28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വികസന നിറവിൽ ഗുരുവായൂർ: ക്ഷേത്രനഗരിക്ക് പുതിയമുഖം

വായിരിച്ചിരിക്കേണ്ടവ

ജലബജറ്റ് നടപ്പിലാക്കിയ ഏക നഗരസഭ

അമൃത് പദ്ധതി അതിവേഗം പൂർത്തിയാക്കുന്നതിൽ സംസ്ഥാനത്ത് ഗുരുവായൂരിന് രണ്ടാം സ്ഥാനം

തീർത്ഥാടന നഗരിയായ ഗുരുവായൂരിന് ഇനി പുതിയമുഖം. അഴുക്കുചാലുകളും മാലിന്യക്കൂനകളും പഴങ്കഥകൾ മാത്രമാക്കി തലയുയർത്തി നിൽക്കുകയാണ് ഇന്നീ ക്ഷേത്രനഗരി. മാലിന്യസംസ്കരണം, നഗരവികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ-കായിക-കാർഷിക-വിദ്യാഭ്യാസ രംഗം, ലൈഫ് മിഷൻ എന്നിങ്ങനെ വിവിധ മേഖലകളിലും ‘ഗുരുവായൂർ മോഡൽ’ മാതൃകയാണ്. ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന ഗുരുവായൂരിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നഗരസഭ നഗരകാര്യ വകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നു. 203.10 കോടി രൂപയുടെ അമൃത് പദ്ധതി ഗുരുവായൂരിൽ പകുതിയിലേറെ പൂർത്തിയാക്കി കഴിഞ്ഞു. ഇതോടെ പദ്ധതി അതിവേഗം പൂർത്തിയാക്കിയ സംസ്ഥാനത്തെ നഗരങ്ങളിൽ രണ്ടാമതായി ഗുരുവായൂർ മാറി. ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ നീക്കി ബയോ പാർക്ക് ആക്കിയ ‘ഗുരുവായൂർ മാതൃക’ സംസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു.

ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതിയ ബസ് ടെർമിനലും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും ഗുരുവായൂരിന്റെ സ്വപ്ന പദ്ധതികളാണ്. ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ഐഡിയൽ ബസ് പാർക്കിംഗ് സംവിധാനം, എസ്കലേറ്ററുകൾ, പാർക്കിംഗ് ഏരിയ, ശീതീകരിച്ച റസ്റ്റോറന്റ്കൾ, മിനി തീയറ്ററുകൾ, കോൺഫ്രൻസ് ഹാൾ, ഷോപ്പിംഗ് മാളുകൾ എന്നിവയടങ്ങുന്ന ബസ് ടെർമിനലിന്റെ പ്രാഥമിക നിർമാണ നടപടികൾ പൂർത്തീകരിച്ചു. 37500 ചതുരശ്ര അടി വിസ്തീർണത്തിലാണ് 84 ഷോപ്പുകൾ അടങ്ങുന്ന ആധുനിക സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടസമുച്ചയം. നാല് ഫുഡ് കോർട്ടുകൾ, ആറ് ലിഫ്റ്റുകൾ, ഓപ്പൺ ഡൈനിങ് സംവിധാനം, 400 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ, വിശാലമായ പാർക്കിംഗ് എന്നിങ്ങനെ മികച്ച മാതൃകയിലാണ് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുന്നത്.

ഗുരുവായൂരിലെ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് പ്രസാദ് പദ്ധതിയുടെ ഭാഗമായി 13.42 കോടി ചിലവിലാണ് ഫെസിലിറ്റേഷൻ സെന്റർ നിർമിച്ചത്. കോഫി ഷോപ്പുകൾ, ബുക്ക് ഷോപ്പുകൾ, ഇന്റർനെറ്റ് കഫേ, ഡോർമെട്രികൾ, കോൺഫറൻസ് ഹാളുകൾ, കരകൗശല വിപണനശാല എന്നിവയടങ്ങുന്ന കേരളത്തിലെ തന്നെ മികവാർന്ന ഫെസിലിറ്റേഷൻ സെന്ററുകളിൽ ഒന്നാണ് ഗുരുവായൂരിലേത്. മൂന്നു കോടി ചെലവഴിച്ച് 13805 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായി തീർത്ഥാടകർക്കും യാത്രക്കാർക്കും പ്രാഥമിക സൗകര്യങ്ങൾക്കും വിശ്രമത്തിനുമായി അമിനിറ്റി സെന്റർ നിർമാണവും പൂർത്തീകരിച്ചു. മൾട്ടിലെവൽ പാർക്കിംഗ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുന്നു.

ഗുരുവായൂർക്കാർക്ക് പുറമെ നഗരത്തിലെത്തുന്ന ജനങ്ങൾക്കും ശുദ്ധജലസമൃദ്ധി ഉറപ്പാക്കി. ജലത്തെ ആസ്പദമാക്കി വികസന കാഴ്ചപ്പാട് മുന്നോട്ടു വെച്ച ഗുരുവായൂരിന്റെ 2017-18 ലെ ‘ജലബജറ്റ്’ ദേശീയ ശ്രദ്ധ നേടിയിരുന്നു. ജലഓഡിറ്റ് തയ്യാറാക്കുകയും പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.  2050 ഭാവി ഗുരുവായൂരിലെ ജല ആവശ്യകത ഉറപ്പുവരുത്തുന്നത് ലക്ഷ്യംവെച്ച് 151 കോടി രൂപയ്ക്ക് കേരളത്തിലെ ഏറ്റവും സമഗ്രമായ കുടിവെള്ള പദ്ധതി ഗുരുവായൂരിൽ വരുന്നു. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് 1.5 കോടി ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്.

ലോകം മുഴുവൻ കോവിഡ് ഭീതിയിലായിരുന്നപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്കായി ആദ്യ ക്വാറന്റീൻ സെന്ററുകൾ ഒരുക്കിയതും ഗുരുവായൂരാണ്. ലോക് ഡൗൺ കാലയളവിൽ ദിവസവും മൂവായിരത്തോളം പേർക്ക്‌ ഗുരുവായൂരിലെ സമൂഹ അടുക്കള ഭക്ഷണമെത്തിച്ചു. ലൈഫ് മിഷൻ വഴി ആയിരത്തിലേറെ വീടുകൾ നിർമിച്ച് സമ്പൂർണ പാർപ്പിട പദ്ധതി എന്ന ലക്ഷ്യത്തിലേക്ക് ഗുരുവായൂർ എത്തിനിൽക്കുന്നു. കൂടാതെ നഗര സൗന്ദര്യവൽക്കരണത്തിന് ബ്രഹ്മകുളം പാർക്ക് നിർമ്മാണം, ചാവക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണം, ഭഗത് സിംഗ് ഗ്രൗണ്ട് നവീകരണം, പൂക്കോട് സാംസ്കാരികനിലയം ഗ്രൗണ്ട് നവീകരണം, ഷീ ലോഡ്ജ്, പൂക്കോട്, ചൂൽപ്പുറം പാർക്കുകളുടെ നവീകരണം എന്നിവയും നടപ്പിലാക്കി വരുന്നു. പൂക്കോട്, തൈക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം, പ്രീപെയ്ഡ് ഓട്ടോ പോലുള്ള ജനങ്ങൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനായി ഒട്ടനവധി പ്രവർത്തനങ്ങൾ ഗുരുവായൂരിൽ പൂർത്തിയായി. എൻയുഎൽഎം പദ്ധതിയിൽ 3.75 കോടി ചിലവിൽ ഷോർട്ട് ഹോംസ്റ്റേ നിർമിക്കും.

നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിട്ടു ക്രിമിറ്റോറിയം നവീകരിച്ചു. പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റി മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിൽ ശൗചാലയം, ഇന്നർ റിങ് റോഡിലെ നടപ്പാത, സൗന്ദര്യവൽക്കരണം, പാർക്കുകൾ എന്നിവയുടെ നിർമാണ നടപടികൾ സ്വീകരിച്ചു വരുന്നു. നഗരസഭയിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -