29 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ നിര്യാതനായി

വായിരിച്ചിരിക്കേണ്ടവ

വടക്കാഞ്ചേരി(തൃശൂര്‍): പ്രശസ്ത സാംസ്‌കാരിക വിമര്‍ശകനും ചിത്ര-ശില്‍പ്പ കലാ നിരൂപകനുമായ വിജയകുമാര്‍ മേനോന്‍(75) നിര്യാതനായി.തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജ്ഞാനാശ്രമത്തില്‍ വ്യാസഗിരിയിലായിരുന്നു താമസം.ഏറേ നാളായി ചികിത്സയിലായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.മൃതദേഹം അമല മെഡി.കോളജിന് പഠനാവശ്യത്തിന് കൈമാറും.അവിവാഹിതനാണ്.നിരവധി നിരൂപണങ്ങള്‍ മലയാളത്തിന് സംഭാവന നല്‍കിയ മികച്ച നിരൂപകനാണ് വിജയകുമാര്‍ മേനോന്‍.കേരള സാഹിത്യ അക്കാദമി,ലളിത കലാ അക്കാദമി,കേരള സര്‍വ്വകലാശാല തുടങ്ങി ഒട്ടേറേ പേര്‍ അദ്ദേഹത്തിന്റെ കൃതികള്‍ പുറത്തിറക്കിയിട്ടുണ്ട്.നാളെ(ബുധന്‍) രാവിലെ 11 മുതല്‍ ലളിത കലാ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
1947ല്‍ എളമക്കര ചെറ്റക്കല്‍ മഠം വീട്ടില്‍ അനന്തന്‍ പിള്ളയുടേയും കാര്‍ത്യായനി അമ്മയുടേയും മകനായി ജനനം.കാലടി ശ്രീശങ്കരാ കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിഎസ്‌സി ബിരുദം.തുടര്‍ന്ന് 15 വര്‍ഷത്തോളം ഉദ്യോഗ മണ്ഡലില്‍ ഫാക്റ്റില്‍ സേവനം.ജോലി രാജിവെച്ച ശേഷം എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയില്‍ നിന്ന് കലാചരിത്രത്തില്‍ എംഎ സമ്പാദിച്ചു.മൈസൂര്‍ ചാമ രാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ കലാചരിത്രം-സൗന്ദര്യശാസ്ത്രം അധ്യാപകനായിരുന്നു.വിവിധ കലാലയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും കലാലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ആധുനിക കലാദര്‍ശനം,രവിവര്‍മ്മ,ഭാരതീയ കല ഇരുപതാം നൂറ്റാണ്ടില്‍,ദൈവത്തായ് എന്നിവ കലാപഠന ഗ്രന്ഥങ്ങളാണ്.ലോര്‍ക്കയുടെ രക്തവിവാഹം,യൂജിന്‍ യൊനെസ്‌കോയുടെ കസേരകള്‍ എന്നിവ നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.കളം, പുഴയുടെ നാട്ടറിവുകള്‍ എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്ററുമായിരുന്നു അദ്ദേഹം.ചിത്രകല-ചരിത്രവും രീതികളും,സ്ഥലം കാലം കല,ഭാരതീയ ലാവണ്യ വിചാരവും കലാചാരസപര്യവും,കെ.മാധവ മേനോന്‍ പ്രകൃതി ലാവണ്യം ദര്‍ശനം തുടങ്ങിയ ഗ്രന്ധങ്ങളും ശ്രദ്ധ നേടി.
ദൃശ്യഭാഷ സാമൂഹ്യസ്ഥലമായി മാറുകയും അതു സാംസ്‌കാരിക ചിഹ്നം ആവുകയും ചെയ്യുന്ന തരത്തില്‍ ആഴത്തിലുള്ള പഠനത്തിലൂടെ വിവിധ കലാചരിത്ര സന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍.വിവിധ വിജ്ഞാന ശാഖകളുടെ സമന്വയം ഉള്‍ക്കൊള്ളുന്ന രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുന്നതില്‍ വിജയകുമാര്‍ മേനോന്‍ ഏറേകുറേ വിജയിച്ചിരുന്നു.കലാപഠനം മലയാളത്തില്‍ വളരെ വിരളവും അവികസിതവും ആണ്.എന്നാല്‍ കലാ ചിന്തയുടെ മണ്ഡലം ഇന്നും വളരെ സങ്കീര്‍ണമാണെന്ന് മനസിലാക്കി തന്ന കലാചിന്തകനായിരുന്നു അദ്ദേഹം.അതുകൊണ്ടുതന്നെ സൗന്ദര്യശാസ്ത്രം കേവലം ആസ്വാദനത്തിനും അപ്പുറം പോകുകയും അതിലൊരു വൈജ്ഞാനിക മുഖം ഉണ്ടായി വരികയും ചെയ്യുന്നുവെന്നും അദ്ദേഹം കാണിച്ചുതന്നു.ദൃശ്യഭാഷയില്‍ സ്ഥലവും കാലവും അടയാളപ്പെട്ടിട്ടുണ്ടെന്ന് മലയാളി അല്ലെങ്കില്‍ കേരളീയന്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനൊരു കാരണം വിജയകുമാരമേനോന്‍ നടത്തിയിട്ടുള്ള കലാ നിരീക്ഷണങ്ങളും പഠന പ്രവര്‍ത്തനങ്ങളുമാണ്.
ചിത്ര ശില്‍പ്പ കലകളില്‍ വലിയ പരിണാമങ്ങള്‍ക്കും നവീന ചിന്താധാരകള്‍ക്കും പുതിയ വീക്ഷണങ്ങള്‍ക്കും വായനയ്ക്കും പ്രേരകം ആകുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.കലാ ചിന്ത ഇത്രയധികം സങ്കീര്‍ണ്ണം ആകുമ്പോഴും കലയെ പുതിയ രീതിശാസ്ത്രം ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന്റെ സംതൃപ്തിയും വിജയവും.വ്യത്യസ്ത വീക്ഷണ സവിശേഷത പുലര്‍ത്തുന്ന കലാപഠനങ്ങള്‍ നന്നേ കുറവായ കാലഘട്ടത്തില്‍ മൗലികതയുള്ള നിരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം കലാചരിത്രത്തിലും നിരൂപണത്തിലും ഒരു പുതിയ പാത വെട്ടി തുറന്നു.സ്ഥലം,കാലം എന്ന അമൂര്‍ത്തി ആശയങ്ങളെ കലയുമായി ബന്ധപ്പെടുത്തി ഗൗരവപൂര്‍വ്വം രൂപവിശ്ലേഷണം നടത്തുന്ന അദ്ദേഹത്തിന്റെ രീതിശാസ്ത്രവും ശ്രദ്ധേയമാണ്.
കേരളത്തിലുള്ള നീളം ഈ കലാനിരൂപകന്റെ അധ്യാപക സാന്നിധ്യം രണ്ടു ദശകമായി വളരെ ശ്രദ്ധേയമായിരുന്നു.നവീനമായ പഠന രീതികളെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയ വിജയകുമാര്‍ മേനോന്‍ ഈ രംഗത്ത് അനന്യമാണ് എന്ന് മിക്ക സന്ദര്‍ഭങ്ങളിലും അതിശയോക്തി കലരാതെ പറയേണ്ടിയിരിക്കുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -