33 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് 18 കോടിയുടേത്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് 18 കോടി രൂപ കടന്നേക്കും. വഴിവിട്ട് കോടിക്കണക്കിന് രൂപയാണ് പല വ്യവസായികള്‍ക്കും ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറമെ വായ്പയായി നല്‍കിയിട്ടുള്ളത്. കുറഞ്ഞ മതിപ്പ് വില വരുന്ന സ്ഥലം ഈടായി കാണിച്ച് കോടിക്കണക്കിന് രൂപയാണ് കുന്നംകുളത്തെ ഒരു വ്യവസായി കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ളത്.
ബാങ്ക് പ്രതിസന്ധിയിലായതോടെ ഈ തുക മടക്കിവാങ്ങാന്‍ ചെന്ന ഉദ്യോഗസ്ഥരോട് തിരിച്ചടക്കാന്‍ വേണ്ടിയല്ല താന്‍ വായ്പയെടുത്തത് എന്നായിരുന്ന വ്യവസായിയുടെ മറുപടി. സിപിഎം നേതാക്കള്‍ക്ക് വേണ്ടതുപോലെ കൈക്കൂലി കൊടുത്താണ് താന്‍ അനധികൃതമായി വായ്പ എടുത്തതെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കോര്‍പ്പറേഷന്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഒരു സിപിഎം ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളത്. നിക്ഷേപകര്‍ക്കെല്ലാം തിരിച്ച് നല്‍കാനുള്ള പണം ബാങ്കിലുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റര്‍ അവകാശപ്പെട്ടതെങ്കിലും ഇന്നലെ മുതല്‍ പണം മടക്കി വാങ്ങാനെത്തുന്ന നിക്ഷേപകരോട് പണം നല്‍കാനാവില്ലെന്ന മറുപടിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
കാലാവധി പൂര്‍ത്തിയാകാത്ത നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇന്നലെ മുതല്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളും മടക്കി നല്‍കുന്നില്ല. 208 കോടി രൂപയുടെ ആസ്തിയാണ് ബാങ്കിന് ആകെയുള്ളത്. അതില്‍ 140 കോടി രൂപയാണ് വായ്പയായി നല്‍കിയത്. 50 കോടി രൂപയോളം തട്ടിപ്പ് വാര്‍ത്ത അറിഞ്ഞ ശേഷം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പണം ആവശ്യപ്പെട്ട് വരുന്നവര്‍ക്കെല്ലാം പണം തിരികെ നല്‍കിയാല്‍ ബാങ്കിന്റെ നിലനില്‍പ് ഇല്ലാതാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേഷനിലെ സിപിഎം നേതാവിന്റെ അടുത്ത ആളാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന റിക്സണ്‍. തന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാനായിട്ടാണ് റിക്സണെ നേതാവ് പ്രസിഡന്റാക്കിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഒല്ലൂരിലെ പ്രാദേശിക നേതാവിന്റെ പിന്തുണയും തട്ടിപ്പിനുണ്ട്. അതിനിടെ തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബിജെപി സംസ്ഥാന നേതാവിന്റെ ബിനാമി ഇടപാടുകള്‍ക്ക് ഇടനിലക്കാരായി നിന്നിരുന്നത് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോടിക്കണക്കിന് രൂപയാണ് നേതാവ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. നോട്ട് നിരോധനകാലത്ത് കോടിക്കണക്കിന് രൂപ ഇതേ നേതാവ് ഇതേ ബാങ്കില്‍ നിന്നും മറ്റി എടുത്തതായും സൂചനയുണ്ട്.
നേതാവിന്റെ നിക്ഷേപം ഉള്ളതിനാല്‍ കുട്ടനെല്ലൂര്‍ ബാങ്ക് അഴിമതിയില്‍ നിലപാട് വ്യക്തമാക്കാനാവാത്ത അവസ്ഥയിലാണ് ബിജെപി ജില്ലാ നേതൃത്വം. ഏകദേശം നാല് വര്‍ഷം മുന്‍പാണ് കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ തുടക്കം.അഴിമതിയുടെ വ്യാപ്തി അറിയാമായിരുന്ന ചില ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ സാഹചര്യമാണ് കുട്ടനെല്ലൂരിലുമുള്ളത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -