കൊച്ചി:എറണാകുളം പനമ്പള്ളി നഗറില്‍ മൂന്നു വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ തിരികെ വീട്ടിലെത്തുമെന്നു എങ്ങിനെ പറയാനാവൂമെന്നു കോടതി ആരാഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു.കുട്ടി കാനയില്‍ വീണ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും മാപ്പക്കണമെന്നും സെക്രട്ടറി കോടതിയില്‍ ആവശ്യപ്പെട്ടു.
സംഭവം ന്യായീകരിക്കാന്‍ നോക്കരുതെന്നു കോടതി സെക്രട്ടറിയോട് തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. അമ്മയോടൊപ്പം നടന്നുപോയ കുട്ടിയാണ് കാനയില്‍ വീണത്.അമ്മയുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടല്‍ കൊണ്ടാണ് തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെട്ടത്. ഗുരുതരമായ അപകടമാണുണ്ടായത് ഇത്തരത്തില്‍ ഒരു കുട്ടി പോലും ഇങ്ങനെയുള്ള അനുഭവം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരന്‍ സിറ്റിയില്‍ എങ്ങിനെ നടക്കണമെന്ന വിഭാവന ചെയ്തായിരുന്നു ഓപ്പറേഷന്‍ ഫുട്പാത്ത് എന്ന പദ്ധതി.ഈ പദ്ധതി ഗുണകരമാണെന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണ്.
പൊട്ടി പൊളിഞ്ഞ കാനകള്‍ രണ്ടാഴ്ച്ചയ്ക്കകം അന്തര്‍ദേശീയ നിലവാരത്തില്‍ നന്നാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. ഇനി ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.കാനയില്‍ മൂന്ന് വയസ്സുകാരന്‍ വീണ സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഖേദം രേഖപ്പെടുത്തിയെങ്കിലും ഖേദമല്ല, നടപടിയാണ് ആവശ്യമെന്ന് കോടതി മറുപടി നല്‍കി.രണ്ടാഴ്ചക്കുളളില്‍ നഗരത്തിലെ തുറന്നു കിടക്കുന്ന എല്ലാ കാനകളും സ്ലാബിട്ട് മൂടുമെന്നു കോര്‍പറേഷന്‍ സെക്രട്ടറി ഉറപ്പു നല്‍കി.കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.