കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെണെന്നും കോടതി ആരാഞ്ഞു. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. ഞായറാഴ്ച രാത്രിയില്‍ വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിച്ചത്.
കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കിലും സമരത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി കൂടുതല്‍ സമയം സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഞായറാഴ്ചയുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂവായിരത്തോളം പേര്‍ ഉണ്ടായിരുന്നെന്നും 40 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരില്‍ നിന്നും ഈടാക്കുമെന്നും പരിക്കേറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിഴിഞ്ഞം സമരത്തില്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന വാദമാണ് കേസ് പരിഗണിച്ചപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഉന്നയിച്ചത്. പൊലീസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. മാസങ്ങളായി നിര്‍മാണപ്രവൃത്തികള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് കോടികളാണ് തങ്ങള്‍ക്ക് നഷ്ടമെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ടു പൊതുമുതല്‍ നശിപ്പിച്ചതില്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.
വിഴിഞ്ഞം; എന്തു നടപടിയുണ്ടായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
- Advertisement -