ചാലക്കുടി: ട്രാംവേ മ്യൂസിയം സജീകരിയ്ക്കുന്നതിനായി അനുമതി ലഭിച്ച ഭൂമി സംബന്ധമായ രേഖകള്‍ ചാലക്കുടി എം എല്‍ എ സനീഷ്‌കുമാര്‍ ജോസഫിന്റെ സാനിധ്യത്തില്‍ തഹസില്‍ദാര്‍ ഇ.എന്‍.രാജു പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍എഞ്ചിനിയര്‍ എസ്. ഭൂപേഷിന് കൈമാറി.
ഭൂമിസംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം സജ്ജീകരണം എത്രയും വേഗം ആരംഭിയ്ക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്.ചാലക്കുടി വില്ലേജില്‍ ഉള്‍പ്പെട്ട റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്പത് സെന്റ് സ്ഥലത്ത് പുരാവസ്തു വകുപ്പിന് ഉപയോഗാനുമതി നല്‍കി കൈമാറുവാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു.
ഒരു കോടി നാല്പത്തിരണ്ട് ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം സജ്ജീകരിയ്ക്കുന്നത്.ആദ്യഘട്ടത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരിയോടെ ആരംഭിയ്ക്കുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിര്‍ദിഷ്ട സ്ഥലം കൈമാറുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജ്ജിതമാക്കുവാന്‍ തിരുവന്തപുരത്ത് ചേര്‍ന്ന റെവന്യൂ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പടെ എം എല്‍ എ വിഷയം അവതരിപ്പിച്ചിരുന്നു.നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് , വൈസ് ചെയര്‍പേഴ്സണ്‍ ആലിസ് ഷിബു, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീദേവി സി., സൂസമ്മ ആന്റണി,ബിന്ദു ശശികുമാര്‍,ശിവാനന്ദന്‍ എ.എസ്.ഗീത പി.എസ്. പങ്കെടുത്തു.