27 C
Thrissur
ഞായറാഴ്‌ച, മെയ്‌ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വയലാര്‍ അവാര്‍ഡ് ഹരീഷിന് സമ്മാനിച്ചു

തിരുവനന്തപുരം: ഒരു പുസ്തകത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് വായനക്കാരാണെന്നും വായനക്കാരുടെ സര്‍ഗാത്മകയാണ് അവാര്‍ഡിലൂടെ തെളിയുന്നതെന്നും സാഹിത്യകാരനും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് മീശ എന്ന നോവലിന്റെ രചയിതാവ് എസ്.ഹരീഷിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയുടെയും പഠനത്തിന്റെയും സംസ്‌കാരങ്ങളാണ് അവാര്‍ഡിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.മറ്റ് പല ഭാഷകളിലും ഇത്തരം അവാര്‍ഡുകള്‍ നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുത. അവാര്‍ഡുകള്‍ നല്‍കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് സാഹിത്യത്തിന്റെ ഏറ്റവും വലിയ മേന്മയായി മാറുന്നു. പുസ്തകം ആഘോഷിക്കപ്പെടുന്നത് അവാര്‍ഡ് ലഭിക്കുന്നതുകൊണ്ട് മാത്രമല്ല. അവാര്‍ഡ് ലഭിക്കുമ്പോള്‍ പുസ്തകത്തിന് കൂടുതല്‍ ആസ്വാദകരെ ലഭിച്ചു എന്നുവരാം. എന്നാല്‍, അവാര്‍ഡും പ്രശസ്തിയുമൊക്കെ പുസ്തകത്തിനൊപ്പം എത്രദൂരം സഞ്ചരിക്കുമെന്ന് ആലോചിക്കണം. എന്നാല്‍, മീശ എന്ന നോവലിനൊപ്പം മലയാള സാഹിത്യം പൂര്‍ണമായും സഞ്ചരിക്കുന്നുവെന്നതാണ് അതിന്റെ വലിയ പ്രത്യേകതയെന്നും പെരുമ്പടവം പറഞ്ഞു. വലിയ എഴുത്തുകാര്‍ നേടിത്തന്ന സ്വാതന്ത്ര്യം നഷ്ടപ്പെടാതെ നോക്കുകയെന്നതാണ് എഴുത്തുകാരുടെ ഉത്തരവാദിത്തമെന്ന് അവാര്‍ഡ് സ്വീകരിച്ച് ഹരീഷ് പറഞ്ഞു.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമാണ് അവാര്‍ഡ്. കെ.ജയകുമാര്‍ പ്രശസ്തിപത്രം സമ്മാനിച്ചു. കവി പ്രഭാവര്‍മ്മ, എഴുത്തുകാരന്‍ വി.ജെ.ജയിംസ്, പ്രൊഫ.ജി.ബാലചന്ദ്രന്‍, സി.ഗൗരിദാസന്‍ നായര്‍, സുമേഷ് കൃഷ്ണന്‍ എന്‍.എസ്, ട്രസ്റ്റ് സെക്രട്ടറി ബി.സതീശന്‍ പങ്കെടുത്തു.

 

- Advertisement -
Exit mobile version