കോവിഡ് ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ സ്കൂൾ അങ്കണങ്ങളിലെത്തുന്ന കുരുന്നുകളുടെ കളിച്ചിരികൾക്ക് ഇരട്ടി പകിട്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്നത് 13 സ്കൂളുകളാണ്. വിദ്യാകരണം മിഷന്റെ ഭാഗമായി 11 സ്കൂളുകളും കിഫ്ബി ധനസഹായത്തോടെ 2 സ്കൂളുകളുമാണ് ഹൈടെക് മികവോടെ ഉയർന്ന നിലവാരത്തിലെത്തുന്നത്.
വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, എം എൽ എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയിൽ 11 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്. കിഫ്ബി അഞ്ച് കോടി ധനസഹായത്തോടെ ജികെവിഎച്ച്എസ്എസ് എറിയാട്, ജി എച്ച് എസ് എസ് മുല്ലശ്ശേരി, പ്ലാൻ ഫണ്ട് ഉപയോഗിച്ച് ജിജെബിഎൽപിഎസ് നെടുപുഴ, ജിയുപിഎസ് അഴീക്കോട്, ജിഎൻബിഎച്ച്എസ് കൊടകര, ജിജി എച്ച്എസ് ചാലക്കുടി, ജിവിഎച്ച്എസ്എസ് പുതുക്കാട്, ജിഎച്ച്എസ്എസ് ചെമ്പൂച്ചിറ, ജിഎച്ച്എസ്എസ് ഐരാണിക്കുളം,
എം എൽ എ ഫണ്ട് ഉപയോഗിച്ച് ജിഎം ജിഎച്ച്എസ്എസ് തൃശൂർ, ജിഎച്ച്എസ് എസ് കടിക്കാട് സ്കൂൾ കെട്ടിടങ്ങളാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മെയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് പുതിയതായി നിർമ്മിച്ച 76 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ.വിഎച്ച്എസ് സ്കൂളിൽ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന ജില്ലാതല ഉദ്ഘാടനം നെടുപുഴ
ജിജെബിഎൽപിഎസ് സ്കൂളിൽ
റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും.
തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച് രണ്ട് സ്കൂളുകൾ
കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ചത് രണ്ട് സ്കൂളുകൾ. മന്ദലാംകുന്ന് ജി എഫ് യു പി എസ് , വാടാനപ്പള്ളി ജി എഫ് യു പി എസ് സ്കൂളുകളാണ് പൂർത്തിയായവ.
കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മെയ് 30ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. മത്സ്യ ബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിർമ്മാണം പൂർത്തിയാക്കിയ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് നാടിന് സമർപ്പിക്കുന്നത്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 66.34 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്നു.