സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ
സത്യൻ അന്തിക്കാട് പദ്ധതിയുടെ ഭാഗമായ മാതൃകാ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ആയാസരഹിതമാക്കാൻ സഹായിക്കുന്ന കെ.വി.കെ തയ്യാറക്കിയ ലഘുലേഖകളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. കലാരംഗത്ത് ഉൾപ്പെടെയുള്ള മലയാളികൾ ലഭ്യമായ കൃഷിയിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞതിനോടൊപ്പം വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പ് വരുത്തണമെങ്കിൽ നാം ഓരോരുത്തരും കൃഷിയിലേക്കിറങ്ങിയേ മതിയാകൂ എന്ന് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയം കേരളത്തിന്റെ കാർഷിക മുന്നേറ്റത്തിൽ ഒരു നാഴികകല്ലായിരിക്കട്ടേ എന്ന് അദ്ദേഹം ആശംസിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തി മാതൃക സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്ക് കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത്, കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ എ ലത, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യവർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഞങ്ങളും കൃഷിയിലേക്ക്: മാതൃകാ തോട്ടവുമായി തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം
- Advertisement -