തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടും വ്യാപക നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച വരെ നിരോധിച്ചു. ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്രയും നിരോധിച്ച് കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.
ഇടുക്കിയില്‍ ചെറുകിട അണക്കെട്ടുകളിൽ മൂന്നെണ്ണം തുറന്നു. കല്ലാർകുട്ടി, പാംപ്ല, ലോവർപെരിയാർ അണക്കെട്ടുകളാണ് തുറന്നത്.
കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്തുടനീളമുണ്ടാകുന്നത്. ആലപ്പുഴയിൽ മരം വീണ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പൊന്നാനിയിൽ വീടുകളില്‍ വെള്ളം കയറി. എറണാകുളം പള്ളിക്കരയിൽ മുട്ടംതോട്ടിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂരിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.
തെക്കൻ ഛത്തീസ്ഗഡിനും വിദർഭക്കും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാൾ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും. അതേസമയം, മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.