26.2 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജി.എസ്.റ്റി.യുടെ പേരിലുള്ള നടപടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റം വരുത്തണം

0

സുപ്രീം കോടതി വിധി സ്വാഗതാർഹം. ജി.എസ്.റ്റി.യുടെ പേരിലുള്ള നടപടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റം വരുത്തണം, രാജു അപ്സര.

ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗണ്സിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും.

എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ  ജനങ്ങൾക്കും, നികുതിദായകർക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്, കൗണ്സിലിന്റെ ശുപാർശ ആവശ്യമില്ലെന്നും, കൗണ്സിൽ നൽകുന്ന എല്ലാ ശുപാര്ശകളും അതേപടി അംഗീകരിക്കേണ്ടതില്ലെന്നും ബഹു:സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ ജി.എസ്.ടി. നിയമങ്ങളിലെ വ്യാപാരിദ്രോഹപരമായ വകുപ്പുകൾ റദ്ദ് ചെയ്യുന്നതിന് തയ്യാറാകണം.

കൂടാതെ, ജി.എസ്.ടി. യുടെ ആരംഭ ഘട്ടത്തിലെ 3 വർഷങ്ങളിലെ അസ്സസ്സ്മെന്റുകൾ, ഏറ്റവും ലഘുതരമായ രീതിയിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര  ആവശ്യപ്പെട്ടു..

മഴക്കാലക്കെടുതി: തീരത്തിന് കാവലാകാൻ 60 അംഗ സംഘം

0

 

മഴക്കാലക്കെടുതി നേരിടാൻ സുസജ്ജമായി അഴീക്കോട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തീരപ്രദേശങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  60 അംഗ സംഘമാണ് അഴീക്കോട് കേന്ദ്രീകരിച്ച് സജ്ജമായിരിക്കുന്നത്.

മതിലകം ബ്ലോക്കിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് പ്രധാനമായും  സംഘത്തിലുള്ളത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (KUFOS) നേതൃത്വം നൽകി നീന്തൽ ഉൾപ്പെടെയുള്ള കായികക്ഷമത പരിശോധനകൾക്ക് ശേഷമാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്പോർട്സിന് കീഴിൽ ജീവൻ രക്ഷാരീതികൾ, ഓപ്പൺ വാട്ടർ ലൈഫ് സേവിംഗ്, ബോട്ട് കൈകാര്യം ചെയ്യൽ, പ്രാഥമിക ചികിത്സാ രീതികൾ തുടങ്ങിയ 15 ദിവസത്തെ പ്രത്യേക  പരിശീലനങ്ങൾക്ക് ശേഷമാണ് ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നത്.

കൂടാതെ പ്രളയ ദുരിത മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പതിനഞ്ചിലധികം  ബോട്ടുകളും വഞ്ചികളും തയ്യാറാണ്. നിലവിൽ മഴ തുടരുന്ന സാഹചര്യത്തിലും മെയ്‌ 27 മുതൽ ആരംഭിക്കുന്ന കാലവർഷത്തിന് മുന്നോടിയായും കൊടുങ്ങല്ലൂർ, അഴീക്കോട് മേഖലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ  അഴീക്കോട് മേഖലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കോസ്റ്റൽ പൊലീസ്  എന്നിവരുടെ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കൺട്രോൾ റൂം നമ്പർ:0480 2996090, കോസ്റ്റൽ പൊലീസ് കൺട്രോൾ റൂം നമ്പർ :04802815100

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

 

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെയും കൃഷിയെയും  സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളിൽ നിന്നും  ഉദ്യോഗസ്ഥരിൽ നിന്നും വന്ന പരിഹാരമാർഗ നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന്  പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ആന, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ, മയിൽ എന്നിവയാണ് കർഷകർക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. സോളാർ ഇലക്ട്രിക് ഫെൻസ്  അടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചെങ്കിലും ഫലവത്താകുന്നില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പ്രതിസന്ധി പരിഹരിക്കാൻ
ഇലക്ട്രിക് ഫെൻസുകൾ വിപുലീകരിക്കണമെന്നും  പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച്  ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കണമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി സജു, ജില്ലാ ആസൂത്രണ സമിതി ഫെസിലിറ്റേറ്റർ അനൂപ് കിഷോർ,  പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി രാജീവ്‌, പഞ്ചായത്ത് – ബ്ലോക്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം

0

 

നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതി സമുച്ചയത്തിന് പുതുജന്മം. ചാവക്കാട് കോടതി സമുച്ചയ നിർമ്മാണത്തിന് 37.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കാലപ്പഴക്കം വന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോടതിക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും കത്ത് നൽകിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കേരള ഹൈക്കോടതിയുടെ കീഴിൽ നേരിട്ട് സ്വന്തം ഉടമസ്ഥതയിൽ മൂന്ന് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളെല്ലാം കാലപഴക്കം സംഭവിച്ചവയാണ്.

ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി. ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ 11 വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ല അതിർത്തി വരെ ചാവക്കാട് കോടതിയുടെ അധികാരപരിധിയാണ്. ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പൊലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിക്കകത്തുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതിയാണ് ചാവക്കാട് സിവിൽ കോടതി. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നതും ഈ കോടതിയിലാണ്.
എന്നാൽ ഈ രണ്ട് കോടതികളും തൃശൂരിൽ ആയതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.

കേസുകൾ കൂടുതലായതിനാൽ തന്നെ ആയതിനനുസരിച്ചുള്ള അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശൂർ കോടതിയിലാണ്. അതുകൊണ്ടുതന്നെ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും അപ്പീലുകളും തീർപ്പാക്കാൻ പൊതുജനം 35 കിലോമീറ്റർ ദൂരമുള്ള തൃശൂർ കോടതിയെ ആണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതോടെ ഇതിന് പരിഹാരമാകും.

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു

0

 

കനത്തമഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തല്ക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. വാഹനഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്.

പൂർണ്ണമായും ബണ്ട് റോഡ് അരികുകെട്ടി പുനർനിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. എന്നാലിപ്പോൾ
പുഴയിൽ വെള്ളമുയർന്നു ഷട്ടർ ഉയർത്തേണ്ടി വരുമ്പോൾ റോഡ് കൂടുതൽ ഇടിയാനും കാറളം പ്രദേശത്തേക്ക് പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തിര പ്രവൃത്തികൾക്കാണ് തുക.

എത്രയും പെട്ടെന്ന് ഈ പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

മഴക്കാല തയ്യാറെടുപ്പുകൾ വിലയിരുത്തി ഉന്നതതല യോഗം

0

 

തൃശൂർ ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കാല പൂർവ്വ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ അതാത് വകുപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എംഎൽഎമാരുടെ  നേതൃത്വത്തിൽ  മണ്ഡലാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ച് നടപടികൾ കൈക്കൊള്ളണം.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കുന്നിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ച് ആലോചന യോഗം ചേരണം. മരം മുറിക്കൽ ഉൾപ്പെടെയുള്ള പരാതികൾ ലഭിക്കുമ്പോൾ അടിയന്തര നടപടികളെടുക്കണമെന്നും പഞ്ചായത്ത് തലത്തിൽ ആർ ആർ ടി സംഘം ഉൾപ്പെടെ സജ്ജമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു. വാട്ടർ അതോറിറ്റി, ഇറിഗേഷൻ, പി ഡബ്യുഡി തുടങ്ങി വകുപ്പുകൾ ബന്ധപ്പെട്ട യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും പൂർത്തീകരിക്കാതെ കിടക്കുന്ന പ്രവൃത്തികളിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തന്നെ
മഴക്കാല പൂർവ്വ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മഴയുടെ പശ്ചാത്തലത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃഷി നാശം ഉണ്ടായവരുടെ വിവരങ്ങൾ  എത്രയും വേഗം ഉദ്യോഗസ്ഥർ ശേഖരിക്കണമെന്നും അവരെ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ഡല തലത്തിൽ എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേരുമ്പോൾ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മഴയുടെ പശ്ചാത്തലത്തിൽ വ്യഷ്ടി പ്രദേശങ്ങളിലും താഴ്ന്ന് കിടക്കുന്ന സ്ഥലങ്ങളിലും അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്. മഴ മുന്നറിയിപ്പുള്ളതിനാൽ അതാത് വകുപ്പ് തലവൻമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കേണ്ട വിഷയങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കെ എസ് ഇ ബി അധികൃതർ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും മറ്റും അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.

കോർപ്പറേഷൻ തലത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മേയർ എം കെ വർഗീസ് യോഗത്തിൽ അറിയിച്ചു. ആർ ആർ ടി ഉൾപ്പെടെയുള്ള സംഘം സജ്ജമാണ്. കോർപ്പറേഷൻ പരിധിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു. മലയോര മേഖല, കുന്നിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ, തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ സംബന്ധിച്ച എം എൽ എമാർ ഉൾപ്പെടെ യോഗത്തിൽ അറിയിച്ചു.

പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി,  കിഫ്ബി ഉൾപ്പടെയുള്ളവർ മാറ്റിവച്ചിരിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണം. അപകടകരമായ അവസ്ഥയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിക്കാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണം. നദികളിലെ പോളകൾ, അഴുക്കുകൾ എന്നിവ  കഴിയുന്നത്ര വേഗത്തിൽ നീക്കം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.

അവലോകന യോഗത്തിൽ ജില്ലയിലെ എം എൽ എ മാർ, പഞ്ചായത്ത് പ്രതിനിധികൾ, ദുരന്തനിവാരണ അതോറിറ്റി  ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ആർ ഡി ഒ പി എ വിഭൂഷണൻ, തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജൽ ജീവൻ മിഷൻ വൊളന്റിയർ നിയമനം

0

 

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ഡിസൈനിംഗ് എൻജിനീയറെ നിയമിക്കുന്നു. 179
ദിവസത്തേയ്ക്ക് പ്രതിദിനം 1,425  രൂപ നിരക്കിലാണ് നിയമനം. സിവിൽ എൻജിനീയറിംഗിൽ ബി.ടെക് ആണ്  യോഗ്യത. കേരള വാട്ടർ അതോറിറ്റിയിൽ 4 മാസത്തിൽ കുറയാത്ത EPANETൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഡിസൈനിങ്ങിൽ പ്രവർത്തി പരിചയം വേണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 21ന് രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്.

കുഷ്ഠരോഗ നിർമ്മാർജ്ജനം: പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കുന്നു

0

 

കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയ്നിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല എകോപന സമിതി യോഗം ചേർന്നു. കുട്ടികളിൽ സമയബന്ധിതമായി രോഗം കണ്ടെത്തി ചികിത്സ തുടങ്ങേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം സമൂഹത്തിൽ അംഗവൈകല്യം ബാധിച്ച കുട്ടികളുടെ എണ്ണം വർദ്ധിക്കുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എത്രയും വേഗം നടത്താൻ യോഗത്തിൽ കലക്ടർ ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് ഉടൻ തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ 40 വർഷമായി ഫലപ്രദമായ ചികിത്സ ഈ അസുഖത്തിന് ഉണ്ടെങ്കിലും ഇതിനെ കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങളിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബാലമിത്ര ക്യാമ്പയിന്റെ പ്രചാരണം മികച്ച രീതിയിൽ നടത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് പുറമെ ഫീൽഡ് തല പ്രവർത്തനങ്ങളും ഉർജ്ജിതമാക്കണമെന്നും ആദിവാസി, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ പ്രചാരണത്തിന് പ്രത്യേക പരിഗണന നൽകണമെന്നും കലക്ടർ പറഞ്ഞു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ശരിയായ രീതിയിൽ കുഷ്ഠരോഗ പരിശോധന നടത്താൻ സാധിക്കാത്തത് കുട്ടികളിലെ രോഗബാധ കണ്ടെത്തുന്നതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ ടി പ്രേമകുമാർ അറിയിച്ചു

കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് , സംസ്ഥാനത്തെ എല്ലാ കുട്ടികളെയും രോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം പ്രാരംഭത്തിലെ കണ്ടുപിടിച്ചു ഭേദമാക്കുകയും ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പരിപാടി ആണ് ബാലമിത്ര ക്യാമ്പയ്ൻ. ആദ്യഘട്ടത്തിൽ അങ്കണവാടി കുട്ടികളിലാണ് രോഗ നിർണ്ണയ പരിപാടി നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ അങ്കണവാടി പ്രവർത്തകരിലൂടെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുഷ്ഠരോഗത്തെ കുറിച്ച് അവബോധം നൽകുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. കുഷ്ഠരോഗം സംശയിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ച്‌ മെഡിക്കൽ ഓഫീസർമാരുടെ തുടർപരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ വിവിധ ഔഷധ ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും അംഗവൈകല്യം സംഭവിക്കുന്നതു തടയുകയും ചെയ്യുന്നു. അടുത്ത ഘട്ടത്തിൽ സ്കൂൾ അധ്യാപകർക്കു പരിശീലനം നൽകി സ്കൂൾ കുട്ടികളിലെയും കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ നൽകും.

ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി പ്രേമകുമാർ, ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ നസീബ്ദീൻ എസ് ആരോഗ്യ വകുപ്പ് , വനിത ശിശു വികസന വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് , സാമൂഹ്യ നീതി വകുപ്പ് , പഞ്ചായത്ത് വകുപ്പ് , നെഹ്രു യുവ കേന്ദ്ര , പട്ടിക ജാതി / പട്ടിക വർഗ്ഗ വികസന വകുപ്പ് , തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ
പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ
പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ
പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ

തൃശ്ശൂര്‍ ലേണിംഗ് സിറ്റി

വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശ്ശൂര്‍ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യപനം ഇന്ന് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കേരളത്തിന്‍റെ പൂരനഗരിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്. പഠന നഗരമെന്ന നിലയില്‍ തൃശ്ശൂര്‍ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതുഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുന്ന ആഗോളപദ്ധതിയിലേയ്ക്കാണ് തൃശ്ശൂരിനെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് ആസ്ഥാന മായ ഗ്ലോബല്‍ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ്(ജി.ഡി.സി.എ.) എന്ന അന്താരാഷ്ട്ര പ്രസ്ഥാനം ലോകത്താകെയുള്ള 20 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലേയ്ക്ക് ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകനഗരമാണ് തൃശ്ശൂര്‍. സ്ട്രീറ്റ്സ് ഫോര്‍ കിഡ്സ് ലീഡര്‍ഷിപ്പ് ആക്സിലറേറ്റര്‍ എന്ന പേരിലുള്ള പദ്ധതി തൃശ്ശൂര്‍ കോര്‍പ്പറേഷനും കിലയും തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗും ചേര്‍ന്നാണ് നടപ്പാക്കുക. ഈ മാസം 25-ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പദ്ധതിരേഖയുടെ മികവു കണക്കാക്കി അന്താരാഷ്ട്ര സഹായധനവും ലഭിക്കും. ആഗോളതലത്തില്‍ ലഭിച്ച 90 അപേക്ഷകളില്‍ നിന്നാണ് തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള 20 നഗരങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗോള ലക്ഷ്യം നിറവേറ്റാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. എട്ടുവയസ്സുവരെ ശരിയായ അനുഭവം ലഭിക്കുമ്പോള്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുങ്ങുമെന്നാണ് ശാസ്ത്രീയ സങ്കല്‍പ്പം. ഇതിനായി വീട്ടില്‍ നിന്നുമാത്രമല്ല, വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലുമൊക്കെ കുട്ടികള്‍ക്ക് പിന്തുണ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. കുട്ടിക്കാലത്തെ അനുഭവങ്ങളെ ശരിയായ ദിശയില്‍ വാര്‍ത്തെടുക്കാന്‍ പ്രാദേശികമായും അന്തരീക്ഷ മുണ്ടാക്കുക എന്നതാണ് ഈ പദ്ധതി നടപ്പിലാക്കുന്നതുവഴി കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.   തേക്കിന്‍കാട് മൈതാനം പോലെ നഗരത്തിലെ രണ്ടോ മൂന്നോ പൊതുഇടങ്ങള്‍ പദ്ധതിയ്ക്കായി തിരഞ്ഞെടുക്കും. കളിക്കാന്‍ മാത്രമല്ല വിജ്ഞാനം, വ്യക്തിത്വ വികാസം, സര്‍ഗ്ഗശേഷി, യുക്തിബോധം, ശാരീരിക ക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ കൂടി കുട്ടികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്ന തരത്തില്‍ ഈ സ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, സുരക്ഷയുറപ്പാക്കാന്‍ റോഡുകളും തെരുവുകളും പുനര്‍രൂപകല്‍പന ചെയ്യുക എന്നിവ നടപ്പിലാക്കുമെന്നും ആഗോളഭൂപടത്തില്‍ തൃശ്ശൂര്‍ ഇടംപിടിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മേയര്‍ എം.കെ.വര്‍ഗ്ഗീസ് പ്രഖ്യാപന ചടങ്ങില്‍ അറിയിച്ചു.