27 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പെട്രോളിയം കൊള്ളയില്‍ ജനങ്ങള്‍ക്കു നഷ്ടം നാലര ലക്ഷം കോടി

വായിരിച്ചിരിക്കേണ്ടവ

കൊച്ചി/കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില അനുദിനം ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വിലയില്‍ ഒരു രൂപയുടെ പോലും ഇളവ് അനുവദിക്കാതെ നരേന്ദ്ര മോദി സര്‍ക്കാര്‍. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് ഇന്നലെ 78 ഡോളര്‍ വരെ വില കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒപ്പെക്, ബ്രന്റ്. ഡബ്ല്യുടിഐ ക്രൂഡ് വിലയില്‍ ക്രമമായ കുറവ് സംഭവിച്ചപ്പോഴും പെട്രോളിനും ഡീസലിനും പാചക വാതകത്തിലും വില ഉയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇപ്പോഴത്തെ നിരക്കില്‍ ഇന്ധനങ്ങള്‍ ലിറ്ററിനു ശരാശരി 15 രൂപ കുറച്ചാലും എണ്ണക്കമ്പനികള്‍ ലാഭമുണ്ടാക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുമ്പോഴാണ് പ്രതിവര്‍ഷം നാലര ലക്ഷം കോടി രൂപയുടെ ഇന്ധന കൊള്ളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ എറിഞ്ഞു കൊടുക്കുന്നത്. ഗുജറാത്ത്, ഹരിയാന തെരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബര്‍ എട്ടിനു ശേഷം എണ്ണവില ഉയരാനുള്ള സാധ്യതയും എണ്ണക്കമ്പനികള്‍ തള്ളിക്കളയുന്നില്ല.
കഴിഞ്ഞ മാര്‍ച്ച് 21ന് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടിയില്‍ എട്ടു രൂപയും ഡീസലിന് ആറ് രൂപയും കുറച്ചതല്ലാതെ എണ്ണവിലയില്‍ കുറവ് വരുത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ അതും ചെയ്തില്ല. അതിന്റെ ഭാരവും ജനങ്ങളുടെ ചുമലിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പെട്രോളിയം നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയത്. സമാനമായ തരത്തില്‍ ഗുജറാത്ത്, ഹരിയാന തെരഞ്ഞെടുപ്പിനു മുന്‍പും ഇളവുണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടയ്ക്കാണ് വിലവര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2014ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍110 ഡോളര്‍ വരെ ആയിരുന്നു ക്രൂഡ് വില. അന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.41 രൂപയും ഡീസലിന് 55.49 രൂപയുമായിരുന്നു വില. എന്നാലിപ്പോള്‍ ക്രൂഡിനു വില 78 ഡോളര്‍ മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്രൂഡ് വിലയില്‍ 25 ശതമാനം വരെ ഇടിവുണ്ടായി. പക്ഷേ അതിന്റെ ഗുണം ഉപയോക്താക്കള്‍ക്കു കിട്ടുന്നില്ല. ക്രൂഡിന്റെ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി ഇന്ധനവില ക്രമപ്പെടുത്തണമെന്ന ഉറപ്പിലാണ് 2014 ഒക്‌റ്റോബര്‍ 19നു ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്ന് എടുത്തു മാറ്റിയത്.
ക്രൂഡ് വിലക്കുറവ് പരിഗണിച്ച് ഇതിനകം ഇന്ധനങ്ങള്‍ ലിറ്ററിന് ശരാശരി 15 രൂപ വില കുറയ്ക്കാെമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ രാജ്യത്ത് പ്രതിദിനം അഞ്ച് ദശലക്ഷം ബാരല്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം 159 ലിറ്ററാണ് ഒരു ബാരല്‍. ലിറ്ററിന് 15 രൂപ കുറഞ്ഞാല്‍ പ്രതിദിനം ഏകദേശം 1,200 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു ലഭിക്കുക. അതായത് ഒരു വര്‍ഷം 4,38,000 കോടി രൂപ.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -