വിദ്യാലയങ്ങൾ ജൂൺ 1 ന് തുറക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും 3 ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ പി ടി എ പ്രസിഡന്റുമാരുടെയും പ്രധാനധ്യാപകരുടെയും സംയുക്തയോഗം ചേർന്നു.
മെയ് 23ന് ഉച്ചയ്ക്ക് 2 മണിക്ക്, സ്കൂൾ ശുചീകരണ പദ്ധതിയായ കളിമുറ്റം ഒരുക്കാം പരിപാടിയുടെ സംഘാടക സമിതി യോഗം ചേരാൻ തീരുമാനമായി. 25ന് 3 മണിക്ക് നന്തിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് കളിമുറ്റം ഒരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കുന്നത്. കോർപ്പറേഷൻ, നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലത്തിലും പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ അന്ന് മുതൽ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ മെയ് 31 വരെ നീണ്ടുനിൽക്കും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് /മുൻസിപ്പൽ /കോർപ്പറേഷൻ കമ്മിറ്റികളും പി ടി എ, സ്റ്റാഫ് കൗൺസിൽ, എസ് ആർ ജി, എസ് എസ് ജി തുടങ്ങി യോഗങ്ങളും വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
മെയ് 24ന് ഉച്ചയ്ക്ക് 2 മണിക്ക്, ജില്ലാതല പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി യോഗം നടക്കും. പട്ടിക്കാട് ഗവ.എൽ പി സ്കൂളിലും ഹയർ സെക്കന്ററി സ്കൂളിലുമായാണ് ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനതലത്തിലും സ്കൂൾ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂൾ പ്രധാനധ്യാപകരുടെയും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെയും യോഗം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. ജില്ലാതല ഉന്നതഉദ്യോഗസ്ഥരുടെ യോഗവും നടന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനിച്ചിരുന്നു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിലും പ്രവേശനോത്സവ ചടങ്ങുകളിലും എല്ലാ ബഹുജനങ്ങളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അഭ്യർത്ഥിച്ചു.