34 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭക്തിസാന്ദ്രം, ശ്രീതിരുവൈരാണിക്കുളം നടതുറന്നു

വായിരിച്ചിരിക്കേണ്ടവ

കാലടി: ആകാംക്ഷാഭരിതമായ കണ്ണുകളില്‍ ആനന്ദാശ്രു നിറച്ച് തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതി ദേവിയുടെ തിരുനട തുറന്നു. മംഗല്യപട്ടുടുത്ത്, കനകാഭിഷിക്തയായി ദീപപ്രഭാവലിയില്‍ നീരാടിയ ദേവീദര്‍ശനത്താല്‍ ഭക്തമനസുകള്‍ സായൂജ്യമടഞ്ഞു. വര്‍ണ്ണാഭമായ തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പ് ചടങ്ങുകള്‍ ആരംഭിച്ചത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും തിരുവാഭരണങ്ങളും അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ശങ്കരന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട വര്‍ണ്ണാഭമായ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മേല്‍ശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി ശ്രീകോവിലേക്ക് എടുത്തു. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ചു ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ച ഉടനെ നടതുറക്കുന്നതിന് ആചാര വിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിചെറുമുക്ക് വാസുദേവന്‍ അക്കിത്തിരിപ്പാടും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണി തങ്കമണി ബ്രാഹ്മണിയമ്മയും നടയ്ക്കല്‍ സന്നിഹിതരായി. തുടര്‍ന്ന് ബ്രാഹ്മണി അമ്മ നടയ്ക്കല്‍ വന്നു നിന്ന് ‘സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തു നിന്നും എഴുന്നള്ളിയിട്ടുണ്ടോ’ എന്ന് മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ‘എത്തിയിട്ടുണ്ട്’ എന്ന് സമുദായം തിരുമേനി മറുപടി നല്‍കി. തുടര്‍ന്ന് ‘നടതുറപ്പിയ്ക്കട്ടേ’ എന്ന് മൂന്നുവട്ടം വിളിച്ചു ചോദിച്ചു. ‘തുറപ്പിച്ചാലും’ എന്നു സമുദായം തിരുമേനി മൂന്നു വട്ടം മറുപടി പറഞ്ഞു. പിന്നാലെ ‘തിരുമേനി നടതുറന്നാലും’ എന്നു പുഷ്പ്പിണി അറിയിച്ചതോടെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവച്ചു പൂത്തിരുവാതിര കൊണ്ടാടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ വസിക്കുന്ന ദേവിയോടൊപ്പം ബ്രാഹ്മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. നടതുറപ്പിന്റെ 12 നാളുകളില്‍ രാത്രി നട അടച്ചശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുകയും പുലര്‍ച്ചെ നടതുറക്കുന്നതിനു മുന്നോടിയായി തിരികെ ശ്രീകോരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനും വിശാലമായ പന്തലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ദര്‍ശനം കൂടാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെയാണ് വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ മുതല്‍ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -