ഞങ്ങളേക്കുറിച്ച്
1976 മെയ് 21 മുതൽ തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് ജനറൽ. ജനറൽ പത്രത്തിന്റെ ആദ്യ അച്ചടി അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ (പിന്നീട് കേരള മുഖ്യമന്ത്രിയായി) 1976, മെയ് 21ന് പുറത്തിറക്കി.
അന്ന് അച്ചടിക്കാനായി ജനറൽ പത്രകുടുംബം ചെരുത്തുരുത്തിയിൽ നിന്നും മഹാകവി വള്ളത്തോളിൽ നിന്ന് ഒരു സിലിണ്ടർ പ്രസ്സ് വാങ്ങി. സ്വന്തമായി അച്ചുനിരത്തിയ പ്രസ്സിൽ നിന്നും അത്യാധുനിക ഓഫ്സെറ്റ് പ്രസിലേക്കും തുടർന്ന് അതിനൂതന കളർ വെബ് ഓഫ്സെറ്റ് പ്രസ്സിൽ വരെ എത്തിയിരിക്കുന്നു ജനറൽ പത്രത്തിന്റെ വളർച്ച. എക്കാലവും സ്വന്തമായി പ്രസ് ഉള്ള പത്രമാണ് ജനറൽ.
രണ്ടു പതിറ്റാണ്ടായി ജനങ്ങൾക്ക് നൽകിയ സേവനത്തിനുശേഷം, മാർച്ച് 23,1996 ന്, 1880കൾ മുതൽ തൃശ്ശൂരിൽ ബിസിനസ്സ് നടത്തിയിരുന്ന അതിപുരാതനവും പരമ്പരാഗത കുടുംബമായ ചാഴൂർ ചാണ്ടി കുടുംബത്തിലെ അംഗങ്ങളായ ചാണ്ടിസ് ഗ്രൂപ്പ് (ജോണി ചാണ്ടി) ജനറൽ പത്രകുടുംബത്തെ ഏറ്റെടുത്തു. അതോടൊപ്പം 1998 മുതൽ ജനറൽ പത്രം ഇന്റർനെറ്റ് നെറ്റ്‌വർക്കിംഗ് അധിഷ്ഠിത കമ്പ്യൂട്ടർവൽക്കരിക്കുകയും ഡി.ടി.പി., പ്രീ പ്രസ്, തുടങ്ങി മറ്റു സംവിധാനങ്ങളും അച്ചടി പ്രസ്സും അത്യാധുനികവത്കരിക്കുകയും ചെയ്തു.
2005 മുതൽ ജനറൽ പത്രം അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ഡിജിറ്റൽ വിപ്ലവത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. 2005 മുതൽ ജനറൽ പത്രത്തിന്റെ വെബ്‌സൈറ്റിൽ ഇ-പത്രം ലഭ്യമാണ്.
ജനറൽ പത്രത്തിന്റെ പ്രിന്റ്, ഡിജിറ്റൽ പതിപ്പുകൾ വിവിധ അന്താരാഷ്ട്ര ഇവന്റുകളുടെ മാധ്യമ പങ്കാളിയാണ്. സ്പെയിനിലെ ബാഴ്സിലോണയിലെ ജി.എസ്.എം.എ.യുടെ മൊബൈൽ വേൾഡ് കോൺഫെറൻസ്, എം.ഡബ്ല്യൂ.സി. ഷാങ്ഹായ്, ഏഷ്യ, ബ്രാൻഡഡ് ഏഷ്യയുടെ ഓൾ ദാറ്റ് മാറ്റേഴ്സ്, ഡിജിറ്റൽ മാറ്റേഴ്സ്, മ്യൂസിക് മാറ്റേഴ്സ്, എന്നിവയും ഡബ്ല്യൂ. എച്ച്. ഡി. എന്ന വേൾഡ് ഹോസ്റ്റിങ് ഡേയ്സിന്റെ ഡബ്ല്യൂ. എച്ച്. ഡി. ഏഷ്യ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഗ്ലോബൽ, ക്ലൗഡ്ഫെസ്റ്റ് ഗ്ലോബൽ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ന്യൂ സെവൻ വണ്ടേഴ്സ് ലോകത്തിലെ സപ്താത്ഭുതങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഇന്ത്യയിലെ താജ് മഹൽ അതിൽ ഇടംപിടിച്ചതിൽ ഇന്ത്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ഭാസ്കർ ഗ്രൂപ്പുമായി സഹകരിച്ചു പ്രചാരണം നടത്തുവാൻ ജനറൽ പത്രം മാധ്യമ പങ്കാളിയായി. ഇതിനു പുറമെ ഇന്ത്യയിലെ പ്രമുഖ ദേശീയ ഇവന്റുകളായ മുംബൈയിലെ ഏജിസ് ബിസിനസ് സ്കൂൾ നടത്തുന്ന ഏജിസ് ഗ്രഹാം ബെൽ അവാർഡ്, കിരൺ ബിർ സേഥിയുടെ റിവർസൈഡ് സ്കൂളുടെ ഡിസൈൻ ഫോർ ചേഞ്ച്, ഐ ക്യാൻ എന്നീ ആശയങ്ങളുടെ പ്രചാരണം തുടങ്ങി വലുതും ചെറുതുമായ നിരവധി ഇവന്റുകളുടെ മാധ്യമ പങ്കാളിയാണ് ജനറൽ പത്രം.