കോഴിക്കോട്:കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ആഴക്കടല്‍ മത്സ്യബന്ധന കരാറും വിഴിഞ്ഞം തുറമുഖത്തെ സമരവും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘടനയ്ക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് സിഐടിയു 15ാമത് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സിഐടിയു ഭാരവാഹി കൂടിയായ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ ഇരുത്തിയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ആലപ്പുഴയില്‍ നിന്നുള്ള അംഗം വിമര്‍ശനം ഉന്നയിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് നിലനിന്ന സംശയങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറോ മുന്നണി സംവിധാനമോ മുന്‍കൈ എടുത്തില്ലെന്നും അംഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും.
മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ടാഗോര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്തു.ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പങ്കജാക്ഷന്‍ സംസാരിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ഖജാന്‍ജി പി.നന്ദകുമാര്‍ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു.604 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ.ഹേമലത, വൈസ് പ്രസിഡന്റ് എ.കെ പത്മനാഭന്‍, സെക്രട്ടറി ആര്‍ കരുമലയന്‍ എന്നിവരും സംബന്ധിക്കുന്നു. സമ്മേളനം 19ന് സമാപിക്കും.
മത്സ്യത്തൊഴിലാളി മേഖലയില്‍ തിരിച്ചടിയെന്ന് സിഐടിയു സമ്മേളനത്തില്‍ വിമര്‍ശനം
- Advertisement -