അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനം ഇന്ന്, അതിരപ്പിള്ളിയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയില്‍ ഇന്ന് (22.05.2022) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിലെ രണ്ടു പഞ്ചായത്തുകളില്‍ നിന്ന് നാലുപേര്‍ പ്രതിനിധികളായി പങ്കെടുക്കും. യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി.) ന്റെ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്‌കേപ്പ് പദ്ധതി (ഐ.എച്ച്.ആര്‍.എം.എല്‍.) യിലുള്‍പ്പെടുത്തി നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ മറയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അനുഭവം പങ്കിടാനും പഞ്ചായത്തിന്റെ പിന്തുണയോടെ ഐ.എച്ച്.ആര്‍.എം.എല്‍. പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുമാണ് അവസരം ലഭിച്ചത്. ബയോഡൈവേഴ്സിറ്റി ബോര്‍ഡുമായി ഏകോപിപ്പിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ചത്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജേഷ് കെ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ നടാഷ വിജയന്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സിനി പുന്നൂസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. യു.എന്‍.ഡി.പി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശില്‍പ ഇവരെ അനുഗമിക്കും. അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രാദേശിക കര്‍മപദ്ധതി, ഹരിത ഇടനാഴി, മറയൂരിലെ കരിമ്പ് കൃഷിയില്‍ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ സംരംഭം, പരമ്പരാഗത ജൈവകൃഷി, മാലിന്യ ശേഖരണത്തിനും വേര്‍തിരിക്കലിനും കുടുംബശ്രീ, ഹരിതകര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ അനുവര്‍ത്തിച്ചുവരുന്ന വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ അവതരിപ്പിക്കും. യു.എന്‍.ഡി.പി.യുടേയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും സ്റ്റാളുകളിലാണ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം.