ശബരിമല: കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍ക്കു ജന്മസാഫല്യം. വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി കാതങ്ങള്‍ താണ്ടി അയ്യപ്പനെ കാണാന്‍ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളില്‍ ഒരേ സ്വരത്തില്‍ ഒറ്റപ്രാര്‍ഥന മാത്രം സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കര്‍പ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോള്‍, ശരണംവിളിയുടെ അലകളില്‍ ശബരിമല ഭക്തിയുടെ കൊടുമുടിയായി.
ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകള്‍ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണംവിളി അയ്യനുള്ള ആരതിയായി.
പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ തമ്പടിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പനു ചാര്‍ത്താന്‍ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തു തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.
മകരജ്യോതി തൊഴുത് സ്വാമിമാര്‍, ജന്മസാഫല്യം; ശരണമന്ത്ര മുഖരിതമായി ശബരിമല
- Advertisement -