കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തീകരിക്കുന്നതിന് ബാലസഭാംഗങ്ങൾക്കായി നടത്തുന്ന “കിളിക്കൂട്ടം” അവധിക്കാല സഹവാസ ക്യാമ്പിന് തുടക്കം. നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളെ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക, കലാ, സാഹിത്യരംഗത്ത് ദിശാബോധം നൽകുക, നേതൃത്വ പരിശീലനം നൽകുക, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
കുടുംബശ്രീ ബാലസഭാംഗങ്ങൾക്ക് കല, സാഹിത്യം, ശാസ്ത്രം, പരിസ്ഥിതി, സാമൂഹികം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തികളെ
പരിചയപ്പെടുന്നതിനും അവരുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനുമുള്ള ഒരു ക്രിയാത്മക വേദിയൊരുക്കുകയാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ബാലസഭാംഗങ്ങൾക്ക് അവരുടെ സർഗശേഷിയെ വളർത്താനും സാമൂഹികവും വിദ്യാഭ്യാസപരവുമായ നൂതനമായ ആശയങ്ങളും അറിവും നേതൃപാടവവും നേടാനുമുള്ള മികച്ച അവസരം കൂടിയാണ് കിളിക്കൂട്ടം.
ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. പ്രകൃതിയിലേയ്ക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ എന്ന വിഷയത്തില്‍ ഡോ.സന്ദീപ് ദാസ്, അവനവന്‍ അവളവള്‍ പിന്നെ അവരവരും എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത, ആയിരം കാന്താരി പൂത്തകാലം എന്ന വിഷത്തില്‍ പ്രൊഫ.കെ.പാപ്പുട്ടി, ഭാവിയുടെ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ അരുണ്‍ രവി എന്നിവര്‍ ക്ലാസുകളെടുത്തു.
എല്ലാ ജില്ലയില്‍ നിന്നും അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ടില്‍ നിന്നും മൂന്ന് പേര്‍ വീതമുള്ള 45 പേര്‍ക്കാണ് ക്യാമ്പ്. കുടുംബശ്രീ കിലയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. 29 വരെയാണ് ക്യാമ്പ്. കിലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പീറ്റര്‍ എം രാജ് അധ്യക്ഷനായിരുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സി പി അബ്ദുള്‍ കരീം, മൈന ഉമൈബാന്‍, ഡാനി ലിബ്‌നി എന്നിവര്‍ സംസാരിച്ചു.