ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി: ചെന്നിത്തല

അതിരപ്പിള്ളി:ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതിരപ്പിള്ളി പി.ടി.തോമസ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തും, കടമെടുപ്പും, അഴിമതിയും ജനവിരുദ്ധതയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖ മുദ്രയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് പതാക ഉയര്‍ത്തി ക്യാമ്പിന്റെ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ. ജനീഷ് അധ്യക്ഷനായി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍,ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂര്‍,രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു,സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്,പി.എന്‍. വൈശാഖ്,റിജില്‍ മാങ്കുറ്റി,അഡ്വ. ആബിദ് അലി,ശോഭ സുബിന്‍, അഡ്വ. സി.പ്രമോദ്, അഭിലാഷ് പ്രഭാകര്‍, ജെലിന്‍ ജോണ്‍, അനില്‍ പരിയാരം, എച്.എം നൗഫല്‍, അനീഷ ശങ്കര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ കെ.എസ്. ശബരിനാഥന്‍,റോയ് മാത്യു,ഷാരിസ് മുഹമ്മദ്,എം. ലിജു ക്ലാസുകള്‍ നയിച്ചു.രാത്രി വൈകി നടന്ന പ്രമേയ ചര്‍ച്ച കളില്‍ സംഘടന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.എസ്. ശ്യാംകുമാര്‍,രാഷ്ട്രീയ പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മോഹന്‍ എന്നിവര്‍ അവതരിപ്പിച്ചു.

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; വിടപറഞ്ഞത് പാട്ടിന്റെ ഹരിതചാരുത

കോട്ടയം: മലയാളക്കരയുടെ മനോഹാരിത വാക്കുകളില്‍ ചാലിച്ച് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നാളെ. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു.
അറുപതോളം സിനിമകള്‍ക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയില്‍ പലതും വന്‍ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനല്‍ നാടകങ്ങളടക്കം നാല്‍പതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘ഒന്നാംകിളി പൊന്നാണ്‍കിളി… ‘, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.
മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തില്‍ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആര്‍. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരില്‍ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാര്‍ പ്രസാദ് എന്നു പരിഷ്‌കരിച്ചത്. ചെറുപ്പത്തില്‍ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കുട്ടിക്കാലം മുതല്‍ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സില്‍ ആട്ടക്കഥയെഴുതിയിട്ടുണ്ട്.
പിന്നീട് ‘ഷഡ്കാല ഗോവിന്ദമാരാര്‍’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമല്‍സരത്തില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിര്‍വാദത്തോടെ അതു സിനിമയാക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തില്‍ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തില്‍ ജോണ്‍ പോളിന്റെ സഹായിയുമായി.
പ്രിയദര്‍ശന്റെ ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോല്‍സവം’ എന്ന സിബി മലയില്‍ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകള്‍ ആകാശവാണി തിരഞ്ഞെടുത്തപ്പോള്‍ അതില്‍ രണ്ടാമത് ഈ ഗാനമായിരുന്നു. ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും അടക്കം ഇരുനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 15 വര്‍ഷത്തോളം ചാനല്‍ അവതാരകനായിരുന്നു. ചന്ദ്രോല്‍സവം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.

 

സ്‌കൂള്‍ കലോത്സവം; പരിപാടികള്‍ സമയബന്ധിതമായി നടത്തും: വി.ശിവന്‍കുട്ടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ന് 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായി.
ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണം. ഇക്കാര്യത്തില്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. മൂന്നു തവണ വിളിച്ചു കഴിഞ്ഞിട്ടും മത്സരാര്‍ഥി വേദിയില്‍ എത്തിയില്ലെങ്കില്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി.
ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ ഭാഗമായായിരുന്നു സംഭാഷണം. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി20ന്റെ അധ്യക്ഷപദത്തില്‍ എത്തിയത്. കൂട്ടായ്മയുടെ അടുത്ത യോഗം സെപ്റ്റംബര്‍ 9, 10 തീയതികളിലാണ്.
യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തത്തെ ഇരുവരും വിലമതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ജീവനുള്ള പാലമാണ്’ ഇന്ത്യന്‍ സമൂഹമെന്നും വിലയിരുത്തി. ചാള്‍സ് മൂന്നാമന്റെ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.

മാളികപ്പുറത്തേത് തീപിടിത്തം; വീണ്ടും വിശദമായ പരിശോധന നടത്തണം

പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം കതിനക്കളത്തിലുണ്ടായത് തീപിടിത്തമെന്ന് പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. വീണ്ടും വിശദമായ പരിശോധന നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഹൈക്കോടതിക്കും നല്‍കും.
കഴിഞ്ഞ ദിവസം കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മാളികപ്പുറം ഇന്‍സിനറേറ്ററിന്റെ ഭാഗം കുലുങ്ങി. തീ ആളിക്കത്തിയത് തൊട്ടടുത്ത മരത്തിലേക്കും പടര്‍ന്നു.

ജംഷഡ്പൂരിനെ അടിച്ചിട്ട് കൊമ്പന്‍മാര്‍, ബ്ലാസ്റ്റേഴ്‌സിന് എട്ടാം വിജയം,സ്‌കോര്‍: 3-1

കൊച്ചി: ജംഷഡ്പൂരിനെ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം വിജയം. 12 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നെണ്ണം മാത്രം തോറ്റ ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തലസ് ജിയാനു (9ാം മിനിറ്റ്), ദിമിത്രിയോസ് ഡയമെന്റകോസ് (31, പെനല്‍റ്റി), അഡ്രിയന്‍ ലൂണ (65) എന്നിവര്‍ ഗോളുകള്‍ നേടി. ജംഷഡ്പൂരിന്റെ ഏകഗോള്‍ നൈജീരിയന്‍ താരം ഡാനിയല്‍ ചിമ സ്വന്തമാക്കി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു (10)
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ ഒന്‍പതാം മിനിറ്റില്‍ ഗ്രീക്ക് ഓസ്‌ട്രേലിയ സഖ്യനീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളെത്തിച്ചത്. ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ തകര്‍പ്പന്‍ നീക്കം ജംഷഡ്പൂര്‍ വലയില്‍. ജിയാനുവിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി. അതുവരെ ഗോള്‍ നേടുന്നതിനായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ നിരന്തര പരിശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തി.
17ാം മിനിറ്റിലെ സമനില ഗോള്‍ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം കയറിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് കിട്ടിയ പന്ത് ഡാനിയല്‍ ചിമ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഇടം കാല്‍ ഷോട്ട് ചാടി തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലെസ്‌കോ ശ്രമിച്ചു. പക്ഷേ ലെസ്‌കോയുടെ കാലില്‍ തട്ടി പന്ത് വലയില്‍. സ്‌കോര്‍ 11.
ബ്ലാസ്റ്റേഴ്‌സിന്റെ പെനല്‍റ്റി ഗോള്‍ 31ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം തടയുന്നതിനിടെ പെനല്‍റ്റി ഏരിയയില്‍ ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിന്റെ ഹാന്‍ഡ് ബോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചതോടെ റഫറി പെനല്‍റ്റി അനുവദിച്ചു. ദിമിത്രിയോസിന്റെ ഇടം കാല്‍ കിക്ക് വലയുടെ ഇടതുമൂലയില്‍ ചെന്നുവീണു.
ലൂണയുടെ ഗോള്‍ ജംഷഡ്പൂര്‍ ബോക്‌സില്‍ ലൂണയുടെ തകര്‍പ്പന്‍ കളി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു പാസ് നല്‍കി ജംഷഡ്പൂര്‍ ബോക്‌സിലെത്തിയ ലൂണയ്ക്കു ഷോട്ടെടുക്കുംമുന്‍പ് അടിക്കാന്‍ പാകത്തില്‍ വച്ചു നല്‍കിയത് അപോസ്തലസ് ജിയാനു. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ലൂണയുടെ ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ വലയുടെ ഇടതുമൂലയില്‍ പതിച്ച് ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലെ ഏക ഗോളും ലൂണയുടേതാണ്. സ്‌കോര്‍ 31
അപ്പോസ്തലസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ദാനിയല്‍ ചീമയിലൂടെ ജംഷഡ്പൂര്‍ സമനില കാണുകയും, ദിമിയുടെ പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് പിടിക്കുകയും ചെയ്തതാണ് ആദ്യ പകുതിയുടെ ആകെത്തുക. നിരന്തരമായ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ജംഷഡ്പൂര്‍ മുന്നേറ്റങ്ങള്‍ ഏതാനും കൗണ്ടറുകളില്‍ ഒതുങ്ങി. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡില്‍ തന്നെ പന്ത് ജംഷഡ്പൂര്‍ ബോക്‌സിലേക്ക് എത്തിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസല്‍ കര്‍ണെയ്‌റോയുടെ ശ്രമം ത്രോ ഇന്നില്‍ അവസാനിച്ചു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ കോര്‍ണര്‍ കിക്കെടുത്ത അഡ്രിയന്‍ ലൂണ പന്ത് സഹലിന് നല്‍കിയെങ്കിലും മികച്ചൊരു മുന്നേറ്റം സാധ്യമായില്ല. പിന്നാലെയെത്തിയ രണ്ട് കോര്‍ണറുകളും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലെത്തിച്ചില്ല.
22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് യുവതാരം കെ.പി. രാഹുലിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളിനായുള്ള ശ്രമം പുറത്തേക്കുപോയി. ജിയാനു ബോക്‌സിനു മധ്യത്തില്‍നിന്നെടുത്ത ഇടം കാല്‍ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പുറത്തേക്കു പോയി. 44ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഷോട്ട് ജംഷഡ്പുര്‍ ഗോള്‍ വലയ്ക്കു ഭീഷണിയാകാതെ പുറത്തേക്കുപോയതും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നിരാശയായി. രണ്ടു മിനിറ്റായിരുന്നു ആദ്യ പകുതിയുടെ അധിക സമയം. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം കെ.പി. രാഹുലിനെ ഫൗള്‍ ചെയ്തതിന്, ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കുറച്ചൊന്നു പ്രതിരോധത്തിലാക്കി. ജംഷഡ്പൂര്‍ താരം ദാനിയല്‍ ചീമയെ ലക്ഷ്യമാക്കിയുള്ള പണ്ഡിതയുടെ ക്രോസ് പക്ഷേ പരാജയപ്പെട്ടുപോയി. 59ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ പവര്‍ഫുള്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോളി പണിപ്പെട്ട് ബാറിനു മുകളിലേക്കു തട്ടിയിട്ട് രക്ഷപെടുത്തി. തുടര്‍ന്ന് സമനില ഗോള്‍ നേടാനുള്ള ജംഷഡ്പൂരിന്റെ ഏതാനും നീക്കങ്ങളും കൊച്ചിയില്‍ കണ്ടു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിരോധത്തിലും കോട്ട കെട്ടിയതോടെ അവയെല്ലാം പാഴായി.
അഡ്രിയന്‍ ലൂണയിലൂടെ മൂന്നാം ഗോള്‍ വഴങ്ങിയതോടെ ജംഷഡ്പൂര്‍ എഫ്‌സി ആദ്യ മാറ്റം കൊണ്ടുവന്നു. മുഹമ്മദ് ഉവൈസിനു പകരം ലാല്‍ദിന്‍പുയും ബോറിസ് സിങ്ങിനു പകരം റിത്വിക് ദാസും വന്നു. തൊട്ടുപിന്നാലെ ഇരട്ട സബ്സ്റ്റിറ്റിയൂഷനുമായി കേരള ബ്ലാസ്റ്റേഴ്‌സുമെത്തി. സഹലും ജിയാനുവും പുറത്തേക്കു പോയപ്പോള്‍ പകരം വന്നത് നിഹാല്‍ സുധീഷും വിക്ടര്‍ മോംഗിലും. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പകരക്കാരന്‍ യുവതാരം നിഹാല്‍ സുധീഷിന്റെ മിന്നല്‍ നീക്കങ്ങള്‍ ജംഷഡ്പൂരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
72ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം ലാല്‍ദിന്‍ലിയാന റെന്ത്‌ലിയുടെ ബോക്‌സിനു വെളിയില്‍നിന്നുള്ള വലം കാല്‍ ഷോട്ട് മിസ്സില്‍ കലാശിച്ചു. 77ാം മിനിറ്റില്‍ നിഷുകുമാറിന്റെ പാസില്‍ മലയാളി ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ മികച്ചൊരു ഷോട്ടും പാഴായി. ബോക്‌സിനു മധ്യത്തില്‍നിന്നുള്ള ഇടം കാല്‍ ഷോട്ട് ഉയര്‍ന്നു പൊങ്ങി പുറത്തേക്കുപോയി. കളിയുടെ വേഗത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് രാഹുലിനെ പിന്‍വലിച്ചു, പകരം വന്നത് മിന്നല്‍ നീക്കങ്ങള്‍ക്കു പേരുകേട്ട ബ്രൈസ് മിറാന്‍ഡയാണ്. മത്സരം അവസാന മിനിറ്റിലെത്തിയതോടെ പന്ത് പിടിച്ച് കളിക്കുകയെന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം. അഞ്ച് മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ കളി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സീസണിലെ തങ്കത്തിളക്കമുള്ള മറ്റൊരു വിജയം.

പുതുവര്‍ഷദിനത്തില്‍ തൃശൂര്‍ കുന്നംകുളത്ത് വന്‍ കവര്‍ച്ച

കുന്നംകുളത്ത്:കുന്നംകുളത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച.വീട് കുത്തിത്തുറന്ന് 80 പവനോളം സ്വര്‍ണം മോഷ്ടിച്ചു. കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗറില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ രാജന്റെ ഭാര്യ ദേവി വീട് പൂട്ടി കല്യാണത്തിന് പോയതായിരുന്നു.
തിരികെ മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നോക്കുമ്പോഴാണ് സ്വര്‍ണ്ണം നഷ്ടമായതായി കാണുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുകളിലത്തെ നിലയിലെ വാതില്‍ തുറന്നാണ് കള്ളന്‍ അകത്ത് കയറിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എതോപ്യയില്‍ ജോലി ചെയ്യുന്ന രാജന്റെ ഭാര്യ എല്‍.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. വീട്ടില്‍ തനിച്ചാണ് താമസം.വീടുമായി ബന്ധമുള്ളവരോ, വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് അറിയുന്നവരോ ആണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

തിരുവമ്പാടിയില്‍ ഇന്ന് സ്വര്‍ഗ്ഗവാതില്‍ ഏകാദശി, ഭക്തിസാന്ദ്രമായി പഞ്ചരത്‌ന കീര്‍ത്തനാലാപനം

തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടപദി. 6.45 മുതല്‍ ജ്ഞാനപ്പാന, നാരായണീയ പാരായണം, 8.30ന് അഞ്ചാനപ്പുറത്ത് ഉഷശീവേലി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. ഉച്ചയ്ക്ക് 1.30ന് ഓട്ടന്‍തുള്ളല്‍, വൈകീട്ട് 4ന് അക്ഷരശ്ലോകസദസ്സ്, അഞ്ച് ഭക്തിപ്രഭാഷണം, വൈകീട്ട് ആറിന് പഞ്ചവാദ്യം, ദീപാരാധന, വൈകീട്ട് ഏഴിന് തിരുവാതിരക്കളി, രാത്രി ഒന്‍പതിന് ഏകാദശി വിളക്കാചാരം, വിശേഷാല്‍ തായമ്പക തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം, 11.30ന് ഭഗവതിയുടെ കളംപാട്ട് എന്നിവ ഉണ്ടായിരിക്കും. പുലര്‍ച്ചെ പന്ത്രണ്ടിന് തൃപ്പുകയ്ക്ക് ശേഷം നടയടക്കും. ഏകാദശി സംഗീതോത്സവം ഇന്നലെ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സമാപിച്ചു. ചേപ്പാട് എ. ഇ വാമനന്‍ നമ്പൂതിരി, നീലാമ്പാള്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ വായ്പ്പാട്ടിലും സുധമാരാര്‍ വയലിനിലും, കെ എം എസ് മണി, സനോജ് പൂങ്ങാട്, നവീന്‍ മുല്ലമംഗലം തുടങ്ങിയവര്‍ മൃദംഗത്തിലും, വീണയില്‍ പത്മ എസ് തമ്പുരാനും നേതൃത്വം നല്‍കി. സംഗീത വിദ്യാര്‍ത്ഥികളും ആസ്വാദകരും ആലാപനത്തില്‍ ഒപ്പം ചേര്‍ന്നു.

 

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു; പൊതുദര്‍ശനം തിങ്കളാഴ്ച

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.30നായിരിക്കും സംസ്‌കാരം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി.
1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു ‘ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്’ സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.
കൗമാരത്തില്‍ത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചതിനെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു. സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി.

 

ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ മലയാളികള്‍ കുടിച്ചത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം:ഖത്തറില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം ആഘോഷിക്കാന്‍ മലയാളികള്‍ കുടിച്ചത് 50 കോടിയോളം രൂപയുടെ മദ്യം.ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് അനുസരിച്ച് ഫൈനല്‍ നടന്ന കഴിഞ്ഞ ഞായറാഴ്ച 49.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സാധാരണ ഞായറാഴ്ചകളില്‍ 30 കോടിയാണ് ശരാശരി വില്‍പന. ഞായറാഴ്ച 20 കോടിയോളം രൂപയുടെ അധിക മദ്യം വിറ്റു. ഒരു സാധാരണ ദിവസം ഇത്രയും തുകയ്ക്ക് മദ്യം വില്‍ക്കുന്നത് അപൂര്‍വമാണ്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബര്‍ 31 ദിവസങ്ങളിലാണ് റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്നത്.