ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് പാപ്പാന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. നടന്നുവരുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ ആന പാപ്പാന്‍ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആനയുടെ വശത്തുകൂടി നടക്കുകയായിരുന്ന രാധാകൃഷ്ണനെ പെട്ടെന്നു വെട്ടിത്തിരിഞ്ഞ ആന തുമ്പിക്കൈയില്‍ ചുറ്റിയെടുക്കാന്‍ ശ്രമിച്ചു. ഓടിമാറുന്നതിനിടെ രാധാകൃഷ്ണന്‍ നിലത്തു വീണെങ്കിലും ആനയ്ക്ക് മുണ്ടിലാണു പിടിത്തംകിട്ടിയത്. ആന മുണ്ട് വലിച്ചെടുക്കുന്നതിനിടെ രാധാകൃഷ്ണന്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ട്ചുരുട്ടിയെറിഞ്ഞ ശേഷം ആന ശാന്തനാകുകയും ചെയ്തു.
ആന ക്ഷേത്രത്തില്‍നിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിനു സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകര്‍ത്തുകയായിരുന്ന ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. കല്യാണ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആനയുടെ ആക്രമണവും പാപ്പാന്റെ അദ്ഭുതകരമായ രക്ഷപ്പെടലും വാര്‍ത്തയായത്.