ ഡി ബാലമുരളി, ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി അലക്‌സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -